ക്രിക്കറ്റ് ലോകത്തെ ഒന്നടങ്കം അമ്പരപ്പിച്ച സംഭവമായിരുന്നു സ്റ്റുവര്‍ട്ട് ബ്രോഡിനെ ഇന്ത്യന്‍ ക്യാപ്റ്റന്‍ ജസ്പ്രീത് ബുംറ പഞ്ഞിക്കിട്ടത്.
ഒരു വേള്‍ഡ് ക്ലാസ് ബൗളറെ മറ്റൊരു വേള്‍ഡ് ക്ലാസ് ബൗളര്‍ അറഞ്ചം പുറഞ്ചം തല്ലുകയും ടെസ്റ്റ് ക്രിക്കറ്റിലെ ഏറ്റവും എക്‌സ്‌പെന്‍സീവ് ഓവറിന്റെ റെക്കോഡ് സ്വന്തമാക്കുകയും ചെയ്തതോടെയാണ് ഇരുവരും ചര്‍ച്ചാ വിഷയമായത്.
35 റണ്‍സായിരുന്നു ബ്രോഡിന്റെ ഓവറില്‍ ഇന്ത്യ നേടിയത്. അതില്‍ 29 റണ്‍സും ബുംറ അടിച്ചു നേടിയപ്പോള്‍ 6 റണ്‍സ് എക്‌സ്ട്രാ ഇനത്തിലും ലഭിച്ചു.
ബുംറയുടെ ഇന്‍ക്രഡിബിള്‍ ഇന്നിങ്‌സായിരുന്നു ഇന്ത്യന്‍ ടോട്ടല്‍ 400 കടത്തിയത്. ടെസ്റ്റില്‍ ടി-20 കളിച്ച ബുംറയുടെ ബാറ്റിങ്ങിനെ അഭിനന്ദിച്ച് സാക്ഷാല്‍ ബ്രയാന്‍ ലാറ വരെ രംഗത്തെത്തിയിരുന്നു.
എന്നാലിപ്പോള്‍, ബുംറയെ ഒന്ന് ചൊറിഞ്ഞേക്കാം എന്ന നിലപാടാണ് ക്രിക്കറ്റ് ഓസ്‌ട്രേലിയ കൈക്കൊണ്ടത്.
ബുംറയ്ക്ക് മുമ്പ് ടെസ്റ്റില്‍ ഒരോവറില്‍ ഏറ്റവുമധികം റണ്‍സ് നേടിയതിന്റെ റെക്കോഡ് ഓസീസിന്റെ ജോര്‍ജ് ബെയ്‌ലിയുടെ പേരിലായിരുന്നു. 28 റണ്‍സായിരുന്നു ബെയ്‌ലി ഒരോവറില്‍ സ്വന്തമാക്കിയത്. (ബ്രയാന്‍ ലാറ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ഒരോവറില്‍ 28 റണ്‍സ് നേടിയിരുന്നു).
തന്റെ റെക്കോഡ് തകര്‍ത്ത ബുംറയെ ലാറ അഭിനന്ദിച്ചപ്പോള്‍ ഇതൊക്കെയെന്ത് എന്ന മട്ടായിരുന്നു ക്രിക്കറ്റ് ഓസ്‌ട്രേലിയക്ക്.
2013ല്‍ പെര്‍ത്തില്‍ വെച്ച് തങ്ങളുടെ റൈവലായ ഇംഗ്ലണ്ട് നിരയിലെ ഏറ്റവും ബെസ്റ്റ് ജെയിംസ് ആന്‍ഡേഴ്‌സണെതിരെയായിരുന്നു ബെയ്‌ലി 28 റണ്‍സടിച്ചത്. ഇതിന്റെ വീഡിയോ ടീം ഒരിക്കല്‍ക്കൂടി പോസ്റ്റ് ചെയ്യുകയായിരുന്നു.
‘അവനിപ്പോള്‍ ആ റെക്കോഡിന് ഉടമയായിരിക്കില്ല. എന്നുകരുതി WACAയില്‍ ജെയിംസ് ആന്‍ഡേഴ്‌സണെ ജോര്‍ജ് ബെയ്‌ലി പഞ്ഞിക്കിട്ടത് ഞങ്ങള്‍ക്കിപ്പോഴും ആസ്വദിക്കാന്‍ കഴിയും’ എന്ന കുറിപ്പോടെയായിരുന്നു ക്രിക്കറ്റ് ഓസ്‌ട്രേലിയ വീഡിയോ പങ്കുവെച്ചത്.
ബ്രാഡിന്റെ പതിനെട്ടാം ഓവറിലായിരുന്നു താരം ബുംറയുടെ ബാറ്റിന്റെ ചൂടറിഞ്ഞത്. രണ്ട് സിക്‌സറും അഞ്ച് ഫോറുമായിരുന്നു ആ ഓവറില്‍ പിറന്നത്. ബുംറയുടെ തകര്‍പ്പന്‍ പ്രകടനമായിരുന്നു ആദ്യ ഇന്നിങ്‌സില്‍ 416 റണ്‍സെടുക്കാന്‍ ഇന്ത്യയ്ക്ക് സഹായകമായത്.
അതേസമയം, ആദ്യ ഇന്നിങ്‌സില്‍ ഇംഗ്ലണ്ട് 284 റണ്‍സിന് പുറത്താവുകയായിരുന്നു. സെഞ്ച്വറി തികച്ച ജോണി ബെയര്‍സ്‌റ്റോയുടെ പ്രകടനമാണ് ഇംഗ്ലണ്ടിനെ ഫോളോ ഓണില്‍ നിന്നും രക്ഷിച്ചത്.
രണ്ടാം ഇന്നിങ്‌സില്‍ ഇന്ത്യ മികച്ച നിലയിലാണ് തുടരുന്നത്. മൂന്നാം ദിനം അവസാനിക്കുമ്പോള്‍ 125 റണ്‍സിന് മൂന്ന് വിക്കറ്റ് എന്ന നിലയിലാണ്.
Content Highlight: Australian Website Posts Old Video Of George Bailey Hitting James Anderson In A Dig At England After Jasprit Bumrah’s Record