| Tuesday, 28th June 2022, 1:49 pm

വിരാടിനേയും ബാബറിനേയും കൊണ്ടു വാ... എന്നാലെ നമ്മള്‍ക്ക് രക്ഷയുള്ളൂ; ക്രിക്കറ്റ് ഓസ്‌ട്രേലിയയോട് ആവര്‍ത്തിച്ചാവശ്യപ്പെട്ട് ഓസീസ് സൂപ്പര്‍ താരം

സ്പോര്‍ട്സ് ഡെസ്‌ക്

ഓസ്‌ട്രേലിയയുടെ ഫ്രാഞ്ചൈസി ലീഗായ ബിഗ് ബാഷ് ലീഗ് പ്രൈവറ്റൈസ് ചെയ്യണമെന്നും വിരാട് കോഹ്‌ലി, ബാബര്‍ അസം അടക്കമുള്ള മറ്റ് ലോകോത്തര താരങ്ങളെ ലീഗില്‍ പങ്കെടുപ്പിക്കാനുമാവശ്യപ്പെട്ട് ഓസീസ് സൂപ്പര്‍ താരം ഉസ്മാന്‍ ഖവാജ.

ബി.ബി.എല്‍ ഒരു മികച്ച ടൂര്‍ണമെന്റാണെന്നും എന്നാല്‍ വാണിജ്യാടിസ്ഥാനത്തില്‍ കൂടുതല്‍ നേട്ടം കൊയ്യണമെങ്കില്‍ ലീഗിനെ സ്വകാര്യവത്കരിക്കണമെന്നുമാണ് ഖവാജ ആവശ്യപ്പെടുന്നത്.

ബ്രെറ്റ് ലീ അടക്കമുള്ള മറ്റ് സൂപ്പര്‍ താരങ്ങള്‍ ബി.ബി.എല്‍ പ്രൈവറ്റൈസ് ചെയ്യണമെന്ന ആവശ്യമുന്നയിച്ചിരുന്നു. ഇക്കാര്യം ആവശ്യപ്പെടുന്ന ഒടുവിലത്തെ താരമാണ് ഖവാജ.

‘ബി.ബി.എല്ലിന്റെ വളര്‍ച്ചയാണ് നിങ്ങള്‍ ആഗ്രഹിക്കുന്നതെങ്കില്‍ നിങ്ങളതിനെ പ്രൈവറ്റൈസ് ചെയ്യുന്ന വിഷയം പരിഗണിക്കണം. ബി.ബി.എല്‍ വളരെ മികച്ച ഒരു ടൂര്‍ണമെന്റായി മാറിയിട്ടുണ്ട്. എന്നാല്‍ ഇതിന് എവല്യൂഷന്‍ സംഭവിക്കേണ്ടത് ആവശ്യമാണെന്നാണ് ഞാന്‍ കരുതുന്നത്,’ താരം പറയുന്നു.

താന്‍ ഈ വിഷയം ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെ സി.ഇ.ഒ നിക്ക് ഹോക്ക്‌ലിയുമായി സംസാരിച്ചിരുന്നുവെന്നും ഖവാജ പറയുന്നു.

‘ഞാന്‍ ഈ വിഷയം നിക്ക് ഹോക്ക്‌ലിയുമായി സംസാരിച്ചിരുന്നു. എനിക്ക് തോന്നുന്നത് അദ്ദേഹവും ഇതേ ചിന്തയില്‍ തന്നെയാണ് എന്നാണ്. ചില സമയങ്ങളില്‍ ക്രിക്കറ്റ് ഓസ്‌ട്രേലിയ അവരുടെ കടിഞ്ഞാണ്‍ അല്‍പം വിട്ടുനല്‍കണം,’ ഖവാജ കൂട്ടിച്ചേര്‍ത്തു.

ന്യൂ സൗത്ത് വേല്‍സും ക്വീന്‍സ്‌ലാന്‍ഡും ഈ വിഷയത്തെ വരവേറ്റിരുന്നുവെങ്കിലും ലീഗ് സ്വകാര്യവത്കരിക്കുന്നത് യുവതാരങ്ങള്‍ക്ക് വേണ്ട പ്രോത്സാഹനം നല്‍കുന്നത് കുറയും എന്ന പേടി കാരണം പിന്നോട്ട് വലിയുകയായിരുന്നു.

നേരത്തെ, ബി.ബി.എല്ലില്‍ പുതിയ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ ക്രിക്കറ്റ് ഓസ്‌ട്രേലിയ പദ്ധതികള്‍ ആവിഷ്‌കരിച്ചിരുന്നു. ലോകോത്തര താരങ്ങളെ ഡ്രാഫ്റ്റ് വഴി ലീഗിലെത്തിക്കാനാണ് ക്രിക്കറ്റ് ഓസ്‌ട്രേലിയ ശ്രമിക്കുന്നത്.

ബാബര്‍ അസം, വിരാട് കോഹ്‌ലി രോഹിത് ശര്‍മ തുടങ്ങിയ താരങ്ങളെ ബി.ബി.എല്ലിലേക്കെത്തിക്കാനും അതുവഴി ബ്രോഡ്കാസ്റ്റിങ് അടക്കം കൂടുതല്‍ വിപുലമാക്കാനുമാണ് ക്രിക്കറ്റ് ഓസ്ട്രേലിയയുടെ തീരുമാനം.

ഇതിനായി കൂടുതല്‍ ശമ്പളം ഓഫര്‍ ചെയ്ത് ഡ്രാഫ്റ്റിലൂടെ താരങ്ങളെ ബി.ബി.എല്ലിലേക്കെത്തിക്കാനാണ് ഓസ്ട്രേലിയന്‍ ക്രിക്കറ്റ് ബോര്‍ഡ് ഒരുങ്ങുന്നത്.

ബി.ബി.എല്ലിന്റെ സമയത്ത് തന്നെയാണ് യു.എ.ഇ ടി-20 ലീഗ് അടക്കമുള്ള ടൂര്‍ണമെന്റുകള്‍ നടക്കുന്നത്. ഇക്കാരണം കൊണ്ടുതന്നെ പല സൂപ്പര്‍ താരങ്ങളേയും കൂടെയെത്തിക്കാന്‍ ബി.ബി.എല്‍ ടീമുകള്‍ക്കായിരുന്നില്ല. ഇതിന് പരിഹാരം കൂടിയായിട്ടാണ് ക്രിക്കറ്റ് ഓസ്ട്രേലിയ ഡ്രാഫ്റ്റ് സിസ്റ്റം ആവിഷ്‌കരിച്ചിരിക്കുന്നത്.

ഇതുവരെ ബി.ബി.എല്‍ ടീമുകള്‍ സ്വകാര്യമായിട്ടായിരുന്നു വിദേശ താരങ്ങളെ ടീമിലെത്തിച്ചിരുന്നത്. എന്നാല്‍ ഡ്രാഫ്റ്റ് സിസ്റ്റം വരുന്നതോടെ ഐ.പി.എല്ലിലെ ലേലമെന്ന പോലെ ടീമുകള്‍ ഒരിടത്ത് ഒത്തുകൂടുകയും രണ്ടോ മൂന്നോ വിദേശ കളിക്കാരെ ടീമിലെത്തിക്കുകയും ചെയ്യും.

ഓഗസ്റ്റില്‍ ഡ്രാഫ്റ്റ് നടന്നേക്കുമെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന സൂചനകള്‍.

Content highlight: Australian Star Usman Khawaja urges Cricket Australia to privatize BBL

We use cookies to give you the best possible experience. Learn more