സിഡ്‌നി: കാലത്തിന് മുന്നില്‍ മുട്ടുമടക്കാതെ റോജര്‍ ഫെഡറര്‍. നാട്ടങ്കത്തില്‍ വാവ്‌റിങ്കയെ തോല്‍പ്പിച്ച് ആറ് വര്‍ഷത്തിന് ശേഷം ഫെഡറര്‍ ഓസ്‌ട്രേലിയന്‍ ഓപ്പണിന്റെ ഫൈനലിലേക്ക് പ്രവേശനം നേടി. 2010 ലായിരുന്നു ടെന്നീസിലെ ഇതിഹാസതാരം അവസാനമായി ഓസ്‌ട്രേലിയന്‍ ഓപ്പണിന്റെ ഫൈനലില്‍ കളിച്ചത്. സെമിയില്‍ വാവ്‌റിങ്കയെ 7-6, 6-3, 1-6, 4-6, 6-3 എന്ന സ്‌കോറിനാണ് പരാജയപ്പെടുത്തിയത്.
ഫലം സൂചിപ്പിക്കുന്നത് പോലെ വാശിയേറിയതായിരുന്നു മത്സരം. തുടക്കത്തിലെ രണ്ട് സെറ്റ് നേടാനായെങ്കിലും തൊട്ടടുത്ത സെറ്റുകള്‍ കൈവിട്ടത് ഫെഡററിന് തിരിച്ചടിയായി. നാട്ടുകാരന് മുന്നില്‍ ഇതിഹാസത്തിന് പരാജയപ്പെടേണ്ടി വരുമോ എന്ന് സംശയിച്ച നിമിഷങ്ങളായിരുന്നു അത്. എന്നാല്‍ തന്റെ അനുഭവസമ്പത്തിന്റെ കരുത്തില്‍ ഫെഡറര്‍ തിരിച്ച് വരവ് നടത്തി. വര്‍ഷങ്ങള്‍ക്ക് ഇപ്പുറമുള്ള ഫൈനല്‍ പ്രവേശനം അവിശ്വസനീയമല്ല, ആ മഹാന്റെ പ്രതിഭയോട് തുലനം ചെയ്യുമ്പോള്‍.
രണ്ടാം സെമിയില്‍ നദാലും ദിമിത്രോവും ഏറ്റുമുട്ടും. ഈ മത്സരത്തിലെ വിജയിയേ ആയിരിക്കും ഫെഡറര്‍ ഫൈനലില്‍ എതിരിടുക. നദാലാണ് സെമിയില്‍ ജയിക്കുന്നതെങ്കില്‍ ചരിത്രത്തിന്റെ ആവര്‍ത്തനമാകും ഈ ഫൈനല്‍.
അതേസമയം, വനിതാ വിഭാഗത്തില്‍ വീണ്ടുമൊരിക്കല്‍ കൂടി കപ്പ് വീനസ് കുടുംബത്തിലേക്ക് എത്തുമെന്ന് ഉറപ്പായി കഴിഞ്ഞു. കോകോ വാന്‍ഡെവെഗെയെ തോല്‍പ്പിച്ചാണ് വീനസ് വില്ല്യംസ് ഫൈനലിലെത്തിയത്. സഹോദരിയായ സെറീന വില്ല്യംസ് നേരത്തെ ഫൈനലിലേക്ക് പ്രവേശിച്ചിരുന്നു. 2009 ലെ വിംബിള്‍ഡണ്‍ ഫൈനലിന് ശേഷം ഇതാദ്യമായാണ് വീനസ് ഒരു ഗ്രാന്റ് സ്ലാം ഫൈനല്‍ കളിക്കുന്നത്. 36 ലെത്തി നില്‍ക്കുന്ന താരം ഈ പ്രായത്തില്‍ ഗ്രാന്റ് സ്ലാം കളിക്കുന്ന ആദ്യ താരവുമാണ്. വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇരുവരും ഒരേസമയം ഫൈനലിലെത്തുന്നതും.