|

ഇന്ത്യന്‍ ക്രിക്കറ്റിലെ അടുത്ത സൂപ്പര്‍സ്റ്റാര്‍ അവനാണ്; ഓസ്ട്രേലിയന്‍ സൂപ്പര്‍താരങ്ങളെല്ലാം ഒരുമിച്ച് പറയുന്നത് ഒറ്റപേര്

സ്പോര്‍ട്സ് ഡെസ്‌ക്

ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള ആവേശകരമായ ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫിക്കാണ് ക്രിക്കറ്റ് ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്നത്. നവംബര്‍ 22 മുതല്‍ ജനുവരി ഏഴ് വരെയാണ് പരമ്പര ഷെഡ്യൂള്‍ ചെയ്തിട്ടുള്ളത്. ബോര്‍ഡര്‍ ഗവാസ്‌ക്കര്‍ ട്രോഫിയില്‍ അഞ്ച് ടെസ്റ്റ് മത്സരങ്ങളാണ് ഇന്ത്യ ഓസ്ട്രേലിയയില്‍ വെച്ച് കളിക്കുക.

ഇപ്പോള്‍ ഈ പരമ്പരക്ക് മുന്നോടിയായി ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ അടുത്ത സൂപ്പര്‍സ്റ്റാര്‍ ആരാകുമെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് ഓസ്‌ട്രേലിയന്‍ സൂപ്പര്‍ താരങ്ങളായ സ്റ്റീവ് സ്മിത്ത്, മിച്ചല്‍ സ്റ്റാര്‍ക്ക്, ജോഷ് ഹേസല്‍വുഡ്, നഥാന്‍ ലിയോണ്‍, അലക്‌സ് കാരി എന്നിവര്‍. ഇന്ത്യന്‍ യുവ ഓപ്പണര്‍ യശ്വസി ജെയ്സ്വാളിനെയാണ് ഓസ്‌ട്രേലിയന്‍ താരങ്ങള്‍ അടുത്ത ഇന്ത്യന്‍ ക്രിക്കറ്റിലെ സൂപ്പര്‍ സ്റ്റാറായി വിശേഷിച്ചത്.

കഴിഞ്ഞ വര്‍ഷമാണ് ഇന്ത്യന്‍ ക്രിക്കറ്റില്‍ രാജസ്ഥാന്‍ റോയല്‍സ് താരം അരങ്ങേറ്റം കുറിച്ചത്. ഇന്ത്യക്കായി റെഡ് ബോള്‍ ക്രിക്കറ്റില്‍ ഒമ്പത് മത്സരങ്ങളില്‍ 16 ഇന്നിങ്സുകളില്‍ നിന്നും 1028 റണ്‍സാണ് ജെയ്സ്വാള്‍ നേടിയിട്ടുള്ളത്. മൂന്ന് സെഞ്ച്വറികളും നാല് അര്‍ധസെഞ്ച്വറികളും താരം ടെസ്റ്റ് ക്രിക്കറ്റില്‍ നേടി.

ടി-20യില്‍ 23 മത്സരങ്ങളില്‍ നിന്നും ഒരു സെഞ്ച്വറിയും അഞ്ച് അര്‍ധസെഞ്ച്വറികളും ഉള്‍പ്പെടെ 723 റണ്‍സും താരം നേടി. ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ രാജസ്ഥാന്‍ റോയല്‍സിനു വേണ്ടി നടത്തിയ തകര്‍പ്പന്‍ പ്രകടനങ്ങളാണ് ജെയ്സ്വാളിനെ ഇന്ത്യന്‍ ടീമില്‍ എത്തിച്ചത്.

രാജസ്ഥാന് വേണ്ടി 53 മത്സരങ്ങളില്‍ നിന്നും 1607 റണ്‍സാണ് താരം നേടിയത്. ഇതിനോടകം തന്നെ രണ്ട് സെഞ്ച്വറികളും ഒമ്പത് അര്‍ധസെഞ്ച്വറികളും ജെയ്സ്വാള്‍ നേടിയിട്ടുണ്ട്.

അതേസമയം ഓസ്‌ട്രേലിയിൽ നിന്നും തുടര്‍ച്ചയായ മൂന്നാം പരമ്പര സ്വന്തം മണ്ണില്‍ എത്തിക്കാനായിരിക്കും ഇന്ത്യ ഓസ്‌ട്രേലിയയിലേക്ക് വിമാനം കയറുക. 2016 മുതല്‍ ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫി ഇന്ത്യയുടെ കൈകളിലാണ്. ഇതിനു ശേഷം നടന്ന നാല് പരമ്പരകളിലും ഇന്ത്യയായിരുന്നു വിജയിച്ചിരുന്നത്.

അതുകൊണ്ടുതന്നെ കങ്കാരുപ്പടയ്‌ക്കെതിരെ തുടര്‍ച്ചയായ അഞ്ചാം പരമ്പര ആയിരിക്കും രോഹിത് ശര്‍മയും സംഘവും ലക്ഷ്യം വെക്കുന്നത്. എന്നാല്‍ മറുഭാഗത്ത് കഴിഞ്ഞ നാല് വര്‍ഷങ്ങളിലും നഷ്ടപ്പെട്ട കിരീടം സ്വന്തം മണ്ണില്‍ നേടാനുമായിരിക്കും കങ്കാരുപ്പട അണിനിരക്കുക.

Content Highlight: Australian Players Talks About The Net Super Star of Indian Cricket