ചരിത്രത്തിലെ തന്നെ ഏറ്റവും ചെറിയ വിരമിക്കല്‍; എതിരാളികളോട് ഇതിഹാസത്തെ ടീമിലെത്തിക്കാന്‍ കമ്മിന്‍സ്
Sports News
ചരിത്രത്തിലെ തന്നെ ഏറ്റവും ചെറിയ വിരമിക്കല്‍; എതിരാളികളോട് ഇതിഹാസത്തെ ടീമിലെത്തിക്കാന്‍ കമ്മിന്‍സ്
സ്പോര്‍ട്സ് ഡെസ്‌ക്
Sunday, 3rd March 2024, 8:06 pm

ന്യൂസിലാന്‍ഡ് ഇതിഹാസ താരം നീല്‍ വാഗ്നര്‍ വിരമിക്കല്‍ പ്രഖ്യാപനം പിന്‍വലിച്ച് തിരിച്ചുവരുന്നു എന്ന റിപ്പോര്‍ട്ടുകളോട് പ്രതികരിച്ച് ഓസീസ് നായകന്‍ പാറ്റ് കമ്മിന്‍സ്. ഓസ്‌ട്രേലിയയുടെ ന്യൂസിലാന്‍ഡ് പര്യടനത്തിനിടെയാണ് കമ്മിന്‍സ് വാഗ്നറിന്റെ വിരമിക്കലിനെ കുറിച്ച് സംസാരിച്ചത്.

ഓസ്‌ട്രേലിയ – ന്യൂസിലാന്‍ഡ് പരമ്പരക്കുള്ള സ്‌ക്വാഡില്‍ ഇടം നേടാന്‍ സാധിക്കാതെ പോയതിന് പിന്നാലെയാണ് വാഗ്നര്‍ വിരമിക്കല്‍ പ്രഖ്യാപിച്ചത്. ന്യൂസിലാന്‍ഡിന്റെ ടെസ്റ്റ് ചരിത്രത്തിലെ ഏറ്റവും വലിയ വിരമിക്കലുകളിലൊന്നായിരുന്നു വാഗ്നറിന്റേത്.

എന്നാല്‍ ആദ്യ മത്സരത്തില്‍ ഓസീസിനോട് 172 റണ്‍സിന്റെ കൂറ്റന്‍ പരാജയമേറ്റുവാങ്ങേണ്ടി വന്നതിന് പിന്നാലെ വാഗ്നറിനെ തിരിച്ചുകൊണ്ടുവരാനുള്ള ഒരുക്കത്തിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍. നായകന്‍ ടിം സൗത്തിയടക്കം വാഗ്നര്‍ തിരിച്ചുവരുന്നതിന്റെ സൂചനകള്‍ നല്‍കുന്നുണ്ട്.

ഇപ്പോള്‍ വാഗ്നര്‍ തിരിച്ചുവരികയാണെന്ന റിപ്പോര്‍ട്ടുകളോട് പ്രതികരിക്കുകയാണ് പാറ്റ് കമ്മിന്‍സ്. ലോകത്തിലെ ഏറ്റവും ചെറിയ വിരമിക്കല്‍ എന്നാണ് കമ്മിന്‍സ് ഇതിനെ വിശേഷിപ്പിച്ചത്. ടീമിന് ആവശ്യമെങ്കില്‍ വാഗ്നറിനെ തിരിച്ചുകൊണ്ടുവരാനും കമ്മിന്‍സ് ആവശ്യപ്പെടുന്നുണ്ട്.

‘ലോകത്തിലെ ഏറ്റവും ദൈര്‍ഘ്യം കുറഞ്ഞ വിരമിക്കല്‍. എന്തുകൊണ്ട് അത് ചെയ്തുകൂടാ? അവനാണ് നിങ്ങളുടെ അടുത്ത മികച്ച ബൗളറെങ്കില്‍ തീര്‍ച്ചയായും അവനെ കൊണ്ടുവരാന്‍ ശ്രമിക്കൂ,’ എന്നാണ് കമ്മിന്‍സ് അഭിപ്രായപ്പെട്ടത്.

രണ്ടാം ടെസ്റ്റില്‍ വാഗ്നര്‍ മടങ്ങിയെത്തുകയാണെങ്കില്‍ ഓസ്‌ട്രേലിയക്ക് ആദ്യ ടെസ്റ്റിനേക്കാളേറെ ബുദ്ധിമുട്ടേണ്ടി വരുമെന്നുറപ്പാണ്.

വെല്ലിങ്ടണില്‍ നടന്ന പരമ്പരയിലെ ആദ്യ മത്സരത്തില്‍ കാമറൂണ്‍ ഗ്രീനും നഥാന്‍ ലിയോണും ചേര്‍ന്നാണ് കങ്കാരുക്കള്‍ക്ക് മികച്ച വിജയം സമ്മാനിച്ചത്.

മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഓസ്‌ട്രേലിയ കാമറൂണ്‍ ഗ്രീനിന്റെ സെഞ്ച്വറി കരുത്തില്‍ 383 റണ്‍സ് നേടി. 275 പന്ത് നേരിട്ട് പുറത്താകാതെ 175 റണ്‍സാണ് ഗ്രീന്‍ സ്വന്തമാക്കിയത്.

ആദ്യ ഇന്നിങ്‌സിനിറങ്ങിയ ന്യൂസിലാന്‍ഡിന് നഥാന്‍ ലിയോണിന്റെ സ്പിന്‍ പരീക്ഷണത്തിനുള്ള ഉത്തരമില്ലായിരുന്നു. ലിയോണ്‍ നാല് വിക്കറ്റുമായി തേര്‍വാഴ്ച തുടര്‍ന്നപ്പോള്‍ കിവീസ് 179ന് ഓള്‍ ഔട്ടായി.

ആദ്യ ഇന്നിങ്‌സില്‍ നഥാന്‍ ലിയോണ്‍ ന്യൂസിലാന്‍ഡിനോട് ചെയ്തതെന്തോ അത് ഓസീസിന്റെ രണ്ടാം ഇന്നിങ്‌സില്‍ ഗ്ലെന്‍ ഫിലിപ്‌സ് തിരിച്ചുചെയ്തപ്പോള്‍ സന്ദര്‍ശകര്‍ നിന്നുവിറച്ചു. ഫിലിപ്‌സ് ഫൈഫറുമായി തിളങ്ങിയപ്പോള്‍ 164ന് ഓസീസ് പുറത്തായത്.

369 റണ്‍സിന്റെ ലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ കിവികള്‍ക്കും വിജയത്തിനും ഇടയില്‍ നഥാന്‍ ലിയോണ്‍ എന്ന മഹാമേരു വീണ്ടും പ്രതിബന്ധം സൃഷ്ടിച്ചു. ആറ് വിക്കറ്റുമായി ലിയോണ്‍ ടെന്‍ഫര്‍ നേടി കിവികളുടെ വിജയമോഹം തല്ലിക്കെടുത്തി.

ഒടുവില്‍ 169 റണ്‍സിന് ന്യൂസിലാന്‍ഡ് ഓള്‍ ഔട്ടായി.

ഈ വിജയത്തിന് പിന്നാലെ രണ്ട് മത്സരങ്ങളടങ്ങിയ പരമ്പരയിലെ ആദ്യ മത്സരം അവസാനിച്ചപ്പോള്‍ 1-0ന് മുമ്പിലെത്താനും ഓസ്‌ട്രേലിയക്കായി. മാര്‍ച്ച് എട്ടിനാണ് പരമ്പരയിലെ അവസാന മത്സരം. ഹെഗ്ലി ഓവലാണ് വേദി.

 

Content Highlight: Australian skipper Pat Cummins has responded to reports that Neil Wagner has withdrawn his retirement announcement and is making a comeback.