| Wednesday, 19th October 2022, 6:11 pm

ക്രിക്കറ്റ് കളിക്കുന്ന സമയത്ത് ക്രിക്കറ്റ് കളിക്കണം, അതിനിടക്ക് ഗോള്‍ഫ് കളിക്കാന്‍ പോയാല്‍ ഇതല്ല ഇതിനപ്പുറം പറ്റും; എട്ടിന്റെ പണി വാങ്ങിക്കൂട്ടി ഓസീസ്

സ്പോര്‍ട്സ് ഡെസ്‌ക്

ലോകകപ്പ് നിലനിര്‍ത്താനൊരുങ്ങുന്ന ഓസ്‌ട്രേലിയക്ക് തിരിച്ചടിയായി വിക്കറ്റ് കീപ്പര്‍ ബാറ്ററിന് പരിക്ക്. ജോഷ് ഇംഗ്ലിസിനാണ് പരിക്കേറ്റിരിക്കുന്നത്.

ഗോള്‍ഫ് കളിക്കുന്നതിനിടെയാണ് താരത്തിന് കൈക്ക് പരിക്കേറ്റത്. വ്യാഴാഴ്ച നടക്കുന്ന നിര്‍ണായക മത്സരത്തിന് മുമ്പായി ക്രിക്കറ്റ് ഓസ്‌ട്രേലിയ തങ്ങളുടെ താരങ്ങള്‍ക്കെല്ലാം വിശ്രമം അനുവദിച്ചിരുന്നു. ഇതിന് പിന്നാലെ സിഡ്‌നിയില്‍ ഗോള്‍ഫ് കളിക്കാനെത്തിയ താരത്തിന്റെ കൈക്ക് പരിക്കേല്‍ക്കുകയായിരുന്നു.

ജോഷ് ഇംഗ്ലിസിനെ ഇപ്പോള്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. മൂന്ന് ദിവസത്തിലധികം താരത്തിന് വിശ്രമം ആവശ്യമാണെന്നാണ് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിരിക്കുന്നത്. ഇതോടെ താരത്തിന് ലോകകപ്പിലെ ആദ്യ മത്സരം നഷ്ടമാകുമെന്നുറപ്പായി.

ഫെയര്‍വേയിലൂടെ പന്തടിക്കാന്‍ ശ്രമിച്ച അദ്ദേഹത്തിന്റെ ഗോള്‍ഫ് ക്ലബ് പൊട്ടുകയും കൈക്ക് മുറിവേല്‍ക്കുകയുമായിരുന്നു എന്ന് സിഡ്‌നി ഹെറാള്‍ഡ് റിപ്പോര്‍ട്ട് ചെയ്യുന്നു.

‘ഫെയര്‍വേയിലുടെ പന്ത് തട്ടാന്‍ ശ്രമിച്ച ഇംഗ്ലിസിന്റെ ഗോള്‍ഫ് ക്ലബ് പൊട്ടുകയും അദ്ദേഹത്തിന്റെ കൈക്ക് മുറിവേല്‍ക്കുകയായിരുന്നു. ധാരാളം രക്തം വാര്‍ന്ന് പോയിട്ടുണ്ട്.

തന്റെ പഴയ ഗോള്‍ഫ് ക്ലബ് ഉപയോഗിച്ചാണ് താരം കളിച്ചതെന്നാണ് മനസിലാവുന്നത്. നിര്‍ഭാഗ്യകരമായ ഈ സംഭവത്തിന് മുമ്പ് അദ്ദേഹം ഒമ്പത് ഹോള്‍സ് കംപ്ലീറ്റ് ചെയ്തിരുന്നു,’ സിഡ്‌നി ഹെറാള്‍ഡിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.

ക്രിക്കറ്റ് ഓസ്‌ട്രേലിയയും ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്.

‘ഗോള്‍ഫ് കളിക്കുന്നതിനിടെ ക്ലബ് പൊട്ടിയതിനാല്‍ ജോഷ് ഇംഗ്ലിസിന്റെ വലതുകൈക്ക് പരിക്കേറ്റിട്ടുണ്ട്. അവനെ നിരീക്ഷിച്ചു വരികയാണ്. കൂടുതല്‍ വിവരങ്ങളൊന്നും തന്നെ ഇപ്പോള്‍ ലഭ്യമല്ല,’ ക്രിക്കറ്റ് ഓസ്‌ട്രേലിയ അറിയിച്ചു.

ടീമിനൊപ്പം ബാക്ക് അപ് വിക്കറ്റ് കീപ്പറുടെ റോളിലാണ് ഇംഗ്ലിസ് ഉള്ളത്. മാത്യു വേഡാണ് ഓസീസിന്റെ നിലവിലെ ടീമിന്റെ വിക്കറ്റ് കീപ്പര്‍.

ഓസീസ് കിരീടം നേടിയ കഴിഞ്ഞ വര്‍ഷത്തെ ലോകകപ്പ് ടീമിലും ഇംഗ്ലിസ് അംഗമായിരുന്നു. എന്നാല്‍ ഒറ്റ മത്സരം പോലും താരത്തിന് കളിക്കാന്‍ സാധിച്ചിരുന്നില്ല.

ഓസ്‌ട്രേലിയക്കായി ഒമ്പത് അന്താരാഷ്ട്ര ടി-20 മത്സരം കളിച്ച താരം 141.03 സ്‌ട്രൈക്ക് റേറ്റിലും 27.5 ശരാശരിയിലും 220 റണ്‍സാണ് സ്വന്തമാക്കിയത്.

Content Highlight:  Australian Wicketkeeper-batter Josh Inglis Suffers Injury While Playing Golf

We use cookies to give you the best possible experience. Learn more