സിഡ്നി: സ്വവര്‍ഗ്ഗ വിവാഹത്തിന് ശക്തമായ പിന്തുണയുമായി ഓസ്ട്രേലിയന്‍ ജനത. സ്വവര്‍ഗ്ഗ വിവാഹം നിയമവിധേയമാക്കുന്നതിനു വേണ്ടിയുള്ള പോസ്റ്റല്‍ സര്‍വ്വേ ഫലം പുറത്തു വന്നപ്പോള്‍ 78 ലക്ഷത്തിലേറെ പേരാണ് വിവാഹ സമത്വത്തെ അനുകൂലിച്ച് വോട്ടു ചെയ്തത്. രണ്ടു മാസമായി നടന്നു വന്ന സര്‍വേയുടെ ഫലം ഓസ്ട്രേലിയന്‍ ബ്യൂറോ ഓഫ് സ്റ്റാറ്റിസ്റ്റിക്സ് ചീഫ് സ്റ്റാറ്റിസ്റ്റീഷ്യന്‍ ഡേവിഡ് കാലിഷ് ആണ് പ്രഖ്യാപിച്ചത്.
എല്ലാ വിഭാഗക്കരും സജീവമായി തന്നെ സര്‍വേയില്‍ പങ്കെടുത്തിരുന്നു. ഇതില്‍ നിന്നാണ് വ്യക്തമായ ഭൂരിപക്ഷത്തോടെ സ്വവര്‍ഗ്ഗ വിവാഹത്തെ പിന്തുണക്കുന്നവര്‍ ജയിച്ചിരിക്കുന്നത്. 61.6 ശതമാനം പേര്‍ വിവാഹ സമത്വത്തിനനുകൂലമായി വോട്ടു ചെയ്തപ്പോള്‍ 38.4 ശതമാനം പേര്‍ സ്വവര്‍ഗ്ഗ വിവാഹത്തെ എതിര്‍ക്കുകയാണുണ്ടായത്.
ഓസ്ട്രേലിയന്‍ ക്യാപിറ്റല്‍ ടെറിട്ടറിയിലാണ് യെസ് വോട്ടിന് ഏറ്റവും വലിയ ഭൂരിപക്ഷം. ഇവിടെ 74 ശതമാനം പേരും സ്വവര്‍ഗ്ഗ വിവാഹത്തെ അനുകൂലിച്ചു. പോസ്റ്റല്‍ സര്‍വേയില്‍ വോട്ടു രേഖപ്പെടുത്തണം എന്നത് നിര്‍ബന്ധിതമല്ലാതിരുന്നിട്ടും വോട്ടവകാശമുള്ള ഓസ്ട്രേലിയക്കാരില്‍ 79.5 ശതമാനം പേരും അതില്‍ പങ്കെടുത്തു.
ജനാഭിപ്രായം അനുകൂലമായതോടെ, സ്വവര്‍ഗ്ഗ വിവാഹം അനുവദിക്കുന്നതിനുള്ള പ്രൈവറ്റ് മെംബേഴ്സ് ബില്‍ ഈ മാസം തന്നെ പാര്‍ലമെന്റില്‍ അവതരിപ്പിക്കും. ക്രിസ്ത്മസിന് മുന്പ് ബില്‍ പാസാക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി പ്രധാനമന്ത്രി മാല്‍ക്കം ടേണ്‍ബുള്‍ പറഞ്ഞു.
ആര്‍പ്പുവിളികളോടെയും സന്തോഷാശ്രുക്കളോടെയുമാണ് രാജ്യത്തെ പ്രധാന നഗരങ്ങളിലെല്ലാം തടിച്ചുകൂടിയ യെസ് ക്യാംപയിന്‍ അനുകൂലികള്‍ ഈ പ്രഖ്യാപനത്തെ വരവേറ്റത്. ആയിരക്കണക്കിനാളുകളാണ് ആഹ്ലാദാരവങ്ങളോടെയും പരസ്പരം ആശ്ലേഷിച്ചും സെട്രല്‍ സിഡ്നി പാര്‍ക്കില്‍ ഒത്തുചേര്‍ന്നത്.
വിവാഹ വസ്ത്രങ്ങളും സ്യൂട്ടുകളും ധരിച്ചെത്തിയ ഇവര്‍ തങ്ങളുടെ സ്നേഹം യഥാര്‍ത്ഥമാണെന്ന് പ്രഖ്യാപിക്കുകയായിരുന്നു. ഈ കണക്കുകള്‍ തങ്ങള്‍ക്ക് വലിയൊരാശ്വാസമാണ് നല്‍കുന്നതെന്നാണ് ഓസ്ട്രേലിയുടെ ഒളിമ്പിക്സ് നീന്തല്‍ താരമായ ഇയാന്‍ തോര്‍പ്പെ അഭിപ്രായപ്പെട്ടത്.
കണ്‍സര്‍വേറ്റീവ് വിഭാഗക്കാരുടെ ഭാഗത്തു നിന്നും ഉണ്ടായേക്കാവുന്ന എതിര്‍പ്പുകളെ മറികടന്ന് ബില്‍ പാര്‍ലമെന്റ് പാസാക്കിയാല്‍ സ്വവര്‍ഗ്ഗ വിവാഹം നിയമ വിധേയമാവുന്ന 26ാമത്തെ രാജ്യമായിരിക്കും ഓസ്ട്രേലിയ.