അശ്വിന്‍ അഴിഞ്ഞാട്ടം നടത്തുന്നിടത്തേക്ക് കളി മാറ്റിയത് കള്ളക്കളി; ഗ്രൗണ്ടിന്റെ പേര് പോലും പറയാതെ വിവാദത്തിന് തിരികൊളുത്തി ഓസ്‌ട്രേലിയന്‍ മീഡിയ
Sports News
അശ്വിന്‍ അഴിഞ്ഞാട്ടം നടത്തുന്നിടത്തേക്ക് കളി മാറ്റിയത് കള്ളക്കളി; ഗ്രൗണ്ടിന്റെ പേര് പോലും പറയാതെ വിവാദത്തിന് തിരികൊളുത്തി ഓസ്‌ട്രേലിയന്‍ മീഡിയ
സ്പോര്‍ട്സ് ഡെസ്‌ക്
Monday, 13th February 2023, 1:46 pm

ഇന്ത്യ-ഓസ്‌ട്രേലിയ പരമ്പരയിലെ മൂന്നാം മത്സരം ധര്‍മശാലയിവല്‍ വെച്ച് നടത്താനായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്. എന്നാല്‍ ഗ്രൗണ്ട് തയ്യാറാകാന്‍ കാലതാമസമെടുക്കുന്നതിനാല്‍ ഇന്‍ഡോറിലെ ഹോല്‍കര്‍ സ്‌റ്റേഡിയത്തിലേക്ക് മത്സരം മാറ്റുകയായിരുന്നു.

ധര്‍മശാലയിലെ പിച്ചില്‍ മത്സരം നടത്താനാകാത്ത സാഹചര്യത്തിലാണ് മത്സരം ഇന്‍ഡോറിലേക്ക് മാറ്റിയത്. പിച്ചില്‍ ഇനിയും പ്രവര്‍ത്തികള്‍ ബാക്കിയുണ്ടെന്ന് വ്യക്തമാക്കിയായിരുന്നു ബി.സി.സി.ഐ തീരുമാനമെടുത്തത്.

ഫെബ്രുവരി 11ന് ബി.സി.സി.ഐ ധര്‍മശാലയിലെ പിച്ച് പരിശോധിച്ചിരുന്നു. ഗ്രാസ് ഡെന്‍സിറ്റിയും മറ്റും മത്സരം നടത്താന്‍ അനുയോജ്യമല്ല എന്ന് മനസിലാക്കിയതിന് ശേഷമാണ് ഗ്രൗണ്ട് മാറ്റുന്നതിനെ കുറിച്ച് തീരുമാനമെടുത്തത്.

ഇന്‍ഡോറിലെ ഹോല്‍കര്‍ സ്‌റ്റേഡിയമാണ് മൂന്നാം മത്സരത്തിന് വേദിയാകുന്നത്. എന്നാല്‍ ഈ തീരുമാനത്തിന് പിന്നാലെ ഓസ്‌ട്രേലിയന്‍ മാധ്യമങ്ങള്‍ തങ്ങളുടെ അമര്‍ഷം വ്യക്തമാക്കുകയാണ്.

അശ്വിന് മികച്ച ട്രാക്ക് റെക്കോഡുള്ള വേദിയിലേക്ക് മത്സരം മാറ്റിയെന്നാണ് ഫോക്‌സ് ക്രിക്കറ്റ് റിപ്പോര്‍ട്ട് ചെയ്തത്. വേദിയേതാണ് എന്നോ എവിടെവെച്ചാണ് മത്സരം നടക്കുന്നത് എന്നുപോലും പറയാതെ അശ്വിന് 12.50 ആവറേജുള്ള സ്‌റ്റേഡിയത്തിലേക്ക് മത്സരം മാറ്റിയെന്നായിരുന്നു ഫോക്‌സിന്റെ ട്വീറ്റ്.

ഇന്‍ഡോറില്‍ 18 വിക്കറ്റാണ് അശ്വിനുള്ളത്. ആവറേജാകട്ടെ 12.50 ഉം.

രണ്ട് ടെസ്റ്റുകളാണ് ഇന്ത്യ ഇതിന് മുമ്പ് ഇന്‍ഡോറില്‍ കളിച്ചത്. രണ്ടിലും വിജയം ഇന്ത്യക്കൊപ്പമായിരുന്നു. 2016ല്‍ ന്യൂസിലാന്‍ഡിനെ 321 റണ്‍സിനും 2019ല്‍ ബംഗ്ലാദേശിനെ ഇന്നിങ്‌സിനും 130 റണ്‍സിനും ഇന്ത്യ ഇന്‍ഡോറില്‍ പരാജയപ്പെടുത്തിയിരുന്നു.

മാര്‍ച്ച് ഒന്ന് മുതല്‍ അഞ്ച് വരെയാണ് ഇന്‍ഡോറില്‍ വെച്ച് ഇന്ത്യ-ഓസ്‌ട്രേലിയ മത്സരം നടക്കുന്നത്.

നാല് ടെസ്റ്റുകളടങ്ങിയ പരമ്പരയിലെ ആദ്യ മത്സരം കഴിഞ്ഞപ്പോള്‍ ഇന്ത്യ 1-0ന് മുമ്പിലാണ്. ഫെബ്രുവരി 17നാണ് പരമ്പരയിലെ അടുത്ത മത്സരം. ദല്‍ഹിയാണ് വേദി.

 

 

Content Highlight: Australian media criticize changing venue of India vs Australia 3rd test