| Saturday, 15th February 2020, 11:02 pm

ഓട്ടോ ഡ്രൈവര്‍, കര്‍ഷകര്‍, അംഗന്‍ വാടി ജീവനക്കാര്‍ കെജ്‌രിവാളിന്റെ സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് ക്ഷണിക്കപ്പെട്ട വിശിഷ്ഠാതിഥികള്‍ ഇവരൊക്കെ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: അരവിന്ദ് കെജ്‌രിവാളിന്റെ ദല്‍ഹി മുഖ്യമന്ത്രിയായുള്ള സത്യപ്രതിജ്ഞാ ചടങ്ങിലെ മുഖ്യാതിഥികള്‍ രാഷ്ട്രീയനേതാക്കളോ മന്ത്രിമാരോ അല്ല. ദല്‍ഹിയില്‍ ജോലി ചെയ്യുന്ന സാധാരണക്കാരായ ഓട്ടോ ഡ്രൈവറും കര്‍ഷകരും അംഗന്‍വാടി ജീവനക്കാരും ഡോക്ടര്‍മാരുമൊക്കെയാണ്.

കഴിഞ്ഞ 5 വര്‍ഷക്കാലയളവിനിടയില്‍ ദല്‍ഹിയുടെ ഉന്നമനത്തിന് വേണ്ടി പ്രവര്‍ത്തിച്ചവരാണ് ഇത്തവണ കെജ്‌രിവാളിന്റെ സത്യ പ്രതിജ്ഞാ ചടങ്ങില്‍ വിശിഷ്ഠാതിഥികളായുണ്ടാവുക. ഇതിന്റെ അടിസ്ഥാനത്തില്‍ തെരഞ്ഞെടുക്കപ്പെട്ട 50 പേര്‍ക്കാണ് ക്ഷണം ലഭിച്ചത്. ആംആദ്മിയുടെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.

സത്യപ്രതിജ്ഞാ ചടങ്ങില്‍ പ്രത്യേക ക്ഷണം ലഭിച്ചവരില്‍ ചിലര്‍

മനു ഗുലാറ്റി- സര്‍ക്കാര്‍ സ്‌കൂള്‍ അധ്യാപിക

ദല്‍ഹി സര്‍ക്കാര്‍ സ്‌കൂള്‍ അധ്യാപികയായ മനു ഗുലാറ്റി വിദ്യാഭ്യാസ രംഗത്തെയും സ്ത്രീ ശാക്തീകരണ രംഗത്തെയും മികച്ച പ്രവര്‍ത്തനങ്ങള്‍ക്ക് പുരസ്‌കാരങ്ങള്‍ ലഭിച്ച അധ്യാപികയാണ്.  ദല്‍ഹിയിലെ അധ്യാപകരെയും സ്‌കൂളുകളെയും പ്രതിനിധീകരിച്ചാണ് മനു ഗുലാറ്റിക്ക് ക്ഷണം ലഭിച്ചിരിക്കുന്നത്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

ദല്‍ബിര്‍ സിംഗ്- കര്‍ഷകന്‍

ഉന്നത വിദ്യാഭ്യാസം നേടിയ കര്‍ഷകനാണ് ദല്‍ബിര്‍ സിംഗ്. മുമ്പ് സര്‍ക്കാര്‍ സ്‌കൂള്‍ അധ്യാപകനായിരുന്ന ഇദ്ദേഹവും ഭാര്യയും ഇപ്പോള്‍ 5 ഏക്കര്‍ ഭൂമിയില്‍ കൃഷി ചെയ്യുകയാണ്.

ലക്ഷ്മണ്‍ചൗദരി- ഓട്ടോ ഡ്രൈവര്‍

തിമര്‍പൂരില്‍ ഓട്ടോ ഓടിക്കുന്ന 37 കാരനായ ലക്ഷ്മണ്‍ ചൗദരി കഴിഞ്ഞ 17 വര്‍ഷമായി ഓട്ടോ ഡ്രൈവറാണ്. സാമൂഹ്യ പ്രവര്‍ത്തകന്‍ കൂടിയായ ഇദ്ദേഹം സ്ത്രീ സുരക്ഷയ്ക്ക് വേണ്ടിയും പ്രവര്‍ത്തിക്കുന്നുണ്ട്. കെജ്‌രിവാളിന്റെ നയങ്ങള്‍ മൂലം ദല്‍ഹിയില്‍ ഓട്ടോക്കാര്‍ക്ക് മെച്ചപ്പെട്ട ജീവിതം സാധ്യമായെന്ന് ചൗദരി പറയുന്നു. ഒപ്പം തനിക്ക് ലഭിച്ച ക്ഷണത്തില്‍ നന്ദിയും പറഞ്ഞു.

രതന്‍ ജംഷെദ് ബത്‌ലിപോയ്- ആര്‍കിടെക്ട്

ദല്‍ഹിയിലെ പ്രശസ്തമായ സിഗ്‌നേച്ചര്‍ ബ്രിഡ്ജ് രൂപ കല്‍പ്പന ചെയ്ത ആര്‍ക്കിടെക്ടാണ് ഇദ്ദേഹം. 2018 ലാണ് ഇത് ഉദ്ഘാടനം ചെയ്യപ്പെടുന്നത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡോ.അല്‍കാ ചൗദരി

ആംആദ്മിയുടെ മെഡിക്കല്‍ സംരഭമായ മൊഹല്ല ക്ലിനിക്കിലെ ആദ്യശാഖയില്‍ പ്രവര്‍ത്തിച്ച ഡോക്ടറാണ് അല്‍ക്കാ ചൗദരി.

ജനുവരി 17 ന് നടക്കുന്ന സത്യപ്രതിജ്ഞ ചടങ്ങില്‍ അരവിന്ദ് കെജ്‌രിവാളിനോടൊപ്പം മനീഷ് സിസോദിയ, സത്യേന്ദര്‍ ജെയിന്‍, ഗോപാല്‍ റായ്, കൈലാഷ് ഗെഹ്‌ലോട്ട് ഇമ്രാന്‍ ഹുസൈന്‍, രാജേന്ദ്ര ഗൗതം എന്നീ ആറ് ക്യാബിനറ്റ് മന്ത്രിമാരും അധികാരമേല്‍ക്കും.

മത്സരിച്ച 70 മണ്ഡലങ്ങളില്‍ 63-ലും വിജയിച്ചാണ് ആം ആദ്മി പാര്‍ട്ടി മൂന്നാം തവണയും അധികാരത്തിലേറുന്നത്. ഏഴ് സീറ്റുകള്‍ മാത്രമാണ് ബി.ജെ.പിയ്ക്ക് നേടാനായത്. അന്തരിച്ച കോണ്‍ഗ്രസ് നേതാവും മുന്‍ ദല്‍ഹി മുഖ്യമന്ത്രിയുമായി ഷീല ദീക്ഷിതിന്റെ ഭരണ നേട്ടങ്ങളെ മുന്‍നിര്‍ത്തി പ്രചരണം നടത്തിയ കോണ്‍ഗ്രസിന് ഒരു സീറ്റ് പോലും നേടാനായില്ല.

We use cookies to give you the best possible experience. Learn more