ഇന്ത്യയുടെ സൂപ്പർ പേസർ ജസ്പ്രീത് ബുംറ നിലവിൽ പരിക്കിന്റെ പിടിയിലാണ്. ബോർഡർ- ഗവാസ്കർ ട്രോഫിയിലാണ് താരത്തിന് പരിക്കേറ്റത്. പരിക്കിനെ തുടർന്ന് ഐ.സി.സി ചാമ്പ്യൻസ് ട്രോഫിയും താരത്തിന് നഷ്ടമായിരുന്നു.
ഇപ്പോൾ പുറത്ത് വരുന്ന റിപ്പോർട്ടുകൾ പ്രകാരം ഐ.പി.എല്ലിൽ ആദ്യ മത്സരങ്ങൾ ബുംറയ്ക്ക് നഷ്‍ടമായേക്കും. ഏപ്രിൽ ആദ്യ വാരം മാത്രമേ താരത്തിന് മുംബൈയ്ക്കൊപ്പം ചേരാൻ കഴിയൂ എന്നാണ് ഇ.എസ്.പി.എൻ റിപ്പോർട്ട് ചെയ്യുന്നത്.
ഇപ്പോൾ ബുംറയെ കുറിച്ച് പ്രതികരണവുമായി എത്തിയിരിക്കുകയാണ് ഓസ്‌ട്രേലിയൻ ക്രിക്കറ്റ് ഇതിഹാസം ഗ്ലെൻ മഗ്രാത്ത്. ബുംറ തന്റെ കരിയർ കൂടുതൽ കാലം കൊണ്ട് പോവണം എന്ന് ആഗ്രഹിക്കുന്നെങ്കിൽ കളത്തിന് പുറത്ത് നന്നായി കഠിനാധ്വാനം ചെയ്യണമെന്ന് മഗ്രാത്ത് പറഞ്ഞു. മറ്റ് ബൗളർമാരെ അപേക്ഷിച്ച് ബുംറ തന്റെ ശരീരത്തിൽ കൂടുതൽ സമ്മർദം ചെലുത്തുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ടൈംസ് ഓഫ് ഇന്ത്യയോട് സംസാരിക്കവെയാണ് മഗ്രാത്ത് അഭിപ്രായം പറഞ്ഞത്.
‘മറ്റ് ബൗളർമാരെ അപേക്ഷിച്ച് ബുംറ തന്റെ ശരീരത്തിൽ കൂടുതൽ സമ്മർദം ചെലുത്തുന്നു. അത് കൈകാര്യം ചെയ്യാനുള്ള വഴികൾ അദ്ദേഹം കണ്ടെത്തിയിട്ടുണ്ട്, പക്ഷേ നിർഭാഗ്യവശാൽ എല്ലായ്‌പ്പോഴും അങ്ങനെയല്ല. അദ്ദേഹം മുമ്പ് ഇത് ചെയ്തിട്ടുണ്ട്. ജിമ്മിൽ എത്ര സമയം ചെലവഴിക്കണമെന്നും സുഖം പ്രാപിക്കാനും എത്ര സമയം വേണമെന്ന് മറ്റാരെക്കാളും നന്നായി ജസ്പ്രീതിന് അറിയാം.
കളിക്കളത്തിനു പുറത്ത് അയാൾ കൂടുതൽ കഠിനാധ്വാനം ചെയ്യണം. ഒരു ഫാസ്റ്റ് ബൗളറാകുക എന്നത് ഒരു കാർ ഓടിക്കുന്നത് പോലെയാണ്. നിങ്ങൾ ഇന്ധനം നിറച്ചില്ലെങ്കിൽ, താമസിയാതെ നിങ്ങളുടെ ഇന്ധനം തീർന്നുപോകും. എന്റെ ഇന്ധന ടാങ്ക് ജസ്പ്രീതിന്റേതിനേക്കാൾ വലുതായിരുന്നു. കാരണം, എനിക്ക് അദ്ദേഹത്തെപ്പോലെ വേഗത്തിൽ പന്തെറിയേണ്ടി വന്നിട്ടില്ല,’ മഗ്രാത്ത് പറഞ്ഞു.
ബുംറയുടെ ബോർഡർ- ഗവാസ്കർ ട്രോഫിയിലെ പ്രകടനത്തെ കുറിച്ചും മഗ്രാത്ത് സംസാരിച്ചു. ജസ്പ്രീതിലും അദ്ദേഹം പന്തെറിയുന്ന രീതിയിലും തനിക്ക് താത്‌പര്യമുണ്ടെന്നും ബോർഡർ- ഗവാസ്കർ ട്രോഫിയിൽ താരം ഉണ്ടായിരുന്നില്ലെങ്കിൽ പരമ്പര ഏകപക്ഷീയമാകുമായിരുന്നു എന്നും മഗ്രാത്ത് പറഞ്ഞു.
‘ജസ്പ്രീത് പരിചയസമ്പന്നനായ ഒരു ഫാസ്റ്റ് ബൗളറും, ലോകത്തിലെ ഏറ്റവും മികച്ച ബൗളർമാരിൽ ഒരാളുമാണ്. അദ്ദേഹം അതുല്യനാണ്. ജസ്പ്രീതിലും അദ്ദേഹം പന്തെറിയുന്ന രീതിയിലും എനിക്ക് വലിയ താത്പര്യമുണ്ട്. അടുത്തിടെ നടന്ന ഓസ്‌ട്രേലിയ-ഇന്ത്യ ടെസ്റ്റ് പരമ്പര അദ്ദേഹം ഇന്ത്യയ്ക്ക് എത്രത്തോളം പ്രധാനമാണെന്ന് കാണിച്ചുതന്നു.
ആ പരമ്പരയിൽ നിന്ന് ബുംറയെ ഒഴിവാക്കിയാൽ, അത് വളരെ ഏകപക്ഷീയമാകുമായിരുന്നു. സിഡ്നി ടെസ്റ്റിന്റെ രണ്ടാം ഇന്നിങ്‌സിൽ പന്തെറിയാൻ അദ്ദേഹത്തിന് മതിയായ ഫിറ്റ്നസ് ഉണ്ടായിരുന്നെങ്കിൽ, എന്ത് സംഭവിക്കുമെന്ന് അറിയില്ല. തുടർച്ചയായി അഞ്ച് ടെസ്റ്റുകൾ കളിക്കുക എന്നത് വലിയൊരു കാര്യമാണ്. നിങ്ങൾ അദ്ദേഹത്തെ പരിപാലിക്കണം,’ അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം ഐ.പി.എല്ലിന്റെ പുതിയ സീസണിനാണ് ആരാധകര്‍ കാത്തിരിക്കുന്നത്. മാര്‍ച്ച് 22നാണ് ടൂര്‍ണമെന്റ് തുടങ്ങുന്നത്. ആരാധകരുടെ ഫേവറേറ്റുകളായ മുംബൈ ഇന്ത്യൻസിന് ഈ മാസം മൂന്ന് മത്സരങ്ങളാണ് ഷെഡ്യൂൾ ചെയ്തിട്ടുള്ളത്. മാർച്ച് 23 ന് ചെന്നൈ സൂപ്പർ കിങ്‌സിനോടും മാർച്ച് 29ന് ഗുജറാത്ത് ടൈറ്റൻസിനോടും മാർച്ച് 31ന് കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനോടുമാണ് എം.ഐയുടെ മത്സരങ്ങൾ. ഈ മത്സരങ്ങൾ താരത്തിന് നഷ്ടമാകുമെന്ന് ഉറപ്പാണ്.
നിലവിൽ ബി.സി.സി.ഐയുടെ സെന്റർ ഓഫ് എക്‌സ്‌ലൻസിൽ തുടരുകയാണ് ബുംറ.
Content Highlight: Australian Legend Glenn McGrath Talks About Indian Super Pacer Jasprit Bumrah