| Friday, 11th October 2024, 2:04 pm

ഓട്ടോ ഡ്രൈവറുടെ ആത്മഹത്യ; ആരോപണ വിധേയനായ എസ്.ഐ മറ്റൊരു ഓട്ടോക്കാരനേയും കൈയേറ്റം ചെയ്തു

ഡൂള്‍ന്യൂസ് ഡെസ്‌ക്

കാസര്‍ഗോഡ്: പൊലീസുകാര്‍ ഓട്ടോ പിടിച്ചുവെച്ചതില്‍ മനംനൊന്ത് ഓട്ടോ ഡ്രൈവര്‍ ആത്മഹത്യ ചെയ്തതിന് കാരണക്കാരനായ പൊലീസുകാരനെതിരെ വീണ്ടും ആരോപണം. ആരോപണ വിധേയനായ എസ്.ഐ അനൂപ് മറ്റൊരു ഓട്ടോക്കാരനായ നൗഷാദിനെ കൈയേറ്റം ചെയ്തതായാണ് പരാതി. തന്നെ എസ്.ഐ അനൂപ് കൈയേറ്റം ചെയ്‌തെന്ന് നൗഷാദ് മാധ്യമങ്ങളോട് വെളിപ്പെടുത്തിയിരുന്നു. ഇതിനെ സാധൂകരിക്കുന്ന വീഡിയോയാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. വീഡിയോയില്‍ ഓട്ടോ ഡ്രൈവറുടെ ഷര്‍ട്ടിന്റെ കോളറയ്ക്ക് പിടിച്ച് വലിച്ച് എസ്.ഐ നൗഷാദിനെ ജീപ്പില്‍ കയറ്റാന്‍ ശ്രമിക്കുന്നതായി കാണാം.

ഓട്ടോക്കാരനെതിരെ പരാതിയുണ്ടെന്നും അതിനാല്‍ അയാള്‍ കൂടെ വരണമെന്നുമാണ് എസ്.ഐ  പറയുന്നത്. എന്നാല്‍ എന്താണ് കാരണമെന്ന് വെളിപ്പെടുത്തുന്നില്ല. എന്നാല്‍ താന്‍ ആരെയെങ്കിലും കൊന്നിട്ടുണ്ടോ അതോ കഞ്ചാവ് ഉപയോഗിച്ചിട്ടുണ്ടോ എന്ന് ഡ്രൈവര്‍ ചോദിക്കുമ്പോള്‍ വണ്ടിക്കകത്ത് കയറാന്‍ പറഞ്ഞാല്‍ കയറിയിരിക്കണമെന്നാണ് എസ്.ഐ മറുപടി പറയുന്നത്.

ദിവസങ്ങള്‍ക്ക് മുമ്പാണ് പൊലീസ് വാഹനം പിടിച്ചെടുത്തതിന് പിന്നാലെ കാസര്‍ഗോഡ് സ്വദേശിയായ ഓട്ടോ ഡ്രൈവറെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുന്നത്. അബ്ദുല്‍ സത്താര്‍ (55) ആണ് മരിച്ചത്. പിടിച്ചെടുത്ത ഓട്ടോറിക്ഷ പൊലീസ് വിട്ടുനല്‍കാത്തതിനെ തുടര്‍ന്നാണ് സത്താര്‍ ആത്മഹത്യ ചെയ്തത്‌.

ആത്മഹത്യ ചെയ്യുന്നതിന് മുന്നോടിയായി പൊലീസില്‍ നിന്നും നേരിട്ട ദുരനുഭവങ്ങള്‍ ചൂണ്ടിക്കാട്ടി സത്താര്‍ ഒരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരുന്നു. തന്റെ വാക്കുകള്‍ കേള്‍ക്കാന്‍ പൊലീസ് തയ്യാറാവാതിരുന്നതില്‍ വേദനയുണ്ടെന്നാണ് സത്താര്‍ വീഡിയോയില്‍ പറഞ്ഞിരുന്നത്.

ഓട്ടോറിക്ഷ തന്റെ ഉപജീവനമാര്‍ഗമായിരുന്നുവെന്നും ഓട്ടോ ഇല്ലാത്തതിനാല്‍ ചെലവിന് ബുദ്ധിമുട്ടുണ്ടെന്നും അദ്ദേഹം വീഡിയോയില്‍ ചൂണ്ടിക്കാട്ടി. പൊലീസ് നടപടിയില്‍ പരാതിയുമായി താന്‍ നേരെ എസ്.പി ഓഫീസില്‍ പോയെന്നും അവിടെയുള്ള ഉദ്യോഗസ്ഥര്‍ തന്നോട് ഡി.വൈ.എസ്.പിയുടെ അടുത്ത് പോകാന്‍ പറഞ്ഞെന്നും സത്താര്‍ വീഡിയോയില്‍ പറഞ്ഞിരുന്നു. പരാതിയുമായി ഡി.വൈ.എസ്.പിയെ സമീപിച്ചുവെന്നും വീഡിയോയില്‍ പറയുന്നുണ്ട്.

വണ്ടി വാങ്ങിത്തന്നത് ഒരു സുഹൃത്താണെന്നും 25000 രൂപ മാത്രമേ അവന് കൊടുത്തിട്ടുള്ളുവെന്നും സത്താര്‍ പറഞ്ഞിരുന്നു. സുഹൃത്തിന്റെ പേരിലാണ് വണ്ടിയെടുത്തതെന്നും ഇന്ന് വാ നാളെ വാ എന്ന് പറഞ്ഞ് പൊലീസ് ഉദ്യോഗസ്ഥര്‍ ചൂഷണം ചെയ്യുകയാണെന്നുമാണ് സത്താര്‍ വീഡിയോയിലൂടെ അറിയിച്ചത്.

തുടര്‍ന്നാണ് സത്താറിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. അബ്ദുല്‍ സത്താറിന്റെ മരണവിവരം പുറത്തുവന്നതോടെ കാസര്‍ഗോഡ് പൊലീസ് സ്റ്റേഷന് മുന്നില്‍ ഓട്ടോ ഡ്രൈവര്‍മാര്‍ പ്രതിഷേധിക്കുകയുണ്ടായി. സത്താറിന്റെ മരണത്തെ തുടര്‍ന്ന് എസ്.ഐ അനൂപിനെ സ്ഥലം മാറ്റിയിരുന്നു.

Content Highlight: Auto driver’s suicide; The accused SI also assaulted another auto driver

We use cookies to give you the best possible experience. Learn more