| Friday, 12th May 2023, 6:51 pm

നെഹ്‌റുവും ആസാദുമില്ല; മമ്പാട് എം.ഇ.എസ് കോളേജില്‍ മോദിയുടെ ഫോട്ടോ സ്ഥാപിച്ച് അധികൃതര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: മമ്പാട് എം.ഇ.എസ് കോളേജില്‍ മോദിയുടെ ചിത്രം സ്ഥാപിച്ച് അധികൃതര്‍. നാക് വിസിറ്റിന്റെ ഭാഗമായാണ് മോദിയുടെയും ഇന്ത്യന്‍ പ്രസിഡന്റ് ദ്രൗപതി മുര്‍മുവിന്റെയും ചിത്രം സ്ഥാപിച്ചിരിക്കുന്നത്. കോളേജ് ഓഫീസിലും പുതിയ ലൈബ്രറി കെട്ടിടത്തിലുമാണ് ഫോട്ടോകള്‍ സ്ഥാപിച്ചിട്ടുള്ളത്. ഓഫീസില്‍ നടുവില്‍ ഗാന്ധിയും ഇരു വശങ്ങളിലുമായി നരേന്ദ്രമോദിയുടെയും ദ്രൗപതി മുര്‍മുവിന്റെയും ചിത്രങ്ങളാണ് സ്ഥാപിച്ചിട്ടുള്ളത്. പുതിയതായി പണി കഴിപ്പിച്ച ലൈബ്രറി കെട്ടിടത്തില്‍ ഗാന്ധി, മോദി, ദ്രൗപതി മുര്‍മു എന്നിവര്‍ക്ക് പുറമെ അംബേദ്കറിന്റെയും സര്‍വേപ്പിള്ളി രാധാകൃഷ്ണന്റെയും ഫോട്ടോകളുമുണ്ട്.

എന്നാല്‍ നെഹ്‌റുവിനും അബ്ദുല്‍ കലാം ആസാദിനുമൊന്നുമില്ലാത്ത എന്ത് പ്രാധാന്യമാണ് മോദിക്കും മുര്‍മുവിനുമുള്ളതെന്ന് ചോദിച്ച് വിവിധ വിദ്യാര്‍ത്ഥി സംഘടനകളുടെ നേതൃത്വത്തില്‍ പ്രതിഷേധം ശക്തമായി. കോളേജില്‍ നാക് വിസിറ്റ് നടക്കുകയാണെന്നും കേന്ദ്രത്തില്‍ നിന്നു വരുന്ന ഉദ്യോഗസ്ഥരെ പ്രീതിപ്പെടുത്താന്‍ വേണ്ടിയാണ് ഫോട്ടോ സ്ഥാപിച്ചിട്ടുള്ളതെന്നും വിദ്യാര്‍ത്ഥി സംഘടന ഭാരവാഹികള്‍ പറഞ്ഞു

കഴിഞ്ഞ രണ്ട് ദിവസമായി കോളേജ് സാധാരണ പോലെ പ്രവര്‍ത്തിക്കുന്നില്ല, എക്‌സാമും നാക് വിസിറ്റുമെല്ലാം നടക്കുകയാണ്. ഇന്നാണ് ഫോട്ടോ സ്ഥാപിച്ചിട്ടുള്ളത് എന്നാണ് മനസിലാക്കുന്നത്. വിദ്യാര്‍ത്ഥികള്‍ ഇല്ലാത്ത സമയം നോക്കിയാണ് ഫോട്ടോകള്‍ സ്ഥാപിച്ചിട്ടുള്ളത്. ഇത് കേന്ദ്രത്തില്‍ നിന്നുള്ള ഉദ്യോഗസ്ഥരെ പ്രീതിപ്പെടുത്താനുള്ള എം.ഇ.എസ് അധികാരികളുടെ ശ്രമത്തിന്റെ ഭാഗമായാണ് ചിത്രങ്ങള്‍ സ്ഥാപിച്ചിട്ടുള്ളതെന്നും ചിത്രങ്ങള്‍ എടുത്തുമാറ്റാത്ത പക്ഷം ശക്തമായ പ്രതിഷേധമുണ്ടാകുമെന്നും എസ്.എഫ്.ഐ യൂണിറ്റ് സെക്രട്ടറി മിദ്‌ലാജ്, കെ.എസ്.യു യൂണിറ്റ് പ്രസിഡന്റ് മുബഷിര്‍ എന്നിവര്‍ ഡൂള്‍ന്യൂസിനോട് പറഞ്ഞു.

അതേസമയം, സംഭവത്തില്‍ പ്രതികരണം ആവശ്യപ്പെട്ട് കോളേജ് പ്രിന്‍സിപ്പള്‍ മന്‍സൂര്‍ അലിയുമായി ബന്ധപ്പെട്ടെങ്കിലും അദ്ദേഹം പ്രതികരിക്കാന്‍ തയ്യാറായില്ല. നാക് വിസിറ്റുമായി ബന്ധപ്പെട്ട് തിരക്കിലാണെന്നും അന്വേഷിക്കട്ടെയെന്നുമാണ് പ്രിന്‍സിപ്പള്‍ പറഞ്ഞിട്ടുള്ളത്.

content highlights: Authorities installed Modi’s photo in Mambad MES College

We use cookies to give you the best possible experience. Learn more