മുംബൈ: ട്വിറ്ററില്‍ ക്രിക്കറ്റ് ആരാധകരുമായി പ്രത്യേകിച്ച് ഇന്ത്യന്‍ ആരാധകരോട് കോര്‍ക്കുക എന്നത് ഡെന്നീസ് ഫ്രീഡ്മാന്റെ സ്ഥിരം പരിപാടിയാണ്. ഒരിടവേളയ്ക്ക് ശേഷം ഡെന്നീസ് വീണ്ടും എത്തിയിരിക്കുകയാണ്. ഇത്തവണ ഇര ഇന്ത്യന്‍ ഇതിഹാസവും ക്രിക്കറ്റ് ദൈവവുമായ സച്ചിന് ടെണ്ടുല്‍ക്കറാണ്.
പണ്ടൊരിക്കല്‍ സച്ചിനെ അറിയില്ലെന്ന് പറഞ്ഞ മരിയ ഷറപ്പോവയെ ഇന്ത്യക്കാര്‍ ട്രോളിയ സംഭവത്തില്‍ നിന്നുമാണ് സച്ചിനെയും ആരാധകരേയും ട്രോളാനുള്ള പുതിയ മരുന്ന് ഡെന്നീസ് കണ്ടെത്തിയത്.
അലിബാബ ഗ്രൂപ്പിന്റെ ഫൗണ്ടറും എക്സിക്യൂട്ടീവ് ചെയര്‍മാനുമായ ജാക്ക് മായുടെ ഒപ്പമുള്ള ഷറപ്പോവയുടെ ചിത്രമുപയോഗിച്ചായിരുന്നു ഡെന്നീസിന്റെ ട്രോള്‍. ഒടുവില്‍ സച്ചിനെ മരിയ ഷറപ്പോവ കണ്ടുമുട്ടിയെന്ന ക്യാപ്ഷനോടെ ചിത്രം ട്വീറ്റ് ചെയ്യുകയായിരുന്നു ഡെന്നീസ്.
ഇതോടെ ഭക്തര്‍ സട കുടഞ്ഞെഴുന്നേറ്റു. സച്ചിന് ക്രിക്കറ്റ് ദൈവമാണെന്നും അദ്ദേഹത്തെ ബഹുമാനിക്കണമെന്നും അപമാനിക്കാന്‍ താങ്കള്‍ക്ക് അവകാശമില്ലെന്നുമായിരുന്നു ചില ട്വീറ്റുകളിലെ പ്രതികരണം. കഞ്ചാവടിച്ചിരിക്കുവാണോ എന്നും സ്വന്തം നില മറക്കരുതെന്നുമൊക്കെയാണ് മറ്റ് ചില പ്രതികരണങ്ങള്‍.
നേരത്തെ, ഇന്ത്യന്‍ നായകന് വിരാട് കോഹ് ലിയെ തൂപ്പുകാരനാക്കി ചിത്രീകരിച്ചായിരുന്നു ഡെന്നീസ് വെട്ടിലായത്. അന്നും ഡെന്നീസിനെതിരെ സോഷ്യല്‍ മീഡിയയില്‍ വ്യാപക പ്രതിഷേധമുയര്‍ന്നിരുന്നു.