| Wednesday, 27th September 2017, 9:13 pm

'ഇവരിതെന്തുവാടാ കാട്ടുന്നേ...'; ചിരി ക്ലബ്ബാണോ അതോ പാമ്പും കോണിയോ; ആരാധകരെ ചിരിപ്പിച്ച് ഓസീസ് പടയുടെ പുതിയ പരിശീലന മുറി, വീഡിയോ കാണാം

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുംബൈ: ഇന്ത്യന്‍ മണ്ണില്‍ ഏറ്റുവാങ്ങിയ തുടര്‍ തോല്‍വികള്‍ ഓസീസ് ടീമിനെ ആകെ പിടിച്ചുലച്ചിരിക്കുകയാണ്. എന്നാല്‍ അതെല്ലാം കംഗാരുപ്പട മറന്നതായാണ് പ്രാക്ടീസ് സെക്ഷനില്‍ നിന്നുമുള്ള കാഴ്ച്ചകള്‍ സൂചിപ്പിക്കുന്നത്.

കഴിഞ്ഞ ദിവസം ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. പതിവ് പ്രാക്ടീസ് രീതികളില്‍ നിന്നും വ്യത്യസ്തമായ രീതിയിലാണ് ഓസീസിന്റെ നാലാം ഏകദിനത്തിന് മുന്നോടിയായി നടന്ന പരിശീലനം.

ചിരി ക്ലബ്ബിലെ “ഹ ഹഹഹ ” ശൈലിയില്‍ പൊട്ടിച്ചിരിച്ചും പാമ്പും കോണിയിലെ ഡൈസ് പോലുള്ളത് ഉരുട്ടിയിട്ട് അതിലെ നിര്‍ദ്ദേശമനുസരിച്ച് പെരുമാറുന്നതുമാണ് ഓസീസിന്റെ പുതിയ പരിശീലന മുറ. എന്താണ് ഇവര്‍ ചെയ്യുന്നതെന്നാണ് വീഡിയോ കണ്ടവരെല്ലാം ചോദിക്കുന്നത്.

നാലാം ഏകദിനത്തിന് മുന്നോടിയായി ടീമിന് നഷ്ടപ്പെട്ട ആത്മവിശ്വാസം വീണ്ടെടുക്കാനും മത്സരത്തിന്റെ സമ്മര്‍ദ്ദം ഇല്ലാതാക്കാനുമാണ് പുതിയ പരിപാടിയെന്നാണ് കരുതുന്നത്.


Also Read:  ‘ടീമില്‍ മൊത്തം സ്മിത്തിന്റെ സ്വന്തക്കാര്‍, ക്രിക്കറ്റ് ഓസ്‌ട്രേലിയ മറുപടി പറയണം’; സ്മിത്തിനെതിരെ ആഞ്ഞടിച്ച് മുന്‍ താരങ്ങള്‍; കംഗാരുപ്പടയില്‍ വിവാദം പുകയുന്നു


അതേസമയം, ഇന്ത്യന്‍ പര്യടനത്തിലേറ്റ കനത്ത തോല്‍വി ഓസ്ട്രേലിയന്‍ ടീമിനെ പിടിച്ചുലച്ചിരിക്കുകയാണ്. നായകന്‍ സ്റ്റീവ് സ്മിത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍ താരങ്ങളടക്കം രംഗത്തെത്തിയിരിക്കുകയാണ്.

സ്മിത്ത് തന്റെ സുഹൃത്തുക്കളെ മാത്രമാണ് ടീമിലെടുക്കുന്നതെന്നായിരുന്നു മുന്‍ താരം റോഡ്നി ഹോഗിന്റെ വിമര്‍ശനം. 2016 അയര്‍ലന്റിനെതിരെ വിജയത്തിന് ശേഷം കളിച്ച 13 വിദേശ മത്സരങ്ങളില്‍ 11 ലും ടീം പരാജയപ്പെടുകയായിരുന്നു. രണ്ടെള്ളം മഴ മൂലം മുടങ്ങുകയുമായിരുന്നു.

ഇന്ത്യന്‍ മണ്ണില്‍ നടക്കുന്ന ഏകദിന പരമ്പരയില്‍ മൂന്നിലും തോറ്റ ഓസീസ് സമ്പൂര്‍ണ്ണ പരാജയം ഒഴിവാക്കാനുള്ള ശ്രമത്തിലാണ്. ബാറ്റ്സ്മാന്മാര്‍ ഇന്ത്യന്‍ പിച്ചില്‍ വെള്ളം കുടിക്കുകയാണ്. ഇതോടെയാണ് ഹോഗ്ഗ് അടക്കമുള്ളവര്‍ നായകനെതിരെ വിമര്‍ശനവുമായി രംഗത്തെത്തിയത്.

We use cookies to give you the best possible experience. Learn more