|

തീവ്രതയേറിയ ലൈറ്റുകൾ ഘടിപ്പിച്ച് മത്സ്യബന്ധനം; രണ്ട് വള്ളങ്ങൾ പിടിച്ചെടുത്ത് അധികൃതർ

ഡൂള്‍ന്യൂസ് ഡെസ്‌ക്

തൃശൂർ: തീവ്രതയേറിയ ലൈറ്റുകൾ ഉപയോഗിച്ച് അനധികൃത മത്സ്യബന്ധനം നടത്തിയ രണ്ട് വള്ളങ്ങൾ പിടികൂടി ഫിഷറീസ് മറൈൻ എൻഫോഴ്സ്മെന്റ്-കോസ്റ്റൽ പൊലീസ് സംയുക്തസംഘം. വാടാനപ്പള്ളി തൃത്തല്ലൂർ കരീപ്പാടത്ത് വീട്ടിൽ മനീഷ് എന്നയാളുടെ ഉടമസ്ഥതയിലുള്ള ‘സൂര്യദേവൻ’ വള്ളവും ഏങ്ങണ്ടിയൂർ സ്വദേശി പുതുവീട്ടിൽ നസീറിന്റെ ക്യാരിയർ വള്ളവും ഉൾപ്പെടെ രണ്ട് യാനങ്ങളാണ് അധികൃതർ പിടിച്ചെടുത്തത്.

അഴീക്കോട് ഫിഷറീസ് സ്റ്റേഷൻ അസിസ്റ്റന്റ് ഡയറക്ടർ ഡോ. സീമയുടെയും മുനക്കകടവ് കോസ്റ്റൽ സ്റ്റേഷൻ ഹൗസ് ഓഫീസർ ഫർഷാദിന്റെയും നേതൃത്വത്തിൽ രൂപവത്കരിച്ച പ്രത്യേക അന്വേഷണം സംഘം ആഴക്കടലിൽ നടത്തിയ പരിശോധനയിലാണ് ഹൈവോൾട്ടേജ് ലൈറ്റുകൾ ഉപയോഗിച്ച് അനധികൃത മത്സ്യബന്ധനം നടത്തിവന്ന യാനങ്ങൾ കണ്ടെത്തിയത്. ഇത്തരം മത്സ്യബന്ധന രീതികൾ അവലംബിക്കുന്നതിനെതിരെ പരമ്പരാഗത യാനങ്ങളിലെ തൊഴിലാളികളും ലൈറ്റ് ഫിഷിങ് നടത്തുന്നവരും തമ്മിൽ കടലിൽ സംഘർഷാവസ്ഥക്ക് സാധ്യതയുള്ളതായി അന്വേഷണ സംഘത്തിന് രഹസ്യ വിവരം ലഭിച്ചിരുന്നു.

യാനങ്ങളിൽ ഉപയോഗിച്ചിരുന്ന എൽ.ഇ.ഡി ലൈറ്റുകൾ, ഹൈമാസ്റ്റ് ലൈറ്റുകൾ എന്നിവ അന്വേഷണസംഘം പിടിച്ചെടുത്തു. കേരള സമുദ്ര മത്സ്യബന്ധന നിയന്ത്രണ നിയമ പ്രകാരം കേസെടുത്ത് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർക്ക് കൈമാറി. വള്ളങ്ങളിലെ മത്സ്യം ലേലം ചെയ്ത് ലഭിച്ച 97,00 രൂപ സർക്കാറിലേക്ക് കണ്ടുകെട്ടുകയും ചെയ്തു. അനധികൃത മത്സ്യബന്ധനം നടത്തിയതിന് സൂര്യദേവൻ വള്ളത്തിന് മൂന്ന് ലക്ഷം പിഴയിട്ടിട്ടുണ്ട്.

കടലില്‍ കൃത്രിമമായി അമിതവെളിച്ചമുണ്ടാക്കി മത്സ്യക്കൂട്ടങ്ങളെ ആകര്‍ഷിച്ച് മത്സ്യബന്ധനം നടത്തുന്നത് കേന്ദ്ര – സംസ്ഥാന സര്‍ക്കാരുകള്‍ നിരോധിച്ച മത്സ്യബന്ധന രീതിയാണ്. 12 വാട്ട്‌സിന് താഴെ വെളിച്ച സംവിധാനം ഉപയോഗിക്കാനാണ് അനുമതിയുള്ളത്. ഇത് ലംഘിച്ച് ഇതര സംസ്ഥാന തൊഴിലാളികളെ ഉപയോഗപ്പെടുത്തി ആറായിരത്തിലേറെ വാട്ട്സുള്ള ലൈറ്റ് ഉപയോഗിച്ച് അനധികൃത മീന്‍പിടുത്തം വ്യാപകമായി നടക്കുന്നുണ്ട്.

ഹൈവോള്‍ട്ടേജ് എല്‍.ഇ.ഡി ലൈറ്റുകള്‍, ഹൈമാസ്റ്റ് ലൈറ്റുകള്‍, ട്യൂബ് ലൈറ്റുകള്‍ എന്നിവയാണ് ഇതിനായി ഉപയോഗിക്കുന്നത്. ഇത് ബോട്ടിലിൽ ഘടിപ്പിച്ച് നടുക്കടലിൽ വലിയ വെളിച്ചം സൃഷ്‌ടിക്കും. വെളിച്ചം ആകർഷിച്ചെത്തുന്ന മത്സ്യക്കൂട്ടത്തെ നേരത്തെ സജ്ജമാക്കിയ വലയിൽ കോരിയെടുക്കും.

തീവ്രതയേറിയ ലൈറ്റ് ഉപയോഗിച്ച് കൂട്ടത്തോടെ മത്സ്യങ്ങളെ ആകര്‍ഷിച്ച് മീൻ പിടിക്കുന്ന രീതി മത്സ്യസമ്പത്ത് കുറയ്ക്കാനിടയാക്കുമെന്നാണ് പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ പറയുന്നത്.

Content Highlight: Authorities seize two boats for fishing with high-intensity lights