മെല്‍ബണ്‍: അനിശ്ചിതകാല തടങ്കല്‍ നിയമവിരുദ്ധമാണെന്നുള്ള ഓസ്ട്രേലിയന്‍ ഹൈക്കോടതിയുടെ വിധിയെ തുടര്‍ന്ന് ഡസന്‍കണക്കിന് ആളുകള്‍ കുടിയേറ്റ തടങ്കലില്‍ നിന്ന് മോചിതരാവുന്നു. അഭയാര്‍ത്ഥികളെ ഏകപക്ഷീയമായി തടങ്കലില്‍ വെക്കുന്നത് അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി.
ഓസ്ട്രേലിയയുടെ ആഭ്യന്തര നിയമ പ്രകാരമുള്ള 2004ലെ തീരുമാനമനുസരിച്ച് ഏകപക്ഷീയ തടങ്കല്‍ നിയമവിധേയമാണെന്ന് ചൂണ്ടിക്കാട്ടിയിട്ടും മാറിവരുന്ന ഓസ്ട്രേലിയന്‍ സര്‍ക്കാരുകള്‍ അതാവര്‍ത്തിക്കുന്നുവെന്നും കോടതി വ്യക്തമാക്കി. എന്നാല്‍ നവംബര്‍ 8ന് സര്‍ക്കാരിന്റെ നടപടി എല്ലാ തലത്തിലും കുറ്റകരമാണെന്ന് ഹൈക്കോടതി വിധിക്കുകയായിരുന്നു.
കോടതിയുടെ നിരീക്ഷണം വളരെ പ്രാധാന്യമര്‍ഹിക്കുന്ന തീരുമാനമാണെന്നും കാലങ്ങളായി തടങ്കലില്‍ കിടക്കുന്ന ആളുകളുടെ ജീവിതത്തില്‍ ഇത് വലിയ മാറ്റങ്ങള്‍ വരുത്തുമെന്നും മനുഷ്യാവകാശ നിയമ കേന്ദ്രത്തിലെ മുതിര്‍ന്ന അഭിഭാഷക ജോസഫൈന്‍ ലാംഗ്ബിയന്‍ പറഞ്ഞു.
കോടതി നടപടിയിലൂടെ ജീവിതത്തിന്റെ നല്ലൊരു ഭാഗം നഷ്ട്ടപെട്ട ആളുകള്‍ക്ക് സ്വാതന്ത്ര്യം വീണ്ടെടുക്കാന്‍ കഴിയുമെന്നും, കൂടാതെ അവരുടേതായ കുടുംബത്തിലേക്കും രാജ്യത്തേക്കും മടങ്ങാന്‍ അവസരമൊരുക്കുമെന്നും ജോസഫൈന്‍ ലാംങ്ബിയന്‍ ചൂണ്ടിക്കാട്ടി.
യുണൈറ്റഡ് നേഷന്‍സ് ഹൈക്കമ്മീഷണര്‍ പ്രോഗ്രാമിലൂടെ ഓസ്ട്രേലിയ 13,500 അഭയാര്‍ത്ഥികള്‍ക്കായി പുനരധിവാസ പദ്ധതിയൊരുക്കിയിട്ടുണ്ടെങ്കിലും, ഇന്തോനേഷ്യയില്‍ നിന്ന് എത്തുന്ന അഭയാര്‍ത്ഥികളെ മറ്റു മാര്‍ഗങ്ങള്‍ ഉപയോഗിച്ച് തടങ്കലിലാക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
2013 മുതല്‍ ഓസ്ട്രേലിയ ഓപ്പറേഷന്‍ സോവറിന്‍ ബോര്‍ഡേഴ്സ് പദ്ധതി നടപ്പിലാക്കിയിട്ടുണ്ട്. പദ്ധതി പ്രകാരം ഇതിനെ ‘സൈനിക നേതൃത്വത്തിലുള്ള അതിര്‍ത്തി സുരക്ഷാ ഓപ്പറേഷന്‍’ എന്ന് ഓസ്ട്രേലിയന്‍ സര്‍ക്കാര്‍ വിശേഷിപ്പിക്കുന്നു.
അതേസമയം ഹ്യൂമന്‍ റൈറ്റ്സ് വാച്ച്, ആംനസ്റ്റി ഇന്റര്‍നാഷണലും മറ്റ് മനുഷ്യാവകാശ സംഘടനകളും ഏകപക്ഷീയ തടങ്കല്‍ യു.എന്‍ അഭയാര്‍ത്ഥി കണ്‍വെന്‍ഷന്‍ ഉള്‍പ്പെടെയുള്ള അന്താരാഷ്ട്ര നിയമത്തിന് വിരുദ്ധമാണെന്ന് മുമ്പേ വാദിച്ചിരുന്നു. യു.എന്‍ അഭയാര്‍ത്ഥി കണ്‍വെന്‍ഷന്‍ പ്രകാരം അഭയാര്‍ത്ഥികളെ ഏകപക്ഷീയമായി തടങ്കലില്‍ വെക്കുന്നതില്‍ വിലക്കുണ്ടെന്നും അഭയം തേടുന്നത് നിയമവിരുദ്ധമല്ലെന്നും വ്യവസ്ഥ വിഭാവനം ചെയ്യുന്നുണ്ട്.
Content Highlight: Australian High Court rules indefinite detention of refugees illegal