പെന്‍ പിന്റര്‍ പുരസ്‌കാരത്തിന് പിന്നാലെ അടുത്ത നേട്ടം; അരുന്ധതി റോയ്ക്ക് ഹാവേല്‍ സെന്ററിന്റെ 'ഡിസ്റ്റേര്‍ബിങ് ദി പീസ് പുരസ്‌കാരം'
India
പെന്‍ പിന്റര്‍ പുരസ്‌കാരത്തിന് പിന്നാലെ അടുത്ത നേട്ടം; അരുന്ധതി റോയ്ക്ക് ഹാവേല്‍ സെന്ററിന്റെ 'ഡിസ്റ്റേര്‍ബിങ് ദി പീസ് പുരസ്‌കാരം'
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 16th August 2024, 11:35 am

ന്യൂയോര്‍ക്ക്: യു.എസ് ആസ്ഥാനമായുള്ള നോണ്‍ പ്രോഫിറ്റ് ഓര്‍ഗനൈസേഷനായ വാക്ലാവ് ഹാവേല്‍ സെന്റര്‍ നല്‍കുന്ന 2024-ലെ ‘ഡിസ്റ്റര്‍ബിങ് ദി പീസ്’ പുരസ്‌കാരം എഴുത്തുകാരിയും സാമൂഹ്യപ്രവര്‍ത്തകയുമായ അരുന്ധതി റോയിക്ക്.

ഇറാനിയന്‍ സര്‍ക്കാരിന്റെ രാഷ്ട്രീയ മര്‍ദ്ദനത്തിനെതിരെയുള്ള ഗാനങ്ങളുടെ പേരില്‍ പ്രശസ്തനായ ഇറാനിയന്‍ റാപ്പര്‍ തൂമജ് സാലേഹാണ് അരുന്ധതി റോയിക്കൊപ്പം പുരസ്‌കാരം പങ്കിടുന്നത്.

ഇന്ത്യയിലെ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവര്‍ക്കും നിരാലംബര്‍ക്കും പുറന്തള്ളപ്പെട്ടവര്‍ക്കും വേണ്ടി അരുന്ധതി റോയ് സംസാരിച്ചുകൊണ്ടേയിരിക്കുന്നു, അവരുടെ ശബ്ദമാകുന്നു, എന്നായിരുന്നു പുരസ്‌കാരം പ്രഖ്യാപിച്ചുകൊണ്ട്, ജൂറി അംഗം സലില്‍ ത്രിപാഠി പറഞ്ഞത്.

‘വന്‍കിട ബിസിനസുകള്‍ക്കായി സ്വന്തം ഭൂമി നഷ്ടപ്പെടുന്നവര്‍ക്ക് വേണ്ടിയാണ് അരുന്ധതി റോയ് സംസാരിക്കുന്നത്. ദളിതര്‍ക്ക് വേണ്ടിയും സ്വന്തം അവകാശങ്ങള്‍ക്കായി പോരാടുന്നവര്‍ക്ക് വേണ്ടിയും അവര്‍ സംസാരിക്കുന്നു. അവരുടെ വാക്കുകള്‍ സുഖസൗകര്യങ്ങളില്‍ കഴിയുന്നവരെ അസ്വസ്ഥരാക്കും എന്നാല്‍ പീഡിതര്‍ക്കും ദുരിതമനുഭവിക്കുന്നവര്‍ക്കും അത് ആശ്വാസം നല്‍കുന്നു,’ അദ്ദേഹം പറഞ്ഞു.

മനുഷ്യാവകാശങ്ങള്‍ക്കായി പോരാടുന്ന ലോകമെമ്പാടുമുള്ള എഴുത്തുകാരെ പ്രചോദിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് വാക്ലാവ് ഹാവേല്‍ സെന്റര്‍ എല്ലാ വര്‍ഷവും ഈ പുരസ്‌കാരം പ്രഖ്യാപിക്കുന്നത്.

ചെക്കോസ്ലൊവാക്യയുടെ അവസാന പ്രസിഡന്റും ചെക്ക് റിപ്പബ്ലിക്കിന്റെ ആദ്യ പ്രസിഡന്റുമായിരുന്ന എഴുത്തുകാരനും രാഷ്ട്രീയ നേതാവുമായ വാക്ലാവ് ഹാവേലിന്റെ പേരിലാണ് പുരസ്‌കാരം നല്‍കുന്നത്.

5,000 ഡോളര്‍ (ഏകദേശം 4.19 ലക്ഷം രൂപ) ആണ് പുരസ്‌കാര തുക. ഹാവേലിന്റെ പൈതൃകം പ്രതിഫലിപ്പിക്കുന്നതോടൊപ്പം മനുഷ്യാവകാശ ലംഘനങ്ങള്‍ക്കെതിരെ ധീരമായി പോരാടുന്ന നിരവധി എഴുത്തുകാര്‍ക്കുള്ള പിന്തുണ അറിയിക്കുക കൂടിയാണ് ഈ പുരസ്‌കാരത്തിലൂടെ ഉദ്ദേശിക്കുന്നത്.

ഇക്കഴിഞ്ഞ ജൂണില്‍ 2024ലെ പെന്‍ പിന്റര്‍ പുരസ്‌കാരത്തിനും അരുന്ധതി റോയ് അര്‍ഹയായിരുന്നു. സ്വന്തം സുരക്ഷയ്ക്കും സ്വാതന്ത്ര്യത്തിനും അപകടമായിട്ടും ആവിഷ്‌കാര സ്വാതന്ത്ര്യത്തിനും പാര്‍ശ്വവത്ക്കരിക്കപ്പെടുന്ന ഒരു സമൂഹത്തിനും വേണ്ടി പോരാടിയതിനാണ് പുരസ്‌കാരം. ബ്രിട്ടീഷ് നാടകകൃത്തും തിരക്കഥാകൃത്തും നൊബേല്‍ പുരസ്‌കാര ജേതാവുമായ ഹരോര്‍ഡ് പിന്ററിന്റെ പേരിലായിരുന്നു ഈ പുരസ്‌കാരം.

2010 ല്‍ അരുന്ധതി റോയ് നടത്തിയ ചില പ്രസ്താവനകളുടെ പേരില്‍ യു.എ.പി.എ ചുമത്തി കേസെടുത്തിരിക്കുകയാണ് പൊലീസ്.

Content Highlight: Author Arundhati Roy wins Vaclav Havel Center’s ‘Disturbing the Peace’ award