ബുംറയും ജഡേജയും ഇല്ലെന്നിങ്ങനെ പറഞ്ഞോണ്ടിരിക്കണ്ട, ലോകകപ്പ് ഒറ്റക്ക് നേടാൻ കെല്പുള്ള ഒരുത്തനുണ്ട് ടീമിൽ, പോരാത്തതിന് താരസമ്പന്നമായ സ്ക്വാഡും; ഇന്ത്യൻ ടീമിനെ പുകഴ്ത്തി ഷെയ്ൻ വാട്സൺ
ടി-20 ലോകകപ്പിലെ സൂപ്പർ 12 യോഗ്യതാ മത്സരങ്ങൾ അവസാനിക്കാൻ ഒരു ദിവസം മാത്രമാണ് ബാക്കി. ഫൈനലിലേക്ക് കടക്കുന്ന അവസാന രണ്ട് ടീമുകൾ ആരൊക്കെയെന്ന് നാളെ അറിയാം.
ശനിയാഴ്ച ന്യൂസിലാൻഡ് ഓസ്‌ട്രേലിയയെ നേരിട്ട് കൊണ്ടായിരിക്കും ലോകകപ്പ് പോരാട്ടങ്ങൾക്ക് തുടക്കമാവുക. ആരാധകർ കാത്തിരിക്കുന്ന ഇന്ത്യ-പാകിസ്ഥാൻ പോരാട്ടം ഞായറാഴ്ചയാണ്.
2007ൽ എം.എസ് ധോണിയുടെ ക്യാപ്റ്റൻസിയിലാണ് ഇന്ത്യ ആദ്യ ടി-20 ലോകകപ്പ് നേടിയത്. രോഹിത് ശർമയുടെ നേതൃത്വത്തിലുള്ള ടീം കൂടുതൽ കരുത്തരായാണ് ഓസ്ട്രേലിയയിൽ എത്തിയിട്ടുള്ളതെങ്കിലും ജസ്പ്രീത് ബുംറയുടെയും രവീന്ദ്ര ജഡേജയുടെയും അഭാവം ടീമിനെ ക്ഷയിപ്പിച്ചേക്കുമോയെന്ന ആശങ്കയും നിലനിൽക്കുന്നുണ്ട്.
എന്നാൽ ടി-20 ലോകകപ്പിലേക്കുള്ള ഇന്ത്യൻ ടീമിനെ പുകഴ്ത്തി രംഗത്തെത്തിയിരിക്കുകയാണ് മുൻ ഓസ്‌ട്രേലിയൻ ഓൾ റൗണ്ടർ ഷെയ്ൻ വാട്‌സൺ.
ജസ്പ്രീത് ബുംറയും രവീന്ദ്ര ജഡേജയുമില്ലെങ്കിലും ഇന്ത്യക്ക് ഒറ്റക്ക് ലോകകപ്പ് നേടിക്കൊടുക്കാൻ കെൽപ്പുള്ളയാളാണ് ഹാർദ്ദിക് പാണ്ഡ്യ എന്നും ഇന്ത്യൻ സ്ക്വാഡ് തന്നെ മികച്ച താരങ്ങളാൽ സമ്പന്നമാണെന്നും പറഞ്ഞിരിക്കുകയാണ് അദ്ദേഹം.
രോഹിത് പരിചയ സമ്പന്നനായ നേതാവാണെന്നും ലോകത്തിലെ തന്നെ മികച്ച കളിക്കാരിൽ ഒരാളാണദ്ദേഹമെന്നുമാണ് വാട്‌സൺ പറഞ്ഞത്.
ദീർഘകാലം മുംബൈ ഇന്ത്യൻസിന്റെ ക്യാപ്റ്റനായി താരം മികവ് തെളിയിച്ചത് നമ്മൾ കണ്ടതാണെന്നും ഒരു ടീമിനെ എങ്ങനെ നയിക്കണമെന്ന് രോഹിത്തിന് നന്നായി അറിയാമെന്നും വാട്‌സൺ കൂട്ടിച്ചേർത്തു.
ഹാർദ്ദിക് പാണ്ഡ്യക്കാണ് വാട്സൺ ഇന്ത്യയുടെ പ്രതീക്ഷാ താരമെന്ന വിശേഷണം നൽകിയത്. പാണ്ഡ്യ പ്രതിഭാധനനായ കളിക്കാരനാണെന്നും അദ്ദേഹം ബൗൾ ചെയ്യുമ്പോൾ 140 കിലോ മീറ്ററിലേറെ വേഗത്തിൽ പേസ് ചെയ്യുന്ന രീതി അതിശയകരമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അർഷ്ദീപിന്റെ ബൗളിങ്ങിലെ മികവിനെയും വിരാട് കോഹ്‌ലിയുടെ ബാറ്റിങ് വൈദഗ്ധ്യത്തെയും വാട്‌സൺ പ്രശംസിച്ചു. ടൈംസ് ഓഫ് ഇന്ത്യക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു വാട്‌സൺ.
Content Highlight: Australian legend Shane Watson praises Indian cricket team