'രാഷ്ട്രീയ ഇസ്‌ലാം'; ഓസ്ട്രിയയില്‍ പള്ളികള്‍ അടച്ചുപൂട്ടി ഇമാമുമാരെ പുറത്താക്കുന്നു
world
'രാഷ്ട്രീയ ഇസ്‌ലാം'; ഓസ്ട്രിയയില്‍ പള്ളികള്‍ അടച്ചുപൂട്ടി ഇമാമുമാരെ പുറത്താക്കുന്നു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 8th June 2018, 7:58 pm

വിയന്ന: രാഷ്ട്രീയ ഇസ്‌ലാം, വിദേശഫണ്ടിങ് തുടങ്ങിയ ആരോപണങ്ങളുന്നയിച്ച് ഓസ്ട്രിയ രാജ്യത്തെ ഏഴു പള്ളികള്‍ അടച്ചുപൂട്ടുകയും ഇമാമുമാരെ പുറത്താക്കുകയും ചെയ്യുന്നു. “രാഷ്ട്രീയ ഇസ്‌ലാമി”നെതിരായ നടപടിയായാണ് പള്ളികള്‍ അടച്ചുപൂട്ടുന്നതെന്ന് ചാന്‍സലര്‍ സെബാസ്റ്റ്യന്‍ കഴ്‌സ് പറഞ്ഞു.

തുര്‍ക്കിയുമായാണ് ഓസ്ട്രിയയിലെ മുസ്‌ലിം സമൂഹത്തിന് കൂടുതല്‍ ബന്ധം. 9 മില്ല്യണ്‍ ജനസംഖ്യയുള്ള ഓസ്ട്രിയയില്‍ 600,000 മുസ്‌ലിംങ്ങളാണുള്ളത്. ഇതില്‍ ഭൂരിപക്ഷവും തുര്‍ക്കി വംശജരാണ്.

2016ല്‍ ഏപ്രിലില്‍ ഗല്ലിപോളി യുദ്ധത്തെ അനുസ്മരിച്ച് തുര്‍ക്കി സൈനികരുടെ വസ്ത്രം ധരിച്ചു നില്‍ക്കുന്ന കുട്ടികളുടെ ചിത്രം പുറത്തു വന്നിരുന്നു. തുര്‍ക്കിഷ് പള്ളിയില്‍ നടന്ന ഈ പരിപാടിയെ കുറിച്ച് സര്‍ക്കാര്‍ അന്വേഷണം നടത്തിയിരുന്നു.

രാജ്യത്തെ 260 ഇമാമുമാരില്‍ 60 പേര്‍ക്കെതിരെ അന്വേഷണം നടക്കുന്നുണ്ടെന്നും ഇതില്‍ 40 പേര്‍ തുര്‍ക്കി സര്‍ക്കാരുമായി ബന്ധമുള്ള എ.ടി.ഐ.ബി ഗ്രൂപ്പിന്റെ ഭാഗമാണെന്നും ഓസ്ട്രിയന്‍ സര്‍ക്കാര്‍ പറഞ്ഞു. പുതിയ നീക്ക പ്രകാരം ഇമാമുമാരുടെ കുടുംബങ്ങള്‍ക്കകം വീട് നഷ്ടപ്പെടുമെന്ന സ്ഥിതിയുണ്ടാവും. ഓസ്ട്രിയന്‍ സര്‍ക്കാരിന്റെ നീക്കത്തെ തുര്‍ക്കി അപലപിച്ചു. ഓസ്ട്രിയയിലെ ഇസ്‌ലാമോഫോബിയയും റേസിസവും നോര്‍മലൈസ് ചെയ്യാനുള്ള നീക്കമാണിതെന്ന് എര്‍ദാഗാന്റെ വക്താവ് പറഞ്ഞു.

കുടിയേറ്റക്കാരോട് കടുത്ത നിലപാട് സ്വീകരിക്കുന്ന വലതുപക്ഷ സര്‍ക്കാരാണ് ഓസ്ട്രിയയില്‍ ഭരണം നടത്തുന്നത്. ഓസ്ട്രിയ, ഹംഗറി , ചെക്ക് റിപ്പബ്ലിക്ക്, പോളണ്ട്, സ്ലൊവാക്യ തുടങ്ങിയ രാജ്യങ്ങള്‍ യൂറോപ്പിലേക്കുള്ള മുസ്‌ലിം അഭയാര്‍ത്ഥികളെ നിയന്ത്രിക്കണമെന്ന് പറഞ്ഞിരുന്നു.