| Wednesday, 1st March 2023, 10:58 am

പേസിനെ തുണയ്ക്കുന്ന പിച്ചൊരുക്കിയവനെ ഇങ്ങ് വിളി; മാലപ്പടക്കം പോലെ ഇന്ത്യന്‍ വിക്കറ്റുകള്‍ പിഴുതെറിഞ്ഞ് സ്പിന്നര്‍മാര്‍

സ്പോര്‍ട്സ് ഡെസ്‌ക്

ബോര്‍ഡര്‍ – ഗവാസ്‌കര്‍ ട്രോഫിയിലെ മൂന്നാം ടെസ്റ്റില്‍ ദുരന്തമായി ഇന്ത്യന്‍ ടോപ് ഓര്‍ഡര്‍. ഒന്നിന് പിന്നാലെ ഒന്ന് എന്ന നിലയില്‍ വിക്കറ്റുകള്‍ വലിച്ചെറിഞ്ഞാണ് ഇന്ത്യ പരുങ്ങുന്നത്. മികച്ച തുടക്കം ലഭിച്ചതിന് ശേഷമാണ് ഇന്ത്യന്‍ ടോപ് ഓര്‍ഡര്‍ പടുകുഴിയിലേക്ക് വീണത്.

കെ.എല്‍. രാഹുലിന് പകരം ടീമിലെത്തിയ ശുഭ്മന്‍ ഗില്ലാണ് രോഹിത് ശര്‍മക്കൊപ്പം ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്തത്. ഒരുവേള അഞ്ച് ഓവറില്‍ വിക്കറ്റൊന്നും നഷ്ടപ്പെടാതെ 26 റണ്‍സ് എന്ന നിലയില്‍ നിന്നും സ്‌കോര്‍ ബോര്‍ഡില്‍ 50 റണ്‍സ് തികയും മുമ്പേ അഞ്ച് വിക്കറ്റുകള്‍ നഷ്ടപ്പെട്ട അവസ്ഥയിലാണ്ഇന്ത്യയിപ്പോള്‍.

23 പന്തില്‍ നിന്നും 12 റണ്‍സുമായി ക്യാപ്റ്റന്‍ രോഹിത് ശര്‍മയാണ് ആദ്യം മടങ്ങിയത്. മാത്യു കുന്‍മാനാണ് വിക്കറ്റ് നേടിയത്. പിന്നാലെ ടീം സ്‌കോര്‍ 34ല്‍ നില്‍ക്കവെ കുന്‍മാന് വിക്കറ്റ് നല്‍കി ഗില്ലും പുറത്തായി. പിന്നീടെല്ലാം പെട്ടെന്നായിരുന്നു. കണ്ണടച്ചുതുറക്കും മുമ്പേ ഇന്ത്യയുടെ മൂന്ന് മുന്‍നിര വിക്കറ്റുകള്‍ കൂടി ഓസീസ് ബൗളര്‍മാര്‍ പറിച്ചെറിഞ്ഞു.

നാല് പന്തില്‍ നിന്നും ഒരു റണ്‍സുമായി ചേതേശ്വര്‍ പൂജാരയും ഒമ്പത് പന്തില്‍ നിന്നും നാല് റണ്‍സുമായി ജഡേജയും വന്നതുപോലെ മടങ്ങി. ആറാമനായി കളത്തിലിറങ്ങി സില്‍വര്‍ ഡക്കായി മടങ്ങാനായിരുന്നു ശ്രേയസ് അയ്യരുടെ വിധി.

പൂജാരയെയും ജഡേജയെയും നഥാന്‍ ലിയോണ്‍ പുറത്താക്കിയപ്പോള്‍ അയ്യരെ കുന്‍മാനും മടക്കി.

ചുവന്ന മണ്ണുപയോഗിച്ച് ഒരുക്കിയ ഇന്‍ഡോറിലെ പിച്ച് പേസിനെ തുണക്കുമെന്നായിരുന്നു വിലയിരുത്തിയത്. എന്നാല്‍ പേസിനെ തുണക്കുമെന്ന് പ്രതീക്ഷിച്ച പിച്ചില്‍ സ്പിന്നര്‍മാരുടെ സംഹാര താണ്ഡവമായിരുന്നു നടന്നത്.

നിലവില്‍ 15 ഓവര്‍ പിന്നിടുമ്പോള്‍ 58 റണ്‍സിന് അഞ്ച് എന്ന നിലയിലാണ് ഇന്ത്യ. 24 പന്തില്‍ നിന്നും 16 റണ്‍സ് നേടിയ വിരാട് കോഹ്‌ലിയും പത്ത് പന്തിവല്‍ നിന്നും നാല് റണ്‍സുമായി എസ്. ഭരത്തുമാണ് ക്രീസില്‍.

ഇന്ത്യ ഇലവന്‍

ശുഭ്മന്‍ ഗില്‍, രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ചേതേശ്വര്‍ പൂജാര, വിരാട് കോഹ്‌ലി, ശ്രേയസ് അയ്യര്‍, എസ്. ഭരത് (വിക്കറ്റ് കീപ്പര്‍), രവീന്ദ്ര ജഡേജ, ആര്‍ അശ്വിന്‍, മുഹമ്മദ് സിറാജ്, ഉമേഷ് യാദവ്.

ഓസ്ട്രേലിയ ഇലവന്‍

ട്രാവിസ് ഹെഡ്, ഉസ്മാന്‍ ഖവാജ, സ്റ്റീവ് സ്മിത് (ക്യാപ്റ്റന്‍), മാര്‍നസ് ലബുഷാന്‍, അലക്സ് കാരി (വിക്കറ്റ് കീപ്പര്‍), കാമറൂണ്‍ ഗ്രീന്‍, പീറ്റര്‍ ഹാന്‍ഡ്സ്‌കോംബ്, ടോഡ് മര്‍ഫി, നഥാന്‍ ലിയോണ്‍, മാത്യു കുന്‍മാന്‍, മിച്ചല്‍ സ്റ്റാര്‍ക്.

Content Highlight: Australian spinners shattered India’s top order in 3rd test

We use cookies to give you the best possible experience. Learn more