സച്ചിനെയും കോഹ്‌ലിയെയും താരതമ്യം ചെയ്യുന്നതില്‍ എന്താണ് പ്രസക്തി? നാലാം ടെസ്റ്റിന് പിന്നാലെ ഓസീസ് ലെജന്‍ഡ്
Sports News
സച്ചിനെയും കോഹ്‌ലിയെയും താരതമ്യം ചെയ്യുന്നതില്‍ എന്താണ് പ്രസക്തി? നാലാം ടെസ്റ്റിന് പിന്നാലെ ഓസീസ് ലെജന്‍ഡ്
സ്പോര്‍ട്സ് ഡെസ്‌ക്
Tuesday, 14th March 2023, 6:59 pm

ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫിയിലെ നാലാം മത്സരത്തില്‍ 186 റണ്‍സ് നേടി ടെസ്റ്റ് ക്രിക്കറ്റ് സെഞ്ച്വറിക്കായുള്ള മൂന്ന് വര്‍ഷത്തെ കാത്തിരിപ്പിന് വിരാമമിട്ടിരിക്കുകയാണ് വിരാട് കോഹ്‌ലി. കരിയറിലെ 75ാം സെഞ്ച്വറിയാണ് കോഹ്‌ലി നേടിയത്. 100 സെഞ്ച്വറികളുമായി സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ മാത്രമാണ് താരത്തിന് മുന്നിലുള്ളത്.

വിരാട് കോഹ്‌ലിയെ സച്ചിനുമായി താരതമ്യം ചെയ്യുന്നത് കായിക ലോകത്തെ പുതിയ വാര്‍ത്തയൊന്നുമല്ല. സച്ചിന്‍ വിരമിച്ചതിന് ശേഷമുള്ള തൊട്ടടുത്ത സമയങ്ങളില്‍ ഈ താരതമ്യപ്പെടുത്തല്‍ അതിന്റെ പാരമ്യത്തിലെത്തിയിരുന്നു.

തന്റെ പ്രൈം ടൈമില്‍ റണ്ണുകളടിച്ചുകൂട്ടിയ കോഹ്‌ലി ഈ ചര്‍ച്ചകളെല്ലാം അപ്രസക്തമാക്കുകയായിരുന്നു. സച്ചിനെ പോലെ ക്യാപ്റ്റന്‍സിയില്‍ കോഹ്‌ലിയും പരാജയമായിരുന്നു. ഇന്ത്യന്‍ ടീമിനെ ഒരു ഐ.സി.സി കിരീടം പോലും ചൂടിക്കാന്‍ സാധിക്കാത്ത ക്യാപ്റ്റന്‍ എന്ന പഴിയായിരുന്നു കോഹ്‌ലിക്ക് ഏറ്റവുമധികം കേള്‍ക്കേണ്ടി വന്നിരുന്നത്.

എന്നാല്‍ ഇന്ത്യന്‍ ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും മികച്ച ടെസ്റ്റ് ക്യാപ്റ്റന്‍ എന്ന പെരുമ ചൂടിക്കൊണ്ടായിരുന്നു കോഹ്‌ലി തന്റെ ചുമലില്‍ വെച്ച ക്യാപ്റ്റന്‍സിയോട് വിട പറഞ്ഞത്.

2019 അവസാനം മുതലുള്ള രണ്ട് വര്‍ഷക്കാലം കോഹ്‌ലിയെ സംബന്ധിച്ച് അതീവ ദുഷ്‌കരമായിരുന്നു. ബാറ്റിങ്ങില്‍ സ്ഥിരത കണ്ടെത്താനാവാതെ വലഞ്ഞ താരം 2022 സെപ്റ്റംബറില്‍ അഫ്ഗാനിസ്ഥാനെതിരെ ടി-ട്വന്റിയില്‍ നേടിയ സെഞ്ച്വറിയിലൂടെയാണ് തന്റെ സെഞ്ച്വറി വരള്‍ച്ചയ്ക്ക് അറുതി വരുത്തിയത്. തുടര്‍ന്ന് ഏകദിനത്തില്‍ മൂന്ന് സെഞ്ച്വറികളും അദ്ദേഹം നേടി.

ബി.ജി.ടിയിലെ നാലാം ടെസ്റ്റിലെ കോഹ്‌ലിയുടെ പ്രകടനത്തിന് പിന്നാലെ കോഹ്‌ലി-സച്ചിന്‍ താരതമ്യം അനാവശ്യമാണെന്ന് വ്യക്തമാക്കി രംഗത്ത് വന്നിരിക്കുകയാണ് മുന്‍ ഓസ്ട്രേലിയന്‍ ഇതിഹാസ സ്പിന്നര്‍ ബ്രാഡ് ഹോഗ്.

കഴിഞ്ഞ രണ്ട്, മൂന്ന് വര്‍ഷങ്ങളായി കോഹ്‌ലി വലിയ സമ്മര്‍ദ്ദമനുഭവിക്കുകയായിരുന്നു. കൊവിഡും ക്യാപ്റ്റന്‍സി വിവാദവും മത്സരങ്ങളുടെ ആധിക്യവുമെല്ലാം അദ്ദേഹത്തെ തളര്‍ത്തിയെന്നും ഹോഗ് പറഞ്ഞു.

‘സച്ചിനുമായി കോഹ്‌ലിയെ താരതമ്യം ചെയ്യരുത്. സച്ചിന്‍ കോഹ്‌ലിയെക്കാള്‍ കൂടുതല്‍ ടെസ്റ്റ് മത്സരങ്ങള്‍ കളിച്ചയാളാണ്. ഐ.പി.എല്ലില്‍ വളരെ കുറച്ച് മത്സരങ്ങള്‍ മാത്രമേ അദ്ദേഹത്തിന് കളിക്കേണ്ടി വന്നിട്ടുമുള്ളൂ.

സമ്മര്‍ദ്ദങ്ങളെ അതിജീവിച്ച കോഹ്‌ലി മികച്ച പ്രകടനമാണ് കഴിഞ്ഞ മത്സരത്തില്‍ കാഴ്ചവെച്ചത്. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലില്‍ അദ്ദേഹം അദ്ഭുതങ്ങള്‍ സൃഷ്ടിക്കും,’  ഹോഗ് പറഞ്ഞു.

200 ടെസ്റ്റ് മത്സരങ്ങളില്‍ നിന്ന് 53.78 ശരാശരിയില്‍ 15,921 റണ്‍സും 463 ഏകദിന മത്സരങ്ങളില്‍ നിന്ന് 44.83 ശരാശരിയില്‍ 18,426 റണ്‍സുമാണ് സച്ചിന്‍ നേടിയത്. അന്താരാഷ്ട്ര തലത്തില്‍ ഒരു ടി-20 മാത്രമാണ് സച്ചിന്‍ കളിച്ചത്.

 

അതേസമയം 108 ടെസ്റ്റ് മത്സരങ്ങളില്‍ നിന്ന് 48.93 ശരാശരിയില്‍ 8,416 റണ്‍സും 271 ഏകദിന മത്സരങ്ങളില്‍ നിന്ന് 57.69 ശരാശരിയില്‍ 12,809 റണ്‍സും കോഹ്‌ലി നേടിയിട്ടുണ്ട്. 115 ടി-ട്വന്റി മത്സരങ്ങളില്‍ നിന്ന് 4,008 റണ്‍സാണ് കോഹ്‌ലിയുടെ സമ്പാദ്യം.

 

Content highlight: Australian legend Brad Hogg about Sachin Tendulkar and Virat Kohli