| Friday, 9th November 2018, 9:59 am

ലോകകപ്പ് തൊട്ടടുത്ത്; ദുരന്തമുഖത്ത് നിന്ന് കരകയറാനാകാതെ ഓസീസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

സിഡ്‌നി: ക്രിക്കറ്റ് ചരിത്രത്തില്‍ സമാനതകളില്ലാത്ത തകര്‍ച്ചയുടെ കാലഘട്ടത്തിലൂടെയാണ് ഓസ്‌ട്രേലിയ കടന്നു പോകുന്നത്. അഞ്ചുതവണ ലോക കിരീടം നേടിയ ലോകം ഒരുകാലത്ത് ഭയന്നിരുന്ന കങ്കാരുപ്പട പഴയ പ്രതാപത്തിന്റെ നിഴലില്‍ ഒതുങ്ങുകയാണിപ്പോള്‍.

ഏകദിനത്തില്‍ തുടര്‍ച്ചയായ ഏഴുതോല്‍വികള്‍. കിരീടമല്ലാതെ തുടര്‍ച്ചയായ അഞ്ചു പരമ്പരകള്‍. ആറാമത്തെ പരമ്പരയിലും തുടക്കം തോല്‍വിയില്‍ നിന്ന്. ലോകക്രിക്കറ്റിലെ രാജാക്കന്‍മാര്‍ തോല്‍വി ശീലമാക്കിയിരിക്കുകയാണ്.

മഞ്ഞപ്പടയെ ആരാധകരും കൈവിട്ട സാഹചര്യമാണുള്ളത്. ഓരോ മത്സരങ്ങളിലും നിറഞ്ഞുകവിയാറുള്ള പെര്‍ത്തിന്റേയും മെല്‍ബണിന്റേയും ഗ്യാലറിയില്‍ ഇപ്പോള്‍ ആളില്ലാത്ത സാഹചര്യമാണ്.

2018ല്‍ കളിച്ച 11 ഏകദിനങ്ങളില്‍ ഓസീസിന് ജയിക്കാനായത് ഒരേയൊരു ഏകദിനത്തില്‍ മാത്രമാണ്. ബാക്കി പത്തിലും തോറ്റു.

ALSO READ: കെ.ടി. ജലീലിനെ കരിങ്കൊടി കാണിച്ചു; യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍

എന്നാല്‍ ഇതിലും പരിതാപകരമാണ് കഴിഞ്ഞ ഇരുപത് മാസത്തെ കണക്ക് പരിശോധിക്കുമ്പോള്‍ തെളിയുന്നത്. ഈ കാലയളവില്‍ 21 മത്സരം കളിച്ചപ്പോള്‍ രണ്ടെണ്ണത്തില്‍ മാത്രമാണ് ജയിക്കാനായത്. ബാക്കി 17 എണ്ണത്തില്‍ തോറ്റപ്പോള്‍ രണ്ടെണ്ണം ഫലമില്ലാതെ ആയി.

കങ്കാരുക്കളുടെ മോശം പ്രകടനം ഐ.സി.സി. റാങ്കിങിലും പ്രതിഫലിച്ചിട്ടുണ്ട്. ഏറ്റവുമൊടുവിലെ റാങ്കിങ് പ്രകാരം ഓസ്‌ട്രേലിയ ആറാമതാണ്. ഇതിന് മുമ്പ് 1984ലാണ് ടീം ആറാമതെത്തിയത്.

ദക്ഷിണാഫ്രിക്കയ്‌ക്കെതിരെയുള്ള പരമ്പരയിലാണ് ഓസ്‌ട്രേലിയ ഇപ്പോള്‍. അടുത്ത പരമ്പര എതിരാളികള്‍ ഇന്ത്യയാണ്. ഈ നിലയിലാണെങ്കില്‍ ഇന്ത്യയ്‌ക്കെതിരേയും ഓസീസ് വിയര്‍ക്കുമെന്നുറപ്പാണ്.

പന്തുചുരുണ്ടല്‍ വിവാദത്തെ തുടര്‍ന്ന് ടീമിന് പുറത്തായ സ്റ്റീവ് സ്മിത്തും ഡേവിഡ് വാര്‍ണറും ബാന്‍ക്രോഫ്റ്റും ടീമിന് പുറത്തായതോടെ കങ്കാരുക്കളുടെ നട്ടെല്ല് ഒടിഞ്ഞു. ഇതിന് പിന്നാലെ പരിശീലകന്‍ ഡാരന്‍ ലേമാന്റെ രാജി കൂടി ചേര്‍ന്നതോടെ ഓസീസ് പതനം പൂര്‍ണമായി.

ഓസീസിന് പുറമെ ശ്രീലങ്കയും വെസ്റ്റ് ഇന്‍ഡീസ് ടീമുകളും സമാന സാഹചര്യത്തിലൂടെയാണ് പോകുന്നത്. ലോകകപ്പ് പടിവാതിലില്‍ നില്‍ക്കെ നിലവിലെ സാഹചര്യത്തില്‍ നിന്ന് കരകയറിയില്ലെങ്കില്‍ ലോകകപ്പ് പഴയപ്രതാപികള്‍ക്ക് ദുരന്തമാകുമെന്നാണ് സമീപകാല കണക്കുകള്‍ സൂചിപ്പിക്കുന്നത്.

We use cookies to give you the best possible experience. Learn more