| Saturday, 11th November 2023, 12:17 pm

വാഹനങ്ങളിലെ അമിതഭാരം; വാഹനങ്ങള്‍ക്കും സ്ഥാപനങ്ങള്‍ക്കും എതിരെ നടപടി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: അമിതഭാരം കയറ്റി സഞ്ചരിക്കുന്ന വാഹനങ്ങള്‍ക്കെതിരെ പൊതുമുതല്‍ സംരക്ഷണ നിയമ പ്രകാരം നടപടി സ്വീകരിക്കാന്‍ മഞ്ചേരി പൊതുപരാമത്ത് വകുപ്പ് അസിസ്റ്റന്റ് എന്‍ജിനീയറുടെ നിര്‍ദേശം. അമിതഭാരം കയറ്റി പോകുന്ന വാഹനങ്ങള്‍ കാരണം റോഡ് തകരുന്നതായി കാണിച്ച് നാട്ടുകാര്‍ നല്‍കിയ പരാതിയിലാണ് നടപടി.

അരീക്കോട്, തിരുവമ്പാടി പോലീസ് സ്റ്റേഷനുകളിലെ സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍മാര്‍ക്കും കോഴിക്കോട്, മലപ്പുറം ജില്ലകളിലെ ആര്‍.ടി.ഒ മാര്‍ക്കുമാണ് നടപടി ആവശ്യപ്പെട്ട് നിര്‍ദ്ദേശം നല്‍കിയത്.

കൂടാതെ കുടരഞ്ഞി പഞ്ചായത്തിലെ കൂനൂര്‍കണ്ടി-മരത്തോട് പിടികപ്പാറ റോഡിലൂടെയും ഊര്‍ങ്ങാട്ടില്‍ പഞ്ചായത്തിലെ കിണര്‍ അടപ്പന്‍-പീടികപ്പാറ റോഡിലൂടെയും അമിതഭാരം വഹിച്ചു പോകുന്ന വാഹനങ്ങള്‍ക്കെതിരെ നടപടിയെടുക്കണമെന്നാണ് നിര്‍ദ്ദേശം.

വാഹനങ്ങളില്‍ അമിത ലോഡ് കയറ്റി വിടുന്ന സ്ഥാപനങ്ങള്‍ക്കെതിരെയും നടപടി സ്വീകരിക്കണമെന്ന് ഉത്തരവില്‍ പറയുന്നു.

ട്രാഫിക് റെഗുലേറ്ററി കമ്മിറ്റി വിളിച്ചു ചേര്‍ത്തു ആവശ്യമായ നടപടി സ്വീകരിക്കാന്‍ ഇരു പഞ്ചായത്തുകളുടെയും സെക്രട്ടറിമാര്‍ക്കും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഈ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ജില്ലയുടെ കിഴക്കന്‍ മേഖലയിലെ മറ്റു പഞ്ചായത്തുകളിലും നടപടി സ്വീകരിക്കണമെന്ന ആവശ്യവും ശക്തമാണ്.

കഴിഞ്ഞ 27നാണ് മഞ്ചേരി പൊതുമരാമത്ത് വകുപ്പ് അസിസ്റ്റന്റ് എന്‍ജിനീയര്‍ ഉത്തരവ് ഇറക്കിയത്. പ്രധാന ജില്ലാ റോഡുകളിലൂടെ 10.2 ടണ്‍ വരെ ഭാരം വഹിച്ചുള്ള വാഹനങ്ങള്‍ക്ക് മാത്രമേ യാത്ര അനുമതിയുള്ളൂ. മലയോരമേഖലയിലെ ക്വാറി ക്രഷര്‍ യൂണിറ്റുകളില്‍ നിന്ന് ടിപ്പര്‍ ലോറികള്‍ വലിയ ഭാരം കയറ്റി സഞ്ചരിക്കുന്നത് മൂലം റോഡ് തകരുന്നതായി വ്യാപക പരാതി ഉയര്‍ന്നിരുന്നു.

പരാതിയുടെ അടിസ്ഥാനത്തില്‍ അധികൃതര്‍ നടത്തിയ പരിശോധനയില്‍ ഈ റോഡുകളിലൂടെ ടോറസ് വാഹനങ്ങള്‍ ഉള്‍പ്പെടെ സഞ്ചരിക്കുന്നതുമൂലം റോഡില്‍ വിള്ളല്‍ വീണതായി കണ്ടെത്തിയിരുന്നു.

Content Highlight: authority taking action against heavy vehicles for breaking rules

We use cookies to give you the best possible experience. Learn more