| Monday, 29th November 2021, 5:28 pm

ഇനി നീയൊന്നും ആരെയും ട്രോളണ്ട; സമൂഹമാധ്യമങ്ങളില്‍ ട്രോളുകള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തി ഓസ്‌ട്രേലിയ

ഡൂള്‍ന്യൂസ് ഡെസ്‌ക്

കാന്‍ബെറ: സോഷ്യല്‍ മീഡിയയിലെ കളിയാക്കലുകളും ഭീഷണികളും തടയാന്‍ സുപ്രധാന നിയമം പാസാക്കി ഓസ്‌ട്രേലിയന്‍ സര്‍ക്കാര്‍. ഇതോടെ സോഷ്യല്‍ മീഡിയയിലെ ട്രോളുകള്‍ക്കും മീം പേജുകള്‍ക്കും ഓസ്‌ട്രേലിയയില്‍ നിയന്ത്രണം വരും.

ഞായറാഴ്ചയാണ് പ്രധാനമന്ത്രി സ്‌കോട്ട് മോറിസണ്‍ ഇതു സംബന്ധിച്ച നിയമനിര്‍മാണം നടത്തിയത്. പ്രസ്തുത നിയമം ഉടന്‍ തന്നെ പാര്‍ലമെന്റില്‍ അവതരിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പുതിയ നിയമപ്രകാരം സോഷ്യല്‍ മീഡിയ കമ്പനികളെ ഉപഭോക്താക്കള്‍ പങ്കുവെക്കുന്ന ട്രോളുകളുടെ പ്രസാധകരായി കണക്കാക്കുകയും, അവരുടെ പ്ലാറ്റ്‌ഫോമുകളില്‍ പോസ്റ്റ് ചെയ്യപ്പെടുന്ന അപകീര്‍ത്തികരമായ ഉള്ളടക്കങ്ങളുടെ ഉത്തരവാദികളായി കണക്കാക്കുകയും ചെയ്യും.

ഒരു ഇരയെ തിരിച്ചറിയാനും ട്രോളിനെതിരെയോ ട്രോള്‍ പങ്കുവെച്ച ആളിനെതിരെ നടപടികള്‍ സ്വീകരിക്കാനും, സര്‍ക്കാര്‍ വൃത്തങ്ങള്‍ക്ക് ആവശ്യമായ വിവരങ്ങള്‍ കൈമാറാനും തയ്യാറായാല്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകള്‍ക്ക് മറ്റ് ബാധ്യതയുണ്ടാകില്ലെന്നും നിയമത്തില്‍ വ്യക്തമാക്കുന്നുണ്ട്.

‘യഥാര്‍ത്ഥ ലോകത്തില്‍ പാലിക്കുന്ന എല്ലാ നിയമങ്ങളും ഓണ്‍ലൈനിലും പാലിക്കപ്പെടണം. ഓണ്‍ലൈനിലൂടെ മറ്റൊരാളെ കളിയാക്കുകയോ അപകീര്‍ത്തിപ്പെടുകയോ ചെയ്യുന്നത് ഗുരുതരമായ കുറ്റകൃത്യമായി കണക്കാക്കും,’ മോറിസണ്‍ പറഞ്ഞു.

പാര്‍ലമെന്റ് പാസാക്കിയാല്‍, സൈബര്‍ ബുള്ളിയിംഗിനും മറ്റും ഇരയായവര്‍ക്ക് പരാതി നല്‍കാനും നിയമനടപടികള്‍ കൈക്കൊള്ളാനുമുള്ള ആനുകൂല്യം ലഭിക്കും. ഇത്തരത്തിലുള്ള ഉള്ളടക്കങ്ങള്‍ പ്ലാറ്റ്‌ഫോമുകളില്‍ നിന്ന് നീക്കം ചെയ്യാന്‍ സോഷ്യല്‍മീഡിയ കമ്പനികളോടാവശ്യപ്പെടാനും പുതിയ നിയമം അവസരമൊരുക്കും.

പുതുതായി കൊണ്ടുവരുന്ന നിയമപ്രകാരം പ്രാരംഭഘട്ടങ്ങളില്‍ ഫയല്‍ ചെയ്യപ്പെടുന്ന കേസുകള്‍ക്ക് സര്‍ക്കാര്‍ നേരിട്ട് വേണ്ട സഹായങ്ങള്‍ ഉറപ്പുവരുത്തുമെന്നും മോറിസണ്‍ വ്യക്തമാക്കി. ‘ഞങ്ങള്‍ അവരെ കോടതികളില്‍ പിന്തുണയ്ക്കും, അവര്‍ക്ക് വേണ്ട സഹായങ്ങള്‍ സര്‍ക്കാര്‍ ഉറപ്പാക്കും. അവര്‍ക്കായി പാര്‍ലമെന്റിലും നിലകൊള്ളും. അവരുടെ സുരക്ഷ ഉറപ്പാക്കാന്‍ ആവശ്യമായതൊക്കെ ഞങ്ങള്‍ ചെയ്യും,’ മോറിസണ്‍ കൂട്ടിച്ചേര്‍ത്തു.

ഇക്കാര്യത്തില്‍ സോഷ്യല്‍മീഡിയ പ്ലാറ്റ്‌ഫോമുകള്‍ എന്തെങ്കിലും വീഴ്ചവരുത്തിയാല്‍ മാനനഷ്ട കേസ് ഫയല്‍ ചെയ്യാനും പുതിയനിയമം അനുവദിക്കുന്നുണ്ട്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight:  Australian government announces anti-trolling laws

We use cookies to give you the best possible experience. Learn more