| Monday, 6th March 2023, 9:22 am

'എന്നെ കാണണമെന്ന് മണിച്ചേട്ടന്‍ ആളെ വിട്ട് പറഞ്ഞു, എനിക്ക് ആരെയും കാണേണ്ട ചേട്ടാ എന്നാണ് ഞാന്‍ പറഞ്ഞത്'

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കാന്‍സര്‍ രോഗികള്‍ക്ക് വേണ്ടി സൗജന്യമായി ഓട്ടോ സര്‍വീസ് നടത്തുന്ന തൃശൂര്‍ സ്വദേശിയാണ് രേവത്. എഴുപതിനായിരം രൂപക്കടുത്ത് തന്റെ ഓട്ടോ കടത്തിലായിരുന്ന സമയത്താണ് രേവതിന് ഒരു ലക്ഷം രൂപ ലോട്ടറിയടിക്കുന്നത് എന്നാല്‍ അതില്‍ നിന്നും ലഭിച്ച പൈസ മുഴുവന്‍ കാന്‍സര്‍ രോഗിക്ക് നല്‍കുകയാണ് ആ ചെറുപ്പക്കാരന്‍ ചെയ്തത്.

തന്നെ നേരില്‍ കാണാന്‍ നടന്‍ കലാഭവന്‍ മണി ആഗ്രഹിച്ചിരുന്നെന്നും ആരെയും തനിക്ക് കാണേണ്ട എന്നാണ് ആദ്യം മറുപടി പറഞ്ഞതെന്നും രേവത് പറഞ്ഞു. പിന്നീട് മണി തന്നെ നേരിട്ട് വിളിപ്പിച്ചുവെന്നും തന്റെ കയ്യില്‍ നിന്നും 2900 രൂപയുടെ ലോട്ടറി വാങ്ങിയിട്ട് 5000 രൂപ നല്‍കിയെന്നും ബിഹൈന്‍ഡ്‌വുഡ്‌സിനോട് സംസാരിക്കവെ രേവത് പറഞ്ഞു.

‘മണിച്ചേട്ടനെ ഞാനൊരു ദൈവത്തെ പോലെയാണ് കാണുന്നത്. മലയാള സിനിമയില്‍ എന്നെ കാണാന്‍ ആഗ്രഹിച്ച ഒരു വ്യക്തി മണിച്ചേട്ടന്‍ മാത്രമാണ്. ആമ്പലൂര്‍ എന്ന സ്ഥലത്ത് ലോട്ടറി വിറ്റ് നടക്കുന്ന സമയത്ത് ഒരു ചേട്ടന്‍ കാറില്‍ വന്ന് എന്റെ കയ്യില്‍ നിന്നും ടിക്കറ്റ് വാങ്ങിയിട്ട് പറഞ്ഞു, മോന്‍ ഇനിയും കഷ്ടപ്പെടണ്ട നിന്നെ കാണാന്‍ ഒരാള്‍ ആഗ്രഹിക്കുന്നുണ്ട് പേര് കലാഭവന്‍ മണിയെന്നാണെന്ന്. എനിക്ക് ആരെയും കാണേണ്ട ചേട്ടാ ചേട്ടാ എന്നാണ് അന്ന് ഞാന്‍ മറുപടി പറഞ്ഞത്.

മണിച്ചേട്ടന്റെ മനേജര്‍ ജോബിച്ചേട്ടന്റെ കല്യാണത്തിന് എന്നെ വിളിച്ച് വരുത്തിയിട്ട്, എന്റെ കയ്യില്‍ അന്നുണ്ടായിരുന്ന 29 ബമ്പര്‍ ടിക്കറ്റ് മണിച്ചേട്ടന്‍ വാങ്ങി. അന്ന് ടിക്കറ്റിന് നൂറ് രൂപയായിരുന്നു. 2900 എന്ന് പറഞ്ഞപ്പോള്‍ അദ്ദേഹം എനിക്ക് 5000 രൂപ തന്നു. പോരുന്ന വഴി എനിക്ക് ശ്രീലക്ഷ്മി തുണിക്കടയില്‍ നിന്നും ഡ്രസ് വരെ വാങ്ങി തന്നു.

കലാഭവന്‍ മണിച്ചേട്ടന്‍ ചെയ്യാതെ പോയ കുറേ കാര്യങ്ങളുണ്ട് ഇവിടെ. അതുകൊണ്ട് തന്നെയാണ് ഓരോരുത്തരുടെയും കഥകേള്‍ക്കുമ്പോള്‍ അവരെ കൊണ്ടുപോകാനുള്ള പ്രചോദനം എനിക്കുണ്ടാകുന്നത്. ഞാന്‍ കാന്‍സര്‍ രോഗികളെയാണ് ഫ്രീയായിട്ട് കൊണ്ടുപോകുന്നത്. അവരെ കീമോ ചെയ്യാനും റേഡിയേഷന്‍ ചെയ്യാനുമൊക്കെ ഞാന്‍ കൊണ്ടുപോകാറുണ്ട്.

തൃശൂര്‍ ടൗണിലാണ് എന്റെ ഓട്ടോ ഓടുന്നത്. മാസത്തില്‍ ആറ് ഓട്ടം എങ്കിലും കാന്‍സര്‍ രോഗികള്‍ക്ക് വേണ്ടിയാണ് ഞാന്‍ ഓടുന്നത്. തിരുവന്തപുരം ആര്‍.സി.സിയിലേക്കാണ് കൊണ്ടുപോകുന്നത്. അങ്ങോട്ടും ഇങ്ങോട്ടുമായി രണ്ട് ദിവസം ആവശ്യമാണ്. അപ്പോള്‍ ആറും ആറും 12 ദിവസമാകും.

ഒരിക്കല്‍ എനിക്ക് ഒരു ലക്ഷം രൂപ ലോട്ടറിയടിച്ചു. അതിന് രണ്ട് ദിവസം മുമ്പാണ് ഞാന്‍ ഒരു അമ്മയെ അത്താണിയില്‍ കൊണ്ടാക്കുന്നത്. അപ്പോള്‍ അവര്‍ എന്നോട് പറഞ്ഞിരുന്നു മകന് കാന്‍സറാണെന്നും ഉടനെ സര്‍ജറി ആവശ്യമുണ്ടെന്നുമൊക്കെ. ടിക്കറ്റ് മാറി കിട്ടിയപ്പോള്‍ എനിക്ക് കിട്ടിയത് 69000 രൂപയാണ് ഞാനത് ആ അമ്മയെ കൊണ്ടേല്‍പ്പിച്ചു,’ രേവത് പറഞ്ഞു.

content highlight: auto driver revith about kalabhavaan mani

We use cookies to give you the best possible experience. Learn more