| Wednesday, 1st January 2025, 10:11 pm

ബുംറയുടെ സമഗ്രാധിപത്യം; താരത്തെ പിടിച്ചുകെട്ടാനുള്ള 'നിയമം കൊണ്ടുവരാന്‍' ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി

സ്പോര്‍ട്സ് ഡെസ്‌ക്

ബോര്‍ഡര്‍ – ഗവാസ്‌കര്‍ ട്രോഫിയിലെ സൂപ്പര്‍ താരം ജസ്പ്രീത് ബുംറയുടെ ഡോമിനേഷനെ പ്രശംസിച്ച് ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി ആന്തണി ആല്‍ബനീസ്. ബുംറയുടെ മികച്ച പ്രകടനത്തിന് തടയിടാന്‍ നിയമനിര്‍മാണം നടത്തണമെന്നാണ് ആല്‍ബനീസ് തമാശപൂര്‍വം പറഞ്ഞത്.

സിഡ്‌നി ടെസ്റ്റിന് മുമ്പായി പുതുവര്‍ഷ ദിനത്തില്‍ ഇന്ത്യ – ഓസ്‌ട്രേലിയ താരങ്ങള്‍ കിരിബിലി ഹൗസില്‍ പ്രധാനമന്ത്രി സംഘടിപ്പിച്ച വിരുന്നില്‍ പങ്കെടുത്തിരുന്നു. ഈ വിരുന്നിനിടെയാണ് ബുംറയെ പിടിച്ചുകെട്ടാനുള്ള പുതിയ ‘വഴിയുമായി’ പ്രധാനമന്ത്രിയെത്തിയത്.

‘ജസ്പ്രീത് ബുംറ ഇടം കൈകൊണ്ട് പന്തെറിയണം എന്നൊരു നിയമം ഇവിടെ കൊണ്ടുവരാം. ഓരോ തവണയും അവന്‍ പന്തെറിയാനെത്തുമ്പോള്‍ അവന്‍ ആവേശം കൊള്ളിക്കുകയാണ്,’ ആല്‍ബനീസ് തമാശപൂര്‍വം പറഞ്ഞതായി സിഡ്‌നി മോണിങ് ഹെറാള്‍ഡ് റിപ്പോര്‍ട്ട് ചെയ്തു.

പരമ്പരയില്‍ ജസ്പ്രീത് ബുംറ ഒറ്റയ്ക്കാണ് ഓസ്‌ട്രേലിയയെ തകര്‍ത്തെറിയുന്നത്. ബോര്‍ഡര്‍ – ഗവാസ്‌കര്‍ ട്രോഫിയിലെ നാല് മത്സരത്തില്‍ നിന്നും 30 വിക്കറ്റുമായാണ് ജസ്പ്രീത് ബുംറ പരമ്പരയിലെ വിക്കറ്റ് വേട്ടക്കാരില്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്നത്. 20 വിക്കറ്റുമായി ഓസ്‌ട്രേലിയന്‍ നായകന്‍ പാറ്റ് കമ്മിന്‍സാണ് രണ്ടാമന്‍.

12.83 ശരാശരിയിലാണ് ബുംറ ഈ പരമ്പരയില്‍ പന്തെറിയുന്നത്. 28.27 സ്‌ട്രൈക്ക് റേറ്റുള്ള ബുംറയുടെ എക്കോണമി 2.72 മാത്രമാണ്. മൂന്ന് തവണ അഞ്ച് വിക്കറ്റ് നേട്ടവും ബുംറ ഈ പരമ്പരയില്‍ സ്വന്തമാക്കിയിട്ടുണ്ട്.

മെല്‍ബണിലെ ബോക്‌സിങ് ഡേ ടെസ്റ്റിന്റെ രണ്ടാം ഇന്നിങ്‌സില്‍ ഫൈഫറുമായാണ് ബുംറ തിളങ്ങിയത്. ഈ മികച്ച പ്രകടനത്തിന് പിന്നാലെ ഈ വര്‍ഷം തന്റെ ടെസ്റ്റ് വിക്കറ്റ് നേട്ടം 71 ആയി ഉയര്‍ത്താനും താരത്തിനായി.

ഈ വര്‍ഷത്തെ ടെസ്റ്റ് വിക്കറ്റ് വേട്ടക്കാരില്‍ ഒന്നാമനും ബുംറ തന്നെയാണ്. 26 ഇന്നിങ്‌സില്‍ നിന്നും 14.92 ശരാശരിയില്‍ പന്തെറിയുന്ന ബുംറ നാല് തവണ നാല് വിക്കറ്റ് നേട്ടവും അഞ്ച് വിക്കറ്റ് നേട്ടം അഞ്ച് തവണയും സ്വന്തമാക്കി.

2024ലെ ഐ.സി.സി ക്രിക്കറ്റര്‍ ഓഫ് ദി ഇയര്‍ പുരസ്‌കരത്തിനും ഐ.സി.സി ടെസ്റ്റ് ക്രിക്കറ്റര്‍ ഓഫ് ദി ഇയര്‍ പുരസ്‌കരത്തിനുമുള്ള ചുരുക്കപ്പട്ടികയില്‍ ബുംറ ഇടം നേടിയിട്ടുണ്ട്. ഈ വര്‍ഷം മികച്ച പ്രകടനം തന്നെ പുറത്തെടുത്ത ബുംറ ഐ.സി.സി പുരസ്‌കാര വേദിയിലും തിളങ്ങുമെന്നാണ് ആരാധകര്‍ ഉറച്ചുവിശ്വസിക്കുന്നത്.

Content Highlight:  Australian Prime Minister Anthony Albanese jokingly says he will introduce legislation to resist Jaspreet Bumrah

Latest Stories

We use cookies to give you the best possible experience. Learn more