മാത്യൂ ഹെയ്ഡന്‍ ക്രിക്കറ്റില്‍ നിന്നും പടിയിറങ്ങി
DSport
മാത്യൂ ഹെയ്ഡന്‍ ക്രിക്കറ്റില്‍ നിന്നും പടിയിറങ്ങി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 20th September 2012, 10:05 am

സിഡ്‌നി: ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് താരം മാത്യൂ ഹെയ്ഡന്‍ ക്രിക്കറ്റിനോട് വിടപറഞ്ഞു. അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും നേരത്തെ വിരമിച്ച ഹെയ്ഡന്‍ ഐ.പി.എല്ലിലും ഓസ്‌ട്രേലിയന്‍ ബിഗ് ബാഷ് ട്വന്റി-20 ലീഗിലും കളിച്ചിരുന്നു.

2009-ല്‍ ടെസ്റ്റ് ക്രിക്കറ്റിനോട് വിടപറഞ്ഞ ഹെയ്ഡന്‍ 2010-ല്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന് വേണ്ടി ഐ.പി.എല്ലില്‍ കളിച്ചിരുന്നു. ക്രിക്കറ്റിനോട് വിടപറഞ്ഞെങ്കിലും ബ്രിസ്‌ബെയ്ന്‍ ഹീറ്റിന് വേണ്ടി താന്‍ ഇനിയും പ്രവര്‍ത്തിക്കുമെന്നും ക്രിക്കറ്റ് തന്റെ ജീവതത്തിന്റെ ഭാഗമായിരിക്കുമെന്നും ഹെയ്ഡന്‍ അറിയിച്ചു.[]

“ഞാന്‍ ക്രിക്കറ്റിനോട് വിടപറയുകയാണ്. അതിനുള്ള അവസരം വന്നെന്ന് തോന്നുന്നു. ഓസ്‌ട്രേലിയന്‍ ടീമിനൊപ്പം കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ഉണ്ടായിരുന്ന ഞാന്‍ നിറഞ്ഞ സന്തോഷത്തോടെയും അഭിമാനത്തോടെയുമാണ് ക്രിക്കറ്റില്‍ നിന്നും പടിയിറങ്ങുന്നത്. ഇത്രനാളും എനിയ്ക്ക് പിന്തുണ നല്‍കി എന്റെ കൂടെ നിന്ന കുടുംബത്തോടും സഹകളിക്കാരോടും ടീമിനോടുമുള്ള നന്ദി അറിയിക്കുകയാണ്. എന്നെ സ്‌നേഹിക്കുകയും ആരാധിക്കുകയും ചെയ്ത ക്രിക്കറ്റ് ആരാധകരോടും ഞാന്‍ കടപ്പെട്ടിരിക്കുന്നു”- ഹെയ്ഡന്‍ പറഞ്ഞു.

ബിഗ് ബാഷില്‍ ബ്രിസ്‌ബെയ്ന്‍ ഹീറ്റിന് വേണ്ടി കഴിഞ്ഞ വര്‍ഷം പാഡണിഞ്ഞ ഹെയ്ഡന്‍ ഈ വര്‍ഷം കളിക്കില്ലെന്ന് ടീം വൃത്തങ്ങള്‍ അറിയിച്ചു. 40-കാരനായ ഹെയ്ഡനുമായി നടത്തിയ ചര്‍ച്ചകള്‍ക്ക് ശേഷമാണ് ടീം അധികൃതര്‍ ഇക്കാര്യം അറിയിച്ചത്.

103 ടെസ്റ്റുകളില്‍ ഓസ്‌ട്രേലിയക്കായി പാഡണിഞ്ഞ ഹെയ്ഡന്‍ 50 റണ്‍സ് ശരാശരിയില്‍ 8,625 റണ്‍സ് നേടിയിട്ടുണ്ട്. ഇതില്‍ 30 സെഞ്ച്വറികളും ഉള്‍പ്പെടുന്നു. 161 ഏകദിന മത്സരങ്ങളും ഹെയ്ഡന്‍ ഓസ്‌ട്രേലിയക്ക് വേണ്ടി കളിച്ചിട്ടുണ്ട്.