World News
അനുമതി കൂടാതെ ഒരാളെയും തുറിച്ചുനോക്കരുത്; നിരോധനവുമായി ഓസ്‌ട്രേലിയന്‍ നിശാ ക്ലബ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
2022 Aug 27, 09:58 am
Saturday, 27th August 2022, 3:28 pm

കാന്‍ബറ: ഒരു വ്യക്തിയുടെ അനുമതിയില്ലാതെ അവരെ തുറിച്ച് നോക്കുന്നതിന് നിരോധനമേര്‍പ്പെടുത്തി ഓസ്‌ട്രേലിയയിലെ നൈറ്റ് ക്ലബ്.

ഓസ്ട്രേലിയയിലെ സിഡ്‌നിയിലെ നിശാ ക്ലബായ ‘ക്ലബ് 77’ ആണ് സമ്മതമില്ലാതെ മറ്റ് അതിഥികളെ തുറിച്ച് നോക്കുന്നതില്‍ നിന്നും ആളുകളെ വിലക്കുന്ന നിയമം നടപ്പിലാക്കിയതെന്ന് ‘ഇന്‍ഡിപെന്‍ഡന്റ്’ എന്ന മാധ്യമം റിപ്പോര്‍ട്ട് ചെയ്തു.

ക്ലബിനെ ഒരു സുരക്ഷിത ഇടമായി പ്രചരിപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി സീറോ ടോളറന്‍സ് ഹരാസ്‌മെന്റ് നയവും (zero-tolerance harassment policy) ക്ലബ് വിപുലീകരിച്ചിട്ടുണ്ട്.

‘ക്ലബ് കള്‍ചര്‍, കണ്‍സന്റ്, ഹരാസ്‌മെന്റ് എന്നിവയുടെ കാര്യത്തിലേക്ക് വരുമ്പോള്‍, ഞങ്ങളുടെ മൂല്യങ്ങളും ധാര്‍മികതയും പങ്കിടാത്ത ചില ആളുകളെയും നിര്‍ഭാഗ്യവശാല്‍ ക്ലബ് ആകര്‍ഷിച്ചിട്ടുണ്ട്.

ഇതിനോടുള്ള മറുപടിയെന്നോണം ഞങ്ങള്‍ ഞങ്ങളുടെ സേഫ്റ്റി ആന്‍ഡ് ഹരാസ്‌മെന്റ് പോളിസി (safety and harassment policy) അപ്ഡേറ്റ് ചെയ്തിട്ടുണ്ട്. ഈ വേദി സുരക്ഷിതമായ ഒരു ഇടമായി തുടരുന്നുവെന്ന് ഉറപ്പുവരുത്താന്‍ പുതിയ നടപടികള്‍ അവതരിപ്പിച്ചിട്ടുണ്ട്,’ ഓഗസ്റ്റ് നാലിന് പുറത്തുവിട്ട ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ ക്ലബ് അധികൃതര്‍ വ്യക്തമാക്കി.

View this post on Instagram

A post shared by Club 77 (@club77sydney)

കസ്റ്റമേഴ്‌സിന്റെയും സ്റ്റാഫിന്റെയും സ്ഥാപനവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ആര്‍ടിസ്റ്റുകളുടെയും കാര്യത്തില്‍ ക്ലബ് വളരെ തുറന്ന മനോഭാവവും സ്ഥിരതയാര്‍ന്ന ഡെക്കോറവുമാണ് സ്വീകരിക്കുന്നത്.

കള്‍ചര്‍ ഓഫ് കണ്‍സന്റ് (culture of consent) സംബന്ധിച്ച് കൂടുതല്‍ മെച്ചപ്പെടുത്തലുകള്‍ വരുത്താന്‍ കസ്റ്റമേഴ്‌സില്‍ നിന്നും ക്ലബ് ഫീഡ്ബാക്കുകളും ക്ഷണിച്ചിട്ടുണ്ട്.

Content Highlight: Australian Nightclub bans staring without Consent of other person