നായകന്‍ പുറത്തേക്കോ?; 'രാജ്യത്തിനു അവമതിപ്പുണ്ടാക്കി; അവനെ മാറ്റണം'; സ്മിത്തിനെ നായകസ്ഥാനത്ത് നിന്ന് മാറ്റണമെന്ന് ഓസ്‌ട്രേലിയന്‍ സര്‍ക്കാര്‍
Australian Cricket
നായകന്‍ പുറത്തേക്കോ?; 'രാജ്യത്തിനു അവമതിപ്പുണ്ടാക്കി; അവനെ മാറ്റണം'; സ്മിത്തിനെ നായകസ്ഥാനത്ത് നിന്ന് മാറ്റണമെന്ന് ഓസ്‌ട്രേലിയന്‍ സര്‍ക്കാര്‍
സ്പോര്‍ട്സ് ഡെസ്‌ക്
Sunday, 25th March 2018, 12:15 pm

മെല്‍ബണ്‍: ന്യൂലാന്‍ഡ്‌സില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ നടന്ന ടെസ്റ്റ് ക്രിക്കറ്റില്‍ പന്തില്‍ കൃത്രിമം കാട്ടിയ കുറ്റത്തിനു ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ടീം നായക സ്ഥനത്ത് നിന്നു സ്റ്റീവ് സ്മിത്തിനെ മാറ്റണമെന്ന് ഓസ്‌ട്രേലിയന്‍ സര്‍ക്കാര്‍. ക്രിക്കറ്റ് ബോര്‍ഡ് സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിച്ചതിനു പിന്നാലെയാണ് വിഷയത്തില്‍ സര്‍ക്കാരിന്റെ ഇടപെടലും ഉണ്ടായിരിക്കുന്നത്. ബോര്‍ഡിനോടാണ് സര്‍ക്കാര്‍ നായകനെ മാറ്റണമെന്ന ആവശ്യം ഉന്നയിച്ചത്.

വാര്‍ത്തയോട് പ്രതികരിച്ച ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി മാല്‍ക്കം ടേണ്‍ബുള്‍ “സംഭവം ഞെട്ടിപ്പിക്കുന്നതും അസ്വസ്ഥതയുളവാക്കുന്നതാണെന്നും” പ്രതികരിച്ചു. ഓസ്‌ട്രേലിയന്‍ സ്‌പോര്‍ട് കമ്മീഷണര്‍ ജോണ്‍ വെയ്‌ലി കായിക ഇനത്തിലെ ഏത് വഞ്ചനയെയും അപലിപ്പിക്കുന്നതായും പറഞ്ഞു. രാജ്യത്തെ പ്രതിനിധീകരിക്കുന്ന കായിക താരങ്ങള്‍ സത്യസന്ധത ഉയര്‍ത്തിപ്പിടിക്കേണ്ടതുണ്ടെന്നും വെയ്‌ലി പറഞ്ഞു.

സ്‌പോര്‍ട്‌സ് കമ്മീഷന്‍ നായകന്റെ നടപടിക്കെതിരെ രംഗത്തെത്തിയതോടെ നായകനും പരിശീലകനുമെതിരെ കര്‍ശന നടപടിയ്ക്ക് സാധ്യത തെളിഞ്ഞിരിക്കുകയാണ്. നേരത്തെ വിഷയത്തില്‍ പ്രതികരിച്ച സ്മിത്ത് ടീമിലെ മുതിര്‍ന്ന താരങ്ങള്‍ക്ക് ഇതറിയാമായിരുന്നെന്ന് വെളിപ്പെടുത്തിയിരുന്നു. ഇതാണ് കമ്മീഷന്‍ കടുത്ത നടപടിയിലേക്ക് നീങ്ങാന്‍ കാരണമായത്.

പിച്ചില്‍ നിന്നുള്ള ചെറിയ പ്രതലം മഞ്ഞ ടേപ്പില്‍ എടുത്താണ് ഓസീസ് താരം ബാന്‍ക്രോഫ്ട് പന്തില്‍ കൃത്രിമം കാട്ടിയിരുന്നത്. ഇത് താരം തുറന്നു സമ്മതിക്കുകയും ചെയ്തിരുന്നു. പന്തില്‍ കൃത്രിമം കാട്ടുന്നതിന്റെ ദൃശ്യങ്ങള്‍ ക്യാമറയില്‍ വ്യക്തമായതോടെയാണ് “ബോള്‍ ടാംപറിങ്ങ്” വിവാദം ഉയര്‍ന്നുവന്നത്. ക്യാമറയില്‍ ദൃശ്യങ്ങള്‍ പതിഞ്ഞതോടെ സംഭവം നിരസിക്കുവാനുള്ള അവസരം ഓസ്‌ട്രേലിയയ്ക്ക് നഷ്ടമായതോടെ കുറ്റം സമ്മതിക്കുകയായിരുന്നെന്നാണ് വിലയിരുത്തപ്പെടുന്നത്.

എന്നാല്‍ ഇത് ഒരു ടീം ടാക്ടിക്‌സായിരുന്നു സ്റ്റീവ് സ്മിത്തിന്റെ പ്രതികരണം. ബാന്‍ക്രോഫ്ട് കുറ്റം സമ്മതിച്ചതോടെ മാച്ച് ഒഫീഷ്യല്‍സ് താരത്തിനുമേല്‍ കുറ്റം ചുമത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് വാര്‍ത്താസമ്മേളനത്തില്‍ സ്മിത്ത് ന്യായീകരണവുമായെത്തിയത്.

സംഭവത്തിന്റെ പേരില്‍ താന്‍ ഓസീസ് നായകസ്ഥാനം രാജിവെക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നായിരുന്നു സ്മിത്തിന്റെ പ്രതികരണം. “രാജിയെക്കുറിച്ച് ഞാന്‍ ചിന്തിക്കുന്നില്ല. ഇപ്പോഴും ഞാന്‍ കരുതുന്നത്. ഞാന്‍ ഇതിനു അനുയോജ്യനായ വ്യക്തി തന്നെയാണെന്നാണ്.” എന്നായിരുന്നു നായകന്‍ പറഞ്ഞിരുന്നത്.