കാന്‍ബറ: ശബരിമലയില്‍ നടക്കുന്ന അക്രമങ്ങളില്‍ ബി.ജെ.പി യെ വിമര്‍ശിച്ച്
ഓസ്‌ട്രേലിയന്‍ പത്രം.കാവി വസ്ത്രമണിഞ്ഞെത്തിയ അക്രമകാരികള്‍ വനിതാ മാധ്യമ പ്രവര്‍ത്തകരുടെ വാഹനങ്ങള്‍ തകര്‍ക്കുന്ന ദൃശ്യങ്ങള്‍ പ്രചരിച്ചിരുന്നു. ഈ ദൃശ്യങ്ങളാണ് “ദി ഓസ്‌ട്രേലിയന്‍” എന്ന പത്രത്തിന്റെ റിപ്പോര്‍ട്ടിനാധാരമായത്.
കേരളത്തിലെ യാഥാസ്ഥിതികരായ ചിലര്‍ സ്ത്രീകളെ ക്ഷേത്രത്തില്‍ പ്രവേശിക്കുന്നതില്‍ നിന്നും തടഞ്ഞു. ഇതിനെതുടര്‍ന്ന് കല്ലേറുണ്ടാവുകയും പൊലീസ് ലാത്തി വീശുകയും ചെയ്തതോടെ ഇന്ത്യയിലെ പ്രധാനപ്പെട്ട ആരാധാനാലയത്തില്‍ സംഘര്‍ഷം ഉടലെടുക്കുകയായിരുന്നു.
സുപ്രീം കോടതി വിധി മുതലുള്ള കാര്യങ്ങള്‍ വിശദമാക്കുന്ന റിപ്പോര്‍ട്ടില്‍ മുബൈയിലെ ഹാജി അലി ദര്‍ഗ്ഗയെ കുറിച്ചും, മഹാരാഷ്ട്രയിലെ ശനി ക്ഷേത്രത്തെകുറിച്ചും പ്രതിപാദിച്ചിട്ടുണ്ട്.
ഇന്ത്യാ ടുഡേ, എന്‍.ഡി.ടി.വി, ന്യൂസ് എയിറ്റീന്‍, റിപബ്ലിക് എന്നീ വാര്‍ത്താ ചാനലുകളുടെ വനിതാ മാധ്യമ പ്രവര്‍ത്തകരെ ഭക്തരെന്ന് അവകാശപ്പെടുന്ന ചിലര്‍ ആക്രമിച്ചിരുന്നു. ഈ ദൃശ്യങ്ങള്‍ ചാനലുകള്‍ തന്നെ പുറത്ത് വിടുകയും ചര്‍ച്ചയാവുകയും ചെയ്തു.
ഇതോടെ കേരളത്തിലെ സംഘര്‍ഷാവസ്ഥ അന്താരാഷ്ട്ര ശ്രദ്ധ പിടിച്ചു പറ്റിയിരിക്കുകയാണ്. പ്രളയകാലത്ത് കേരളത്തിന്റെ അതിജീവനത്തെ കുറിച്ച് പല വിദേശ പത്രങ്ങളും റിപ്പോര്‍ട്ട് ചെയ്തിരുന്നു.