| Wednesday, 8th May 2024, 10:09 pm

'ഇന്ത്യന്‍ പ്രധാനമന്ത്രിക്ക് ഒരു കൂട്ട ബലാത്സംഗക്കാരനുമായി ബന്ധമുണ്ട്'; മോദിക്കെതിരെ ഓസ്ട്രേലിയന്‍ പത്രം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ഓസ്ട്രേലിയന്‍ പത്രമായ ഹെറാള്‍ഡ് സണ്‍. കര്‍ണാടകയിലെ ബി.ജെ.പി സഖ്യകക്ഷിയായ ജെ.ഡി.എസ് നേതാവും സിറ്റിങ് എം.പിയുമായ പ്രജ്വല്‍ രേവണ്ണക്കെതിരെയുള്ള ലൈംഗികാതിക്രമ കേസ് ചൂണ്ടിക്കാട്ടിയാണ് മോദിക്കെതിരെ പത്രത്തിന്റെ വിമര്‍ശനം.

‘ഇന്ത്യന്‍ പ്രധാനമന്ത്രിക്ക് ഒരു കൂട്ട ബലാത്സംഗക്കാരനുമായി ബന്ധമുണ്ട്’ എന്ന തലക്കെട്ടോട് കൂടിയാണ് പ്രജ്വല്‍ രേവണ്ണക്കെതിരെയുള്ള ലൈംഗികാതിക്രമ കേസ് ഹെറാള്‍ഡ് സണ്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കേസുമായി ബന്ധപ്പെട്ട മുഴുവന്‍ വിവരങ്ങളും അടങ്ങുന്നതാണ് റിപ്പോര്‍ട്ട്. ഹെറാള്‍ഡ് സണിന്റെ റിപ്പോര്‍ട്ട് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ചയായിരിക്കുകയാണ്.

നിരന്തരമായി ഇന്ത്യയുടെ സംസ്‌കാരം ആഗോള തലത്തിലേക്ക് ഉയര്‍ത്തുമെന്ന് വാദിക്കുന്ന പ്രധാനമന്ത്രിയെ കുറിച്ച് ഒരു ഓസ്ട്രേലിയന്‍ പത്രം നല്‍കിയ വാര്‍ത്തയാണ് ഇതെന്ന് വിമര്‍ശകര്‍ ചൂണ്ടിക്കാട്ടുന്നു. ഇന്ത്യയല്ല ഓസ്ട്രേലിയയിലെ പത്രമാണ് ഇത്തരത്തില്‍ റിപ്പോര്‍ട്ട് ചെയ്തത്, ഇന്ത്യയുടെ പേര് വാനോളമുയര്‍ത്തുന്ന വിശ്വഗുരുവിന്റെ മഹിമയാണിതെന്നും വിമര്‍ശകര്‍ പറയുന്നു.

സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സറും ബി.ജെ.പിയുടെ കടുത്ത വിമര്‍ശകനുമായ ധ്രുവ് റാഠിയും ഈ റിപ്പോര്‍ട്ട് സമൂഹ മാധ്യമങ്ങളില്‍ പങ്കുവെച്ചിട്ടുണ്ട്.


2019 മുതല്‍ 2022 വരെ പല തവണയായി പ്രജ്വല്‍ പീഡിപ്പിച്ചുവെന്ന് ചൂണ്ടിക്കാട്ടി യുവതി നല്‍കിയ പരാതിയിലാണ് ജെ.ഡി.എസ് നേതാവിനെതിരെയുള്ള കേസ്. ഹൊലനരാസിപൂര്‍ പൊലീസാണ് പ്രജ്വലിനെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തത്. പ്രജ്വലിന്റേതെന്ന പേരില്‍ സമൂഹ മാധ്യമങ്ങളില്‍ അശ്ലീല വീഡിയോകള്‍ പ്രചരിച്ചതിന് പിന്നാലെയാണ് യുവതി പരാതി നല്‍കുന്നത്.

പരാതിക്ക് പിന്നാലെ പാര്‍ട്ടി സ്ഥാനാര്‍ത്ഥി കൂടിയായ പ്രജ്വല്‍ രേവണ്ണയെ ജെ.ഡി.എസ് സസ്പെന്‍ഡ് ചെയ്തു. പരാതി ഉയരുന്നതിന് മുമ്പേ പ്രജ്വല്‍ നാടുവിട്ടിരുന്നതായും ഇപ്പോള്‍ ജര്‍മനിയും ഉണ്ടെന്നുമാണ് പൊലീസിന്റെ വിലയിരുത്തല്‍. അന്വേഷണ സംഘത്തിലെ ഒരു വിഭാഗം പ്രജ്വലിനെ അറസ്റ്റ് ചെയ്യുന്നതിനായി ജര്‍മനിയില്‍ അന്വേഷണം നടത്തുന്നതായാണ് റിപ്പോര്‍ട്ടുകള്‍.

Content Highlight: Australian newspaper Herald Sun against Narendra Modi

Latest Stories

We use cookies to give you the best possible experience. Learn more