സിഡ്‌നി: ഓസ്‌ട്രേലിയയില്‍ ഖുര്‍ആനില്‍ തൊട്ട് സത്യപ്രതിഞ്ജ ചെയ്ത് ചരിത്രം കുറിച്ചിരിക്കുകയാണ് ലെബനാന്‍ വംശജനായ ജിഹാദ് ദിബ്. ന്യൂ സൗത്ത് വെയില്‍സ് സംസ്ഥാനത്തെ മന്ത്രിയായി ചുമതലയേല്‍ക്കുന്ന ചടങ്ങിലാണ് ഖുര്‍ആനുമായി ജിഹാദ് സഭയിലെത്തിയത്.
ബാങ്ക്‌സ്ടൗണ്‍ നഗരത്തില്‍ നിന്ന് മത്സരിച്ചാണ് അദ്ദേഹം സഭയിലേക്കെത്തിയത്. വ്യാഴാഴ്ച്ച ന്യൂ സൗത്ത് വെയില്‍സ് ഗവര്‍ണര്‍ മാര്‍ഗരറ്റ് ബീസ്‌ലിയെ സാക്ഷി നിര്‍ത്തിയാണ് ലെയ്ക്കമ്പ നഗരത്തിന്റെ മുന്‍ പ്രതിനിധി കൂടിയായിരുന്ന ജിഹാദിന്റെ സത്യപ്രതിഞ്ജ ചടങ്ങ്.
പുനഃസംഘടിപ്പിച്ച മന്ത്രി സഭയില്‍ ഡിജിറ്റല്‍ ഗവണ്‍മെന്റ്, കസ്റ്റമര്‍ സര്‍വീസ്, അടിയന്തര സഹായം, യുവജന കാര്യം എന്നീ വകുപ്പുകളാണ് ജിഹാദ് ദിബിന് നല്‍കിയിരിക്കുന്നത്. ചടങ്ങിന് പിന്നാലെ മന്ത്രിയെ പ്രശംസിച്ച് നിരവധി പേരാണ് രംഗത്തെത്തിയത്.
ലെബനാനില്‍ ജനിച്ച് ഓസ്‌ട്രേലിയയിലേക്ക് പലായനം ചെയ്തവരാണ് ജിഹാദിന്റെ കുടുംബം. ഹൈസ്‌കൂള്‍ അധ്യാപകനായി ഔദ്യോഗിക ജീവിതം ആരംഭിച്ച അദ്ദേഹം പിന്നീട് ഓസ്‌ട്രേലിയയിലെ പഞ്ച് ബൗള്‍ ബോയ്‌സ് സ്‌കൂളിന്റെ പ്രിന്‍സിപ്പലായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. 2013 ലെ പ്രൈഡ് ഓഫ് ഓസ്‌ട്രേലിയ ബഹുമതി നേടിയും ഇദ്ദേഹം വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു.
സത്യപ്രതിഞ്ജ ചെയ്ത് അധികാരമേറ്റ ജിഹാദിന് ആശംസ അറിയിച്ച് ന്യൂ സൗത്ത് വെയില്‍സ് ഭരണാധികാരി ക്രിസ് മിന്‍സ് രംഗത്തെത്തി. ഖുര്‍ആനില്‍ തൊട്ട് സത്യപ്രതിഞ്ജ ചെയ്ത് ചരിത്രം സൃഷ്ടിച്ച ജിഹാദ് ദിബിന് ആശംസകള്‍ എന്നാണദ്ദേഹം പറഞ്ഞത്.
അതോടൊപ്പം അധ്യാപകനായും പ്രിന്‍സിപ്പലായും തന്റെ കമ്മ്യൂണിറ്റിയുടെ ജീവിതം മാറ്റി മറിക്കുന്നതില്‍ ജിഹാദ് ജിബ് വലിയ പങ്ക് വഹിച്ചിട്ടുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ട്വിറ്ററിലൂടെയായിരുന്നു ക്രിസ് മിന്‍സിന്റെ പരാമര്‍ശം.
Content Highlight: Australias first minister to take oath in quran