| Tuesday, 28th February 2023, 7:50 am

ഞാനതിനെ ബുള്‍ഷിറ്റ് എന്നേ വിളിക്കൂ; ഇന്ത്യന്‍ ക്യാപ്റ്റനെതിരെ ഓസീസ് താരം

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.സി.സി വനിതാ ടി-20 ലോകകപ്പ് നേടി ഓസീസ് വനിതകള്‍ ഒരിക്കല്‍ക്കൂടി ചരിത്രത്തിന്റെ ഭാഗമായിരിക്കുകയാണ്. ടൂര്‍ണമെന്റില്‍ ഒറ്റ മത്സരവും തോല്‍ക്കാതെ ചാമ്പ്യന്‍മാരാവുകയും ക്യാപ്റ്റന്‍ മെഗ് ലാനിങ്ങിന്റെ കീഴില്‍ അഞ്ചാം ഐ.സി.സി കിരീടവും നേടിയാണ് ഓസീസ് ചരിത്രം തിരുത്തിക്കുറിച്ചത്.

ടൂര്‍ണമെന്റ് കഴിഞ്ഞ് ദിവസങ്ങളായെങ്കിലും അതിന്റെ അലയൊലികള്‍ ഇനിയും അവസാനിച്ചിട്ടില്ല. പരസ്പരം കൊണ്ടും കൊടുത്തും താരങ്ങള്‍ ചര്‍ച്ചയിലേക്കുയരുകയാണ്. ഇന്ത്യ-ഓസ്‌ട്രേലിയ സെമി ഫൈനല്‍ മത്സരവും അതിന് പിന്നാലെ നടന്ന സംവാദങ്ങളുമാണ് വനിതാ ക്രിക്കറ്റ് ലോകത്തെ പ്രധാന ചര്‍ച്ചാ വിഷയം.

ഇപ്പോള്‍, ഇന്ത്യന്‍ ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗറിന്റെ പരാമര്‍ശങ്ങള്‍ക്കെതിരെ രംഗത്തുവന്നിരിക്കുകയാണ് ഓസീസ് സീനിയര്‍ താരവും പേസ് ബൗളറുമായ മേഗന്‍ ഷട്ട്. കേപ് ടൗണില്‍ വെച്ച് നടന്ന സെമി ഫൈനല്‍ മത്സരത്തില്‍ ഓസീസ് ഒരുവേള പിന്നിലായെന്ന കൗറിന്റെ പരാമര്‍ശം മേഗന്‍ അംഗീകരിച്ചിരുന്നില്ല. അതിന് മറുപടിയുമായി എത്തിയിരിക്കുകയാണ് താരം.

ഓസീസ് മുന്നോട്ട് വെച്ച 173 റണ്‍സിന്റെ വിജയലക്ഷ്യം മറികടക്കാന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗറും ജമീമ റോഡ്രിഗസും പൊരുതിനോക്കിയെങ്കിലും ആ ശ്രമം വിജയം കണ്ടില്ല. ഒടുവില്‍ നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 167 റണ്‍സായിരുന്നു ഇന്ത്യ നേടിയത്.

ഓസീസ് ബെത് മൂണിയുടെയും ആഷ്ലീഗ് ഗാര്‍ഡനറിന്റെയും ക്യാപ്റ്റന്‍ മെഗ് ലാനിങ്ങിന്റെയും തകര്‍പ്പന്‍ പ്രകടനത്തിന്റെ ബലത്തിലാണ് 172 റണ്‍സിന്റെ ടോട്ടല്‍ പടുത്തുയര്‍ത്തിയത്.

എന്നാല്‍ മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്ക് മോശം തുടക്കമായിരുന്നു ലഭിച്ചത്. സ്മൃതി മന്ദാനയും ഷെഫാലി വര്‍മയും യാഷ്ടിക ഭാട്ടിയയും പാടെ നിരാശപ്പെടുത്തി.

ക്യാപ്റ്റന്‍ ഹര്‍മനും ജെമീമയും ചേര്‍ന്ന് ഒരു ചെറുത്തുനില്‍പിന് ശ്രമിച്ചെങ്കിലും കൃത്യമായ ഇടവേളകളില്‍ വിക്കറ്റ് വീഴ്ത്തിയ ഓസീസ് മത്സരത്തില്‍ മേധാവിത്വം നിലനിര്‍ത്തി. ഒടുവില്‍ അഞ്ച് റണ്‍സിന് വിജയിച്ച് ഫൈനലിലേക്ക് പ്രവേശിക്കുകയായിരുന്നു.

ഈ മത്സരത്തിന് പിന്നാലെ കളിയുടെ ഒരുഘട്ടത്തില്‍ ഓസ്‌ട്രേലിയ പുറകിലായിരുന്നു എന്ന് ഹര്‍മന്‍ പറഞ്ഞിരുന്നു. ഇതിനുള്ള മറുപടിയാണ് മേഗന്‍ ഇപ്പോള്‍ നല്‍കുന്നത്.

‘അവസാന അഞ്ച് ഓവറുകള്‍ ഏറെ നിര്‍ണായകമായിരുന്നു. ഞങ്ങള്‍ വിക്കറ്റുകള്‍ വീഴ്ത്തുകയും അവരെ സമ്മര്‍ദ്ദത്തിലാക്കുകയും ചെയ്തു. ഞങ്ങളുടെ ബോഡി ലാംഗ്വേജ് കണ്ട ഹര്‍മന്‍ പറഞ്ഞത് ഞങ്ങളാകെ തളര്‍ന്നുവെന്നാണ്. ഞാനതിനെ ബുള്‍ഷിറ്റ് എന്ന് വിളിക്കും.

ഞങ്ങള്‍ ഒട്ടും പരിഭ്രാന്തരായില്ല, ശാന്തരായിരുന്നു. കൂട്ടത്തില്‍ ആര്‍ക്കെങ്കിലും തെറ്റ് പറ്റിയാല്‍ അവരെ കുറ്റപ്പെടുത്താറില്ല. ഞങ്ങള്‍ ഒരു ടീമാണ്. ഞങ്ങള്‍ ഒരു ടീമായാണ് കളിക്കുന്നത്, അതില്‍ ആരോടെങ്കിലും ദേഷ്യപ്പെടുന്നത് ഞങ്ങളെ ഒട്ടും സഹായിക്കില്ല. ആ വിജയം ഒരു കൂട്ടായ പരിശ്രമമായിരുന്നു,’ മേഗന്‍ പറഞ്ഞു.

Content Highlight: Australian pacer Megan Schutt against Harmanpreet Kaur

We use cookies to give you the best possible experience. Learn more