ടി-20 ലോകകപ്പില്‍ ഗ്രൂപ്പ് വണ്ണില്‍ നടക്കുന്ന ഓസ്‌ട്രേലിയ – ശ്രീലങ്ക മത്സരത്തിന് മുമ്പ് ഓസ്‌ട്രേലിയക്ക് വമ്പന്‍ തിരിച്ചടി. സൂപ്പര്‍ താരം ആദം സാംപ കൊവിഡ് പോസിറ്റീവായതാണ് കങ്കാരുക്കള്‍ക്ക് തലവേദനയായിരിക്കുന്നത്.
ന്യൂസിലാന്‍ഡിനെതിരായ ആദ്യ മത്സരത്തിന് പിന്നാലെ താരം ആസുഖബാധിതനാവുകയായിരുന്നു. ഇതിന് പിന്നാലെ നടത്തിയ പരിശോധനയിലാണ് താരത്തിന് കൊവിഡ് ബാധിച്ചതായി സ്ഥിരീകരിക്കുന്നത്.
എന്നിരുന്നാലും ആദം സാംപയെ ടീമിലുള്‍പ്പെടുത്താന്‍ ഓസ്‌ട്രേലിയക്ക് സാധിച്ചേക്കും.
പുതിയ റൂള്‍ പ്രകാരം, കൊവിഡ് പൊസിറ്റീവായ കളിക്കാരന്‍ ചെറിയ തോതിലുള്ള രോഗലക്ഷണങ്ങളാണ് കാണിക്കുന്നതെങ്കില്‍ അവനെ പ്ലെയിങ് ഇലവന്റെ ഭാഗമാക്കാന്‍ ടീമിന് സാധിക്കും.
ആദം സാംപക്ക് ചെറിയ രോഗലക്ഷണങ്ങള്‍ മാത്രമാണ് ഉള്ളതെന്നും താരം ടീമിന്റെ ഭാഗമാകാന്‍ സാധ്യതയുണ്ടെന്നും ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ടീമിന്റെ വക്താവ് പറഞ്ഞു. എന്നിരുന്നാലും താരത്തിന്റെ കാര്യത്തില്‍ ടീം ഇനിയും അന്തിമമായ ഒരു തീരുമാനത്തിലേക്കെത്തിയിട്ടില്ല.
പെര്‍ത്തില്‍ വെച്ചാണ് ഓസ്‌ട്രേലിയ – ശ്രീലങ്ക മത്സരം. ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ ആദം സാംപയുടെ കാര്യത്തില്‍ ടോസിന് മുമ്പ് തന്നെ ഓസീസ് ഒരു തീരുമാനമെടുക്കാന്‍ സാധ്യതയില്ല.
ആദ്യ മത്സരത്തിലെ ഞെട്ടിക്കുന്ന തോല്‍വിക്ക് പിന്നാലെയാണ് ഓസീസ് സ്വന്തം കാണികളുടെ മുമ്പില്‍ രണ്ടാമതും ഇറങ്ങുന്നത്. സിഡ്‌നി ക്രിക്കറ്റ് ഗ്രൗണ്ടില്‍ വെച്ച് നടന്ന മത്സരത്തില്‍ 89 റണ്‍സിനായിരുന്നു ഓസീസ് ന്യൂസിലാന്‍ഡിനോട് തോല്‍വി വഴങ്ങിയത്.
ടോസ് നേടി എതിരാളികളെ ബാറ്റിങ്ങിനയച്ച ഓസീസിന്റെ തീരുമാനം പാടെ പാളിയിരുന്നു. ഓപ്പണര്‍മാര്‍ ആഞ്ഞടിച്ചതോടെ ന്യൂസിലാന്‍ഡ് സ്‌കോര്‍ ഉയര്‍ന്നു. 16 പന്തില്‍ നിന്നും 42 റണ്‍സ് നേടിയ ഫിന്‍ അലന്റെയും 58 പന്തില്‍ നിന്നും പുറത്താവാതെ 92 റണ്‍സടിച്ച ഡെവോണ്‍ കോണ്‍വേയുടെയും ഇന്നിങ്‌സിന്റെ ബലത്തില്‍ കിവീസ് 200 റണ്‍സ് നേടി.
മറുപടി ബാറ്റിങ്ങിനിറങ്ങിയ കങ്കാരുക്കളെ കിവികള്‍ കൊത്തിപ്പറിച്ചു. ന്യൂസിലാന്‍ഡ് നിരയില്‍ പന്തറിഞ്ഞ എല്ലാവരും വിക്കറ്റ് നേടിയപ്പോള്‍ ഓസീസ് 17.1 ഓവറില്‍ 111 റണ്‍സിന് ഓള്‍ ഔട്ടായി.
2.1 ഓവറില്‍ കേവലം ആറ് റണ്‍സ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തിയ ടിം സൗത്തിയും നാല് ഓവറില്‍ 31 റണ്‍സിന് മൂന്ന് വിക്കറ്റ് വീഴ്ത്തിയ മിച്ചല്‍ സാന്റ്‌നറും ചേര്‍ന്നാണ് ഓസീസിനെ തരിപ്പണമാക്കിയത്.