ഫയല്‍ ചിത്രം
സിഡ്‌നി: ആറ് വര്‍ഷങ്ങള്‍ക്കിപ്പുറം ടെന്നീസ് ലോകത്തെയാകമാനം കോരിത്തരിപ്പിച്ച, ആവേശിപ്പിച്ച ആ പോരാട്ടത്തിന് വീണ്ടും കളമൊരുങ്ങുകയാണ്. ടെന്നീസിലെ ഈ തലമുറയിലെ ഏറ്റവും മഹാന്മാരായ താരങ്ങളായ റോജര്‍ ഫെഡററും റാഫേല്‍ നദാലും മെല്‍ബണ്‍ പാര്‍ക്കില്‍ ഞായറാഴ്ച്ച നടക്കുന്ന ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ഫൈനലില്‍ ഏറ്റുമുട്ടും.
സെമിയില്‍ ബള്‍ഗേറിയന്‍ താരമായ ദിമിത്രോവിനെ പരാജയപ്പെടുത്തിയാണ് നദാല്‍ ഒരിക്കല്‍ കൂടി ഫെഡററുടെ മുന്നിലെ വെല്ലുവിളിയായി മാറിയത്. അഞ്ച് മണിക്കൂറോളം നീണ്ട പോരാട്ടത്തിനൊടുവിലാണ് നദാല്‍ ജയിച്ചു കയറിയത്. ആറ് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഒരു കോര്‍ട്ടിന്റെ അപ്പുറത്തും ഇപ്പുറത്തുമായി നദാലും ഫെഡററും ഇറങ്ങുന്നത്. 2011 ലായിരുന്നു ഇരുവരും തമ്മിലുള്ള അവസാന ഗ്രാന്റ് സ്ലാം ഫൈനല്‍ പോരാട്ടം.
നദാലും ഫെഡററും തമ്മിലുള്ള പോരാട്ടം ടെന്നീസ് ലോകത്തെ എന്നും ചൂടു പിടിപ്പിച്ച ചര്‍ച്ചാ വിഷയമായിരുന്നു. ഇരുവരുടേയും കാലം കഴിഞ്ഞെന്ന് വിലയിരുത്തി തുടങ്ങിയിരുന്നു ലോകം. ഇതിനിടെയാണ് ഒരുമിച്ച് ഫൈനലിലെത്തി ഇരുവരും വീണ്ടും കരുത്ത് തെളിയിച്ചത്.
ആദ്യ സെമിയില്‍ സ്റ്റാന്‍ വാവ്‌റിങ്കയെ പരാജയപ്പെടുത്തിയാണ് ഫെഡറര്‍ ഫൈനലിലെത്തിയത്. വനിതകളുടെ ഫൈനലിലും ഇത്തവണ ചരിത്ര പോരാട്ടമാണ്. വര്‍ഷങ്ങള്‍ക്ക് ശേഷം വീനസ് സഹോദരിമാരുടെ പോരാട്ടത്തിന് ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ വേദിയാകും.