കൊച്ചി: ലോക്ക്ഡൗണിനെ തുടര്‍ന്ന് കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായ ഓട്ടോ ഡ്രൈവര്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ വാടകവീട് ഉടമക്കെതിരെ പരാതിയുമായി ഭാര്യ. കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായിട്ടും വാടക നല്‍കണമെന്ന് നിരന്തരം നിര്‍ബന്ധിച്ചതാണ് ഓട്ടോ ഡ്രൈവറായ അനീഷിനെ ആത്മഹത്യയിലേക്ക് നയിച്ചതെന്ന് ഭാര്യ സൗമ്യ പൊലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു.
കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു തോപ്പുംപടിയില്‍ താമസിച്ചു വന്നിരുന്ന അനീഷിനെ വീട്ടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
വാടകക്കായിരുന്നു അനീഷ് ഓട്ടോയെടുത്തിരുന്നത്. ലോക്ക്ഡൗണിനെ തുടര്‍ന്ന് ഓട്ടോ ഓടിക്കാനാകാതായതോടെ അനീഷിന്റെ വരുമാനം പൂര്‍ണ്ണമായും നിലച്ചിരുന്നു. തുടര്‍ന്ന് ഉടമക്ക് വാഹനം തിരിച്ചുനല്‍കേണ്ടി വന്നു.
ഭാര്യയും രണ്ട് ചെറിയ കുട്ടികളുമടങ്ങുന്ന അനീഷിന്റെ കുടുംബം ഇതോടെ വലിയ ദുരിതത്തിലായി. കൂലിപ്പണിയെടുത്തായിരുന്നു അനീഷ് കുടുംബം നോക്കിയിരുന്നത്. ഇതില്‍ നിന്നും കാര്യമായ വരുമാനം ലഭിക്കാതായതോടെ കുടുംബം കൂടുതല്‍ പ്രതിസന്ധിയിലായി.
ഇതിനിടയില്‍ നാല് മാസമായി വീടിന്റെ വാടക നല്‍കാന്‍ അനീഷിന് കഴിഞ്ഞിരുന്നില്ല. വീട്ടുടമ നിരന്തരമായി വാടക ആവശ്യപ്പെട്ടുക്കൊണ്ട് എത്താറുണ്ടായിരുന്നെന്നും ഇത് അനീഷിനെ കടുത്ത മാനസിക സമ്മര്‍ദത്തിലായിരിക്കുന്നെന്നും സൗമ്യ പറയുന്നു. ഇതാണ് അനീഷിന്റെ ആത്മഹത്യയിലേക്ക് നയിച്ചതെന്നും സൗമ്യ പറയുന്നു.
കേരളത്തില്‍ ലോക്ക്ഡൗണ്‍ കാലം ഓട്ടോ തൊഴിലാളികളെ സാരമായി ബാധിച്ചിരുന്നു. വിവിധ മേഖലകളില്‍ ജോലി ചെയ്തിരുന്ന ആയിര കണക്കിന് പേര്‍ക്കാണ് ലോക്കഡൗണില്‍ തൊഴിലും വരുമാനവും പൂര്‍ണ്ണമായും ഇല്ലാതായത്. സാമ്പത്തിക പ്രതിസന്ധി ജനങ്ങളെ ആത്മഹത്യയിലേക്ക് നയിക്കുമെന്ന അന്നുതന്നെ നിരവധി പേര്‍ ചൂണ്ടിക്കാട്ടിയിരുന്നു.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക