ഓസ്ട്രേലിയക്കെതിരായ ആദ്യ രണ്ട് ടെസ്റ്റ് മത്സരങ്ങളിലും ആധികാരികമായ വിജയം നേടിയ ഇന്ത്യ മൂന്നാം ടെസ്റ്റില്‍ ഇന്‍ഡോറില്‍ അപ്രതീക്ഷിത തിരിച്ചടിയാണ് നേരിട്ടത്. ഇന്ത്യയെ ഒമ്പത് വിക്കറ്റിന് തകര്‍ത്തതോടെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ഓസ്‌ട്രേലിയ ഫൈനലിലെത്തിയിരിക്കുകയാണ്.
ആദ്യ രണ്ട് ടെസ്റ്റുകളിലും ഞെട്ടിക്കുന്ന പരാജയം ഏറ്റുവാങ്ങിയ ഓസ്‌ട്രേലിയ ഒമ്പത് വിക്കറ്റിന്റെ ഉജ്വല ജയമാണ് ഇന്‍ഡോറില്‍ കുറിച്ചത്. 49 റണ്‍സെടുത്ത് പുറത്താകാതെ നിന്ന ട്രാവിസ് ഹെഡിന്റെ ഇന്നിങ്‌സാണ് ഓസീസിനെ ജയത്തിലേക്ക് നയിച്ചത്.
ഇന്ത്യക്ക് ഫൈനല്‍ ഉറപ്പാക്കാന്‍ മാര്‍ച്ച് ഒമ്പത് മുതല്‍ അഹമദാബാദില്‍ നടക്കുന്ന അവസാന ടെസ്റ്റ് വരെ കാത്തിരിക്കണം. നേരത്തെ ഓസ്‌ട്രേലിയക്കെതിരായ ആദ്യ രണ്ട് ടെസ്റ്റില്‍ ഇന്ത്യ ജയിച്ചതോടെ ദക്ഷിണാഫ്രിക്ക ഫൈനലിലെത്താതെ പുറത്തായിരുന്നു.
ഓസ്‌ട്രേലിയ ഫൈനലിലെത്തിയതോടെ ഇനി ഇന്ത്യയും ശ്രീലങ്കയും തമ്മിലാണ് ഫൈനല്‍ ബെര്‍ത്തിനായി ഏറ്റുമുട്ടുക.
അതേസമയം, മത്സരത്തില്‍ ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ ഒന്നാം ഇന്നിങ്‌സില്‍ 109 റണ്‍സിന് പുറത്താവുകയായിരുന്നു. അഞ്ച് വിക്കറ്റുകള്‍ വീഴ്ത്തിയ കൂനേമാനാണ് ഇന്ത്യയെ തകര്‍ത്തത്.
മറുപടി ബാറ്റിങ്ങില്‍ ഓസ്‌ട്രേലിയ 197 റണ്‍സെടുത്തു. 60 റണ്‍സെടുത്ത ഉസ്മാന്‍ ഖവാജയാണ് ഓസീസിനായി തിളങ്ങിയത്. 88 റണ്‍സിന്റെ ഒന്നാം ഇന്നിങ്‌സ് കടവുമായി കളിച്ച ഇന്ത്യ രണ്ടാം ഇന്നിങ്‌സിലും പതറുകയായിരുന്നു.
നതാന്‍ ലിയോണിന്റെ എട്ട് വിക്കറ്റ് പ്രകടനമാണ് രണ്ടാം ഇന്നിങ്സില്‍ ഇന്ത്യയെ തകര്‍ത്തത്. ബാറ്റര്‍മാരുടെ മോശം പ്രകടനവും ഇന്ത്യയുടെ പതനത്തിന് കാരണമായി. 22 റണ്‍സെടുത്ത വിരാട് കോഹ്‌ലിയാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍.
രോഹിത് ശര്‍മ (12), ശുഭ്മന്‍ ഗില്‍ (21), ചേതേശ്വര്‍ പുജാര (1), രവീന്ദ്ര ജഡേജ (4), ശ്രേയസ് അയ്യര്‍ (0), കെ.എസ. ഭരത് (17) എന്നിവര്‍ മോശം ഫോമില്‍ ഇന്ത്യയെ നിരാശപ്പെടുത്തി. അക്‌സര്‍ പട്ടേല്‍ (12*) പുറത്താവാതെ നിന്നു.
അവസാന ടെസ്റ്റ് ഇന്ത്യക്ക് നിര്‍ണായകമാണ്. ജൂണ്‍ ഏഴ് മുതല്‍ 11 വരെ ഇംഗ്ലണ്ടിലെ ഓവലിലാണ് ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ നടക്കുക.
Content Highlights: Australian wins in Indore