'അവര്‍ നല്ല ദൈവത്തിന്റെ മക്കളാണ്'; ഓട്ടിസം ബാധിച്ച കുട്ടികളെയും മാതാപിതാക്കളെയും അപമാനിച്ച പുരോഹിതന്‍ മാപ്പുപറഞ്ഞു
കൊച്ചി: ഓട്ടിസം ബാധിതരായ കുട്ടികളെയും അവരുടെ മാതാപിതാക്കളെയും അപമാനിച്ചതില്‍ ഖേദം പ്രകടിപ്പിച്ച് പുരോഹിതന്‍ ഡൊമനിക് വാളമനാല്‍. പ്രവാചക ശബ്ദം എന്ന ഫേസ്ബുക്ക് പേജില്‍ പങ്കുവച്ച വിഡിയോയിലാണ് വാളമനാല്‍ മാപ്പ് പറയുന്നത്.
സീറോ മലബാര്‍ സഭയിലെ പുരോഹിതനും ഇടുക്കി മരിയന്‍ ധ്യാനകേന്ദ്രത്തിലെ ഡയറക്ടറുമാണ് ഡൊമിനിക് വാളമനാല്‍.
ഓട്ടിസം പ്രാര്‍ഥനകൊണ്ട് സുഖപ്പെടുത്താന്‍ കഴിയുമെന്നും വൈദ്യശാസ്ത്രം അനുസരിച്ച് ഓട്ടിസത്തിന്റെ കാരണമോ പരിഹാരമോ ഇതുവരെ കണ്ടെത്തിയിട്ടില്ലെന്നും ഡൊമനിക് പറഞ്ഞു.
‘അവര്‍ വിഷമിച്ചു എന്നറിഞ്ഞു, ആത്മാര്‍ഥമായി ഖേദം പ്രകടിപ്പിക്കുന്നു, ഹൃദയം തുറന്ന് ക്ഷമചോദിക്കുന്നു, അവര്‍ക്ക് വേണ്ടി പ്രാര്‍ഥിക്കുന്നു, അവര്‍ നല്ല ദൈവത്തിന്റെ മക്കളാണ്’- ഡൊമനിക് പറയുന്നു.
ബുദ്ധിമാന്ദ്യമുള്ളതും ഓട്ടിസം ബാധിച്ചതുമായ കുട്ടികളുണ്ടാകുന്നത് മാതാപിതാക്കള്‍ വ്യഭിചാരം ചെയ്യുന്നതും സ്വയഭോഗവും സ്വവര്‍ഗരതിയും പോണ്‍ ചിത്രങ്ങള്‍ കാണുന്നതും കാരണമാണെന്നാണ് ഡൊമനിക് പറഞ്ഞത്.
വിദേശരാജ്യങ്ങളിലെയടക്കം മലയാളി കുടുംബങ്ങളിലാണ് ഓട്ടിസം ബാധിച്ച കുട്ടികള്‍ കൂടുതലുണ്ടാകുന്നതെന്നും മേല്‍പ്പറഞ്ഞ കാര്യങ്ങള്‍ ചെയ്യുന്ന യുവതീയുവാക്കള്‍ക്ക് വിവാഹ ശേഷം ഓട്ടിസം ബാധിച്ച കുട്ടികളുണ്ടാകാന്‍ സാധ്യത ഏറെയാണെന്നും പുരോഹിതന്‍ പ്രസംഗത്തില്‍ പറഞ്ഞിരുന്നു.