| Thursday, 9th February 2023, 1:04 pm

എന്ത് കരച്ചിലാ എന്റെ കങ്കാരു കുഞ്ഞുങ്ങളേ... തേര്‍ഡ് അമ്പയറോട് കലിപ്പായി ആരാധകര്‍

സ്പോര്‍ട്സ് ഡെസ്‌ക്

ഇന്ത്യ-ഓസ്‌ട്രേലിയ ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫിയിലെ ആദ്യ മത്സരത്തില്‍ ഓസ്‌ട്രേലിയ പൊരുതുന്നു. രണ്ട് മുന്‍നിര വിക്കറ്റുകള്‍ തുടക്കത്തിലേ നഷ്ടമായ ഓസീസിനെ വണ്‍ ഡൗണ്‍ ബാറ്റര്‍ മാര്‍നസ് ലബുഷാനും നാലാമന്‍ സ്റ്റീവ് സ്മിത്തും കരകയറ്റാന്‍ ശ്രമിച്ചിരുന്നു.

ഓപ്പണര്‍മാര്‍ രണ്ട് പേരെയും ഓസീസിന് തുടക്കത്തിലേ നഷ്ടമായിരുന്നു. ഉസ്മാന്‍ ഖവാജയെ രണ്ടാം ഓവറിലെ ആദ്യ പന്തില്‍ മുഹമ്മദ് സിറാജ് മടക്കിയപ്പോള്‍ മൂന്നാം ഓവറിലെ ആദ്യ പന്തില്‍ ഡേവിഡ് വാര്‍ണറിനെ മുഹമ്മദ് ഷമിയും പുറത്താക്കി.

ഉസ്മാന്‍ ഖവാജയെ വിക്കറ്റിന് മുമ്പില്‍ കുടുക്കിയായിരുന്നു സിറാജ് പുറത്താക്കിയത്. എല്‍.ബി.ഡബ്ല്യൂവിനായി സിറാജും മറ്റ് ഇന്ത്യന്‍ താരങ്ങളും ഒരുപോലെ അപ്പീല്‍ ചെയ്‌തെങ്കിലും അമ്പയര്‍ വിക്കറ്റ് നിഷേധിക്കുകയായിരുന്നു. പിന്നാലെ ഇന്ത്യ റിവ്യൂ എടുത്തു.

ബോള്‍ ട്രാക്കിങ്ങില്‍ പന്ത് വിക്കറ്റില്‍ കൊള്ളുന്നു എന്ന് കണ്ടെത്തിയ തേര്‍ഡ് അമ്പയര്‍ ഔട്ട് വിളിക്കുകയായിരുന്നു. മൂന്ന് പന്തില്‍ നിന്നും ഒറ്റ റണ്‍സ് മാത്രം നേടിക്കൊണ്ടായിരുന്നു ഖവാജയുടെ മടക്കം.

ഇതിന് പിന്നാലെ ബോള്‍ ട്രാക്കിങ്ങിനെതിരെയും തേര്‍ഡ് അമ്പയറിന്റെ തീരുമാനത്തിനെതിരെയും ഓസീസ് ആരാധകര്‍ രംഗത്തെത്തിയിരിക്കുകയാണ്. പന്ത് പിച്ച് ചെയ്തതോടെ സ്‌ട്രെയ്റ്റ് ആവുകയാണോ എന്നും പിച്ച് പോലെ തന്നെ ബോള്‍ ട്രാക്കിങ്ങും തങ്ങള്‍ക്ക് അനുകൂലമാക്കാന്‍ ഇന്ത്യ ശ്രമിക്കുകയാണോ എന്നും ആരാധകര്‍ ചോദിക്കുന്നുണ്ട്.

നേരത്തെ ഇന്ത്യന്‍ പിച്ചിനെതിരെയും ഓസീസ് ആരാധകരും മുന്‍ താരങ്ങളും മീഡിയയും വിമര്‍ശനമുന്നയിച്ചിരുന്നു. ഇന്ത്യ പിച്ച് തങ്ങള്‍ക്ക് അനുകൂലമാക്കി അണ്‍ഫെയര്‍ അഡ്വാന്റേജ് നേടാന്‍ ശ്രമിക്കുന്നു എന്നതായിരുന്നു ആരാധകരുടെ വാദം.

അതേസമയം, ലഞ്ചിന് ശേഷം ഇന്നിങ്‌സ് പുനരാരംഭിച്ചിരിക്കുകയാണ്. ഓസീസിന് മികച്ച രീതിയില്‍ റണ്‍ ഉയര്‍ത്തിക്കൊണ്ടുവന്ന ലബുഷാനെ പുറത്താക്കി ജഡേജ ഇന്ത്യക്ക് ബ്രേക്ക് ത്രൂ നല്‍കി.

അര്‍ധ സെഞ്ച്വറിക്ക് തൊട്ടടുത്തെത്തിയായിരുന്നു ലബുഷാന്റെ മടക്കം. 123 പന്തില്‍ നിന്നും 49 റണ്‍സുമായി നില്‍ക്കവെ വിക്കറ്റ് കീപ്പര്‍ ഭരത്തിന്റെ സ്റ്റംപിങ്ങിലൂടെയാണ് താരം പുറത്തായത്. അന്താരാഷ്ട്ര മത്സരത്തില്‍ ഭരത്തിന്റെ ആദ്യ വിക്കറ്റ് കോണ്‍ട്രിബ്യൂഷനാണിത്.

തൊട്ടടുത്ത പന്തില്‍ തന്നെ മാറ്റ് റെന്‍ഷോയെ വിക്കറ്റിന് മുമ്പില്‍ കുടുക്കി ജഡേജ വീണ്ടും ഓസീസിനെ ഞെട്ടിച്ചു.

42ാം ഓവറിലെ അവസാന പന്തില്‍ ജഡേജ ഒരിക്കല്‍ക്കൂടി തന്റെ മാജിക് പുറത്തെടുത്തു. ഇന്‍ ഫോം ബാറ്റര്‍ സ്റ്റീവ് സ്മിത്തിനെ ക്ലീന്‍ ബൗള്‍ഡാക്കിയാണ് ജഡ്ഡു തിരിച്ചുവരവ് റോയലാക്കിയത്.

നിലവില്‍ 42 ഓവര്‍ പിന്നിടുമ്പോള്‍ 109 റണ്‍സിന് അഞ്ച് വിക്കറ്റ് എന്ന നിലയിലാണ് ഓസ്‌ട്രേലിയ.

Content highlight: Australian Fans against Third Umpire

We use cookies to give you the best possible experience. Learn more