കാന്‍ബറ: ബ്രിട്ടനിലെ ചാള്‍സ് രാജാവിനെതിരെ കൊളോണിയല്‍ വിരുദ്ധ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തി ഓസ്ട്രേലിയന്‍ സെനറ്റര്‍ ലിഡിയ തോര്‍പ്പ്. ഇത് നിങ്ങളുടെ നാടല്ലെന്നും നിങ്ങള്‍ തന്റെ രാജാവല്ലെന്നുമാണ് ലിഡിയ മുദ്രാവാക്യമുയര്‍ത്തിയത്. അഞ്ച് ദിവസത്തെ ഓസ്ട്രേലിയന്‍ പര്യടനത്തിനെത്തിയ ചാള്‍സ് രാജാവിന് നേരെ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തികൊണ്ട് ലിഡിയ ഓടി അടുക്കുകയായിരുന്നു.
ചാള്‍സ് മൂന്നാമന്‍ ഓസ്ട്രേലിയയുടെ പാര്‍ലമെന്റ് ഹൗസിലെ പ്രസംഗം പൂര്‍ത്തിയാക്കി പുറത്തിറങ്ങിയതിന് പിന്നാലെയാണ് സംഭവമുണ്ടായത്. പ്രതിഷേധത്തെ തുടര്‍ന്ന് ലിഡിയയെ സുരക്ഷാ ഉദ്യോഗസ്ഥര്‍ സ്ഥലത്ത് നിന്ന് മാറ്റുകയായിരുന്നു.
‘ഓസ്ട്രേലിയന്‍ ജനതക്കെതിരെ വംശഹത്യ നടത്തിയ വ്യക്തിയാണ് നിങ്ങള്‍. ഇത് നിങ്ങളുടെ ഭൂമിയല്ലെന്ന് ഓര്‍ക്കുക. ഞങ്ങളില്‍ നിന്ന് മോഷ്ടിച്ചതെല്ലാം തിരികെ നല്‍കൂ. ഞങ്ങളുടെ ഭൂമി, പൗരന്മാര്‍, കുഞ്ഞുങ്ങള്‍ അസ്ഥികള്‍, തലയോട്ടികള്‍ തുടങ്ങിയ എല്ലാം. ഞങ്ങളുടെ ഭൂമിയെ ഇല്ലാതാക്കിയവരാണ് നിങ്ങള്‍,’എന്നാണ് ലിഡിയ തോര്‍പ്പ് പറഞ്ഞത്.
തുടര്‍ന്നാണ് ലിഡിയയുടെ പ്രതിഷേധത്തില്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ ഇടപെട്ടത്. പിന്നാലെ ‘ഞങ്ങളുടെ ഭൂമി നിങ്ങള്‍ തിരികെ നല്‍കൂ, ഞങ്ങളില്‍ നിന്ന് മോഷ്ടിച്ചതെല്ലാം തിരികെ നല്‍കൂ, എന്ന് ലിഡിയ രാഷ്ട്രത്തലവന്‍ കൂടിയായ ചാള്‍സ് മൂന്നാമനെതിരെ ആക്രോശിക്കുകയും ചെയ്തു.
പ്രധാനമന്ത്രി ആന്റണി അല്‍ബനീസ് ഉള്‍പ്പെടെയുള്ള നേതാക്കളെ കാണുന്നതിനായാണ് ചാള്‍സ് രാജാവും കാമില രാജ്ഞിയും കാന്‍ബറയിലെത്തിയത്. ചാള്‍സ് രാജാവിനെതിരായ ഓസ്ട്രേലിയന്‍ സെനറ്ററുടെ പ്രതിഷേധത്തിന്റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചതോടെയാണ് സംഭവം ആഗോള തലത്തില്‍ ശ്രദ്ധ നേടുന്നത്.
പാര്‍ലമെന്റിലെ ചടങ്ങിനിടെ ഓസ്ട്രേലിയന്‍ ഗായക സംഘം ചാള്‍സ് രാജാവിനായി നടത്തിയ വിരുന്നിനോട് ലിഡിയ മുഖം തിരിച്ചിരുന്നതായും അന്താരാഷ്ട്ര മാധ്യമങ്ങളുടെ റിപ്പോര്‍ട്ടുകള്‍ പറയുന്നു.
ലിഡിയയുടെ പ്രതിഷേധം രൂക്ഷമായതോടെ പാര്‍ലമെന്റ് ഹൗസിലെ ചടങ്ങുകള്‍ ഓസ്ട്രേലിയന്‍ അധികൃതര്‍ അവസാനിപ്പിക്കുകയും ചെയ്തു. ലിഡിയയ്ക്ക് പുറമെ ഓസ്ട്രേലിയന്‍ യുദ്ധസ്മാരകം സന്ദര്‍ശിക്കാനെത്തിയ ചാള്‍സിനും കാമിലയ്ക്കുമെതിരെ ആദിവാസി സംഘടനകളുടെ പതാകകളുമായി നിരവധി ആളുകള്‍ പ്രതിഷേധിക്കുകയും ചെയ്തിരുന്നു.
ലിഡിയ തോര്‍പ്പ് വിക്ടോറിയയില്‍ നിന്നുള്ള ഒരു സ്വതന്ത്ര സെനറ്ററാണ്. ആദിവാസി വിഭാഗത്തിലാണ് ലിഡിയയുടെ ജനനം. 2022ല്‍ സത്യപ്രതിജ്ഞ ചെയ്യുമ്പോള്‍ എലിസബത്ത് രണ്ടാമനെതിരെ ലിഡിയ തോര്‍പ്പ് ‘കോളനിവത്കരിക്കുന്നു’ എന്ന് വിശേഷിപ്പിച്ച് പ്രതിഷേധിക്കുകയുണ്ടായി. തന്റെ നിലപാടുകള്‍ വ്യക്തമാക്കിയതിന്റെ പേരില്‍ നിരവധി തവണ ലിഡിയ തോര്‍പ്പ് ലോകശ്രദ്ധ നേടിയിട്ടുണ്ട്.
ഓസ്ട്രേലിയ കഴിഞ്ഞ ഒരു നൂറ്റാണ്ടായി ബ്രിട്ടന്റെ കോളനിയാണ്. 1901ല്‍ സ്വാതന്ത്ര്യം നേടിയെങ്കിലും ഓസ്ട്രേലിയ ഇതുവരെ പൂര്‍ണമായും ഒരു റിപ്പബ്ലിക്കന്‍ രാജ്യമായിട്ടില്ല. കഴിഞ്ഞ ഒരു നൂറ്റാണ്ടിനിടെ ആയിരക്കണക്കിന് ഓസ്ട്രേലിയന്‍ പൗരന്മാര്‍ കൊല്ലപ്പെടുകയോ നാടുകടത്തപ്പെടുകയോ ചെയ്തിട്ടുണ്ട്. ബ്രിട്ടനില്‍ നിന്നുള്ള നിരന്തരമായ കുടിയേറ്റം രാജ്യത്തെ തദ്ദേശീയര്‍ ചൂഷണം ചെയ്യപ്പെടാന്‍ കാരണമാവുകയും ചെയ്തു.
തദ്ദേശീയരായ ഓസ്ട്രേലിയക്കാരെ അംഗീകരിക്കണമെന്നും ഒരു തദ്ദേശീയ കണ്‍സള്‍ട്ടേറ്റീവ് ബോഡി രൂപീകരിക്കണമെന്നും ചൂണ്ടിക്കാട്ടുന്ന ഭരണഘടനയിലെ നിര്‍ദേശങ്ങള്‍ ഓസ്ട്രേലിയന്‍ സര്‍ക്കാര്‍ 2023ല്‍ നിഷേധിച്ചിരുന്നു.
സര്‍ക്കാരിന്റെ പ്രസ്തുത തീരുമാനം ഉള്‍പ്പെടെ ചൂണ്ടിക്കാട്ടിയാണ് ചാള്‍സ് രാജാവിനെതിരെ യുദ്ധ സ്മാരകത്തിന് മുമ്പില്‍ പ്രതിഷേധമുണ്ടായത്. രാജാവായതിന് ശേഷം ചാള്‍സ് മൂന്നാമന്‍ ഓസ്ട്രേലിയയില്‍ നടത്തിയ ആദ്യ സന്ദര്‍ശനം കൂടിയായിരുന്നു ഇത്.
അതേസമയം ലിഡിയയുടെ പ്രതിഷേധത്തിനെതിരെ മുന്‍ പ്രധാനമന്ത്രി ടോണി ആബട്ട് അടങ്ങുന്ന ഒരു സംഘം നേതാക്കള്‍ രംഗത്തെത്തുകയുണ്ടായി. ‘പ്രതിഷേധിക്കേണ്ട വിധം അങ്ങനെയായിരുന്നില്ല, നിര്‍ഭാഗ്യകരം’ എന്നായിരുന്നു ആബട്ടിന്റെ പ്രതികരണം.
എന്നാല്‍ ലിഡിയയുടെ പ്രതിഷേധം ജനാധിപത്യപരമാണെന്നും ചിലര്‍ ചൂണ്ടിക്കാട്ടി. കോളനിവത്ക്കരണത്തിനും അടിമത്വത്തിനുമെതിരെ പോരാടുന്ന സ്വാതന്ത്ര വനിതെയെന്നും ചിലര്‍ ലിഡിയ തോര്‍പ്പിനെ വിശേഷിപ്പിച്ചു.
Content Highlight: Australian Senator Lidia Thorpe against King Charles