| Monday, 27th February 2023, 7:51 am

വേണമെന്ന് വെച്ചിരുന്നെങ്കില്‍ അവള്‍ക്ക് ക്രീസില്‍ കയറാമായിരുന്നു, എന്നാല്‍ ആ ശ്രമം ഉണ്ടായില്ല; തുറന്നടിച്ച് ഓസീസ് വിക്കറ്റ് കീപ്പര്‍

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.സി.സി വനിതാ ടി-20 ലോകകപ്പിന്റെ സെമി ഫൈനല്‍ മത്സരത്തില്‍ ഇന്ത്യയെ തോല്‍പിച്ചുകൊണ്ടായിരുന്നു ഓസ്‌ട്രേലിയ ഫൈനലില്‍ കടന്നത്. സെമിയില്‍ അഞ്ച് റണ്‍സിനായിരുന്നു ഇന്ത്യയുടെ തോല്‍വി.

ഓസീസ് മുന്നോട്ട് വെച്ച 173 റണ്‍സിന്റെ വിജയലക്ഷ്യം മറികടക്കാന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗറും ജമീമ റോഡ്രിഗസും പൊരുതിനോക്കിയെങ്കിലും ആ ശ്രമം വിജയം കണ്ടില്ല. ഒടുവില്‍ നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 167 റണ്‍സായിരുന്നു ഇന്ത്യ നേടിയത്.

വിജയം ലക്ഷ്യമാക്കി കുതിച്ച ഇന്ത്യയുടെ വിജയപ്രതീക്ഷകള്‍ തല്ലിക്കെടുത്തിയത് ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീതിന്റെ റണ്‍ ഔട്ടായിരുന്നു. 34 പന്തില്‍ നിന്നും 52 റണ്‍സ് നേടി നില്‍ക്കവെയാണ് താരം റണ്‍ ഔട്ടായി പുറത്തുപോയത്.

പുറത്തായതിന്റെ നിരാശയില്‍ ഹര്‍മന്‍ ബാറ്റ് പോലും വലിച്ചെറിഞ്ഞപ്പോള്‍ ഇന്ത്യന്‍ ക്യാമ്പും സ്റ്റേഡിയവും ഒന്നുപോലെ നിശബ്ദമായിരുന്നു.

എന്നാല്‍, ആ റണ്‍ ഔട്ട് ഒഴിവാക്കാന്‍ സാധിക്കുമായിരുന്നുവെന്നും ഹര്‍മന്‍ അതിനായി പരിശ്രമിച്ചില്ല എന്നും പറയുകയാണ് ഓസീസ് വിക്കറ്റ് കീപ്പര്‍ അലീസ് ഹെയ്‌ലി. എ.ബി.സി സ്‌പോര്‍ട് പങ്കുവെച്ച വീഡിയോയിലാണ് ഹെയലി ഇക്കാര്യം പറയുന്നത്.

‘അത് വളരെ വിചിത്രമായ ഒന്നായിരുന്നു. അത് നിര്‍ഭാഗ്യകരമാണെന്നെല്ലാം ഹര്‍മന്‍പ്രീതിന് പറയാന്‍ സാധിക്കും. എങ്കിലും അവസാനം അവള്‍ മുന്നോട്ടാഞ്ഞ് ശ്രമിച്ചിരുന്നെങ്കില്‍ അവള്‍ ഒരുപക്ഷേ ക്രീസ് കടക്കുമായിരുന്നു. അവള്‍ ആത്മാര്‍ത്ഥമായി ശ്രമിച്ചിരുന്നെങ്കില്‍ ആ രണ്ട് മീറ്റര്‍ അവള്‍ക്ക് കടക്കാന്‍ സാധിക്കുമായിരുന്നു,’ ഹെയ്‌ലി പറഞ്ഞു.

എന്നാല്‍, ഇതിനുപിന്നാലെ ഹര്‍മന്‍പ്രീതിനെ പിന്തുണച്ചുകൊണ്ട് നിരവധി പേരും എത്തിയിരുന്നു. ഹര്‍മന്‍പ്രീത് കൗര്‍ ആത്മാര്‍ത്ഥമായി ശ്രമിച്ചിരുന്നുവെന്നും അസുഖമായിട്ടുകൂടിയും അവള്‍ ഇന്ത്യക്കായി തന്റെ നൂറുശതമാനവും നല്‍കിയെന്നും ആരാധകര്‍ പറഞ്ഞു.

മത്സരത്തില്‍ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഓസീസ് ബെത് മൂണിയുടെയും ആഷ്‌ലീഗ് ഗാര്‍ഡനറിന്റെയും ക്യാപ്റ്റന്‍ മെഗ് ലാനിങ്ങിന്റെയും തകര്‍പ്പന്‍ പ്രകടനത്തിന്റെ ബലത്തിലാണ് 172 റണ്‍സിന്റെ ടോട്ടല്‍ പടുത്തുയര്‍ത്തിയത്.

എന്നാല്‍ മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്ക് തുടക്കം മോശമായിരുന്നു. സ്മൃതി മന്ദാനയും ഷെഫാലി വര്‍മയും യാഷ്ടിക ഭാട്ടിയയും പാടെ നിരാശപ്പെടുത്തി. ക്യാപ്റ്റന്‍ ഹര്‍മനും ജെമീമയും ചേര്‍ന്ന് ഒരു ചെറുത്തുനില്‍പിന് ശ്രമിച്ചെങ്കിലും ഇവരിരുവരെയും പുറത്താക്കി ഓസീസ് അപ്പര്‍ഹാന്‍ഡ് നിലനിര്‍ത്തി. ഒടുവില്‍ അഞ്ച് റണ്‍സിന്റെ ബലത്തില്‍ കങ്കാരുക്കള്‍ ഫൈനലില്‍ കടക്കുകയായിരുന്നു.

ഫൈനലില്‍ ആതിഥേയരായ സൗത്ത് ആഫ്രിക്കയെ മറികടന്ന് കിരീടവും ഓസീസ് സ്വന്തമാക്കിയിരുന്നു.

Content Highlight:  Australian wicket keeper Alyssa Haley about Harmanpreet Kaur’s run out in semi final

We use cookies to give you the best possible experience. Learn more