| Sunday, 28th June 2020, 1:37 pm

തമിഴ്‌നാട്ടില്‍ വീണ്ടും കസ്റ്റഡി മരണം; പൊലീസ് മര്‍ദ്ദനമേറ്റ് ഓട്ടോ ഡ്രൈവര്‍ മരിച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ചെന്നൈ: തമിഴ്‌നാട്ടില്‍ വീണ്ടും കസ്റ്റഡി മരണം. ഓട്ടോ ഡ്രൈവറായ എന്‍ കുമരേശനാണ് പൊലീസിന്റെ മര്‍ദ്ദനത്തിനിരയായി ആശുപത്രിയില്‍ വെച്ച് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പൊലീസുകാര്‍ക്കെതിരെ കേസെടുത്തു.

15 ദിവസം ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞതിന് ശേഷമാണ് കുമരേശന്‍ മരിച്ചതെന്ന് ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഭൂമി തര്‍ക്ക കേസില്‍ അറസ്റ്റിലായിരുന്നു മരിച്ച കുമരേശന്‍. അന്വേഷണം ആരംഭിച്ച അടുത്ത ദിവസം കുമരേശന്‍ വീട്ടിലെത്തിയിരുന്നെങ്കിലും ആരോടും ഒന്നും മിണ്ടിയിരുന്നില്ല.

പിന്നീട് ചോര ഛര്‍ദ്ദിച്ച കുമരേശനെ സുരന്തായിലെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. പിന്നീട് ഇദ്ദേഹത്തെ തിരുന്നല്‍വേലി സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.കുമരേശന്റെ കിഡ്‌നിയ്ക്കും പ്ലീഹ(സ്പ്ലീന്‍)യ്ക്കും ഗുരുതരമായി പരിക്കേറ്റതായി ഡോക്ടര്‍മാര്‍ പറഞ്ഞു.

ഭൂമി തര്‍ക്കേസില്‍ സ്റ്റേഷനിലേക്ക് വിളിച്ചു വരുത്തിയ പൊലീസ് തന്നെ ക്രൂരമായി മര്‍ദ്ദിച്ചുവെന്ന് കുമരേശന്‍ തന്നെ വെളിപ്പെടുത്തുകയായിരുന്നു.

സ്റ്റേഷനില്‍ നിന്ന് മര്‍ദ്ദിച്ചത് പുറത്ത് പറയാതിരിക്കാനായി തന്നെ ഭീഷണിപ്പെടുത്തിയതായും കുമരേശന്‍ പറഞ്ഞിരുന്നു. അച്ഛനെ ഉപദ്രവിക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും ആരോപിച്ചു.

കുമരേശന്റെ മരണത്തില്‍ നീതിയാവശ്യപ്പെട്ട് കഴിഞ്ഞ ദിവസം ബന്ധുക്കളും കുടുംബാംഗങ്ങളും പ്രതിഷേധിച്ചിരുന്നു. പ്രതിഷേധത്തെ തുടര്‍ന്ന് രണ്ട് പൊലീസുകാര്‍ക്കെതിരെ കേസെടുത്തു.

സബ് ഇന്‍സ്‌പെക്ടര്‍ ചന്ദ്രശേഖര്‍, കോണ്‍സ്റ്റബിള്‍ കുമാര്‍ എന്നിവര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 173 (3) വകുപ്പ് പ്രകാരമാണ് പൊലീസുകാര്‍ക്കെതിരെ കേസെടുത്തത്.

തൂത്തുകുടി ജില്ലയിലെ സാത്താന്‍കുളത്തെ മരവ്യാപാരിയായ ജയരാജനെയും ,മകന്‍ ബനിക്സിനെയും മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ വാര്‍ത്ത വിവാദമാവുന്നതിനിടെയാണ് തമിഴ്‌നാട്ടില്‍ വീണ്ടും കസ്റ്റഡി മരണം റിപ്പോര്‍ട്ട് ചെയ്യുന്നത്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

ഡൂള്‍ന്യൂസിനെ  സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more