വിയന്ന: സഖ്യചര്‍ച്ചകള്‍ പരാജയപ്പെട്ടതോടെ രാജിവെച്ച് ഓസ്ട്രിയന്‍ ചാന്‍സിലര്‍ കാള്‍ നെഹാമാര്‍. തീവ്ര വലതുപക്ഷ പാര്‍ട്ടിയെ ഒഴിവാക്കി സര്‍ക്കാര്‍ രൂപീകരിക്കാന്‍ നടത്തിയ ചര്‍ച്ചകള്‍ പരാജയപ്പെട്ടതോടെയാണ് തീരുമാനം.
ചാന്‍സിലറുടെ കണ്‍സേര്‍വേറ്റിവ് പീപ്പിള്‍സ് പാര്‍ട്ടിയും സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയും ഉള്‍പ്പെടെയാണ് ചര്‍ച്ചകള്‍ നടന്നത്. എന്നാല്‍ ലിബറല്‍ നിയോസ് പാര്‍ട്ടി ചര്‍ച്ചയില്‍ നിന്ന് പിന്മാറുകയായിരുന്നു.
ഇതോടെ താന്‍ രാജിക്ക് സന്നദ്ധനെന്ന് കാള്‍ നെഹാമാര്‍ അറിയിക്കുകയായിരുന്നു. തീവ്ര വലതുപക്ഷമായ ഫ്രീഡം പാര്‍ട്ടി (എഫ്.പി.ഒ)യെ ഒഴിവാക്കി സര്‍ക്കാര്‍ രൂപീകരിക്കാനാണ് കാള്‍ ശ്രമം നടത്തിയത്.
ഇന്നലെ (ശനിയാഴ്ച)യാണ് ലിബറല്‍ നിയോസ് പാര്‍ട്ടി ചര്‍ച്ചയില്‍ നിന്ന് പിന്മാറിയത്. തുടര്‍ന്ന് താന്‍ ചാന്‍സിലര്‍ സ്ഥാനവും പാര്‍ട്ടിയുടെ ചെയര്‍മാന്‍ സ്ഥാനവും രാജിവെക്കുകയാണെന്നും കാള്‍ നെഹാമാര്‍ അറിയിക്കുകയായിരുന്നു.
‘തീവ്ര വലതുപക്ഷത്തെ പ്രതിരോധിക്കാന്‍ ശ്രമം നടത്തി. എന്നാല്‍ മധ്യ-ഇടതുപക്ഷവുമായുള്ള ചര്‍ച്ച പരാജയപ്പെട്ടു,’ കാള്‍ നെഹാമാര്‍
സമ്പദ് വ്യവസ്ഥയെ ബാധിക്കുന്ന ഒരു ആശയത്തെയും നടപടികളെയും പിന്തുണക്കില്ലെന്നും കാള്‍ വ്യക്തമാക്കി. പിന്നാലെയാണ് രാജി പ്രഖ്യാപനം നടത്തിയത്.
ഓസ്ട്രിയയുടെ സമ്പദ് വ്യവസ്ഥ കഴിഞ്ഞ രണ്ട് വര്‍ഷമായി പ്രതിസന്ധിയിലാണ്. തൊഴിലില്ലായ്മ ഉള്‍പ്പെടെയുള്ള വെല്ലുവിളികളാണ് രാജ്യം നേരിടുന്നത്. ഈ പശ്ചാത്തലത്തില്‍ കൂടിയാണ് നെഹാമാര്‍ രാജി പ്രഖ്യാപനം നടത്തിയത്.
കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 30 ശതമാനത്തിലധികം വോട്ടുവിഹിതമാണ് തീവ്ര വലതുപക്ഷ ഫ്രീഡം പാര്‍ട്ടി നേടിയത്. ഇതിനെ തുടര്‍ന്ന് മധ്യ-ഇടതുപക്ഷവുമായി ചേര്‍ന്ന് സര്‍ക്കാര്‍ രൂപീകരിക്കാന്‍ ചാന്‍സിലര്‍ ശ്രമിച്ചത്.
ഫ്രീഡം പാര്‍ട്ടിയുമായി രാജ്യത്തെ മറ്റു കക്ഷികള്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ വിസമ്മതിച്ചതോടെ പുതിയ സഖ്യം രൂപീകരിക്കാന്‍ പ്രസിഡന്റ് അലക്സാണ്ടര്‍ വാന്‍ ഡെര്‍ ബെല്ലന്‍ നെഹാമറിന് നിര്‍ദേശം നല്‍കുകയായിരുന്നു.
Content Highlight: Austrian chancellor to resign after coalition talks collapse