2026 ഐ.സി.സി ടി-20 ലോകകപ്പിനുള്ള യൂറോപ്യന്‍ ടീമുകളുടെ യോഗ്യതാ മത്സരത്തില്‍ ഇറ്റലിക്ക് തകര്‍പ്പന്‍ ജയം. കഴിഞ്ഞദിവസം നടന്ന മത്സരത്തില്‍ റൊമാനിയയെ 160 റൺസിനാണ് ഇറ്റലി പരാജയപ്പെടുത്തിയത്.
സിമാര്‍ ക്രിക്കറ്റ് ഗ്രൗണ്ടില്‍ നടന്ന മത്സരത്തില്‍ ടോസ് നേടിയ റൊമാനിയ ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത ഇറ്റലി 20 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 244 റണ്‍സ് എന്ന കൂറ്റന്‍ ടോട്ടലാണ് നേടിയത്. വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ റൊമാനിയ 17.4 ഓവറില്‍ 84 റണ്‍സിന് പുറത്താവുകയായിരുന്നു.
ജോ ബെണ്‍സ് നേടിയ തകര്‍പ്പന്‍ സെഞ്ച്വറിയുടെ കരുത്തിലാണ് ഇറ്റലി മികച്ച ടോട്ടലിലേക്ക് മുന്നേറിയത്. 55 പന്തില്‍ പുറത്താവാതെ 108 റണ്‍സ് നേടി കൊണ്ടായിരുന്നു ബേണ്‍സിന്റെ തകര്‍പ്പന്‍ പ്രകടനം. 196.36 സ്‌ട്രൈക്ക് റേറ്റില്‍ ബാറ്റ് വീശിയ താരം 12 ഫോറുകളും നാല് സിക്‌സുകളും ആണ് നേടിയത്.
ബെണ്‍സ് ഇതിനുമുമ്പ് ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ടീമിന്റെ ഭാഗമായിരുന്നു. ഇതിന് പിന്നാലെ ഒരു ചരിത്ര നേട്ടമാണ് ബേണ്‍സ് സ്വന്തമാക്കിയത്.ഇന്റര്‍നാഷണല്‍ ക്രിക്കറ്റില്‍ രണ്ട് ടീമുകള്‍ക്കും വേണ്ടി പ്രതിനിധീകരിച്ചുകൊണ്ട് സെഞ്ച്വറി നേടുന്ന ചരിത്രത്തിലെ ആറാമത്തെ താരമായി മാറാനാണ് ബേണ്‍സിന് സാധിച്ചത്.
ഫെബ്രുവരിയില്‍ മരണപ്പെട്ട തന്റെ സഹോദരനോടുള്ള ആദരസൂചകമായാണ് ഇറ്റലിയെ പ്രതിനിധീകരിക്കുന്നതെന്ന് ബേണ്‍സ് കുറച്ചുദിവസം മുമ്പേ ക്രിക്കറ്റ് ലോകത്തെ അറിയിച്ചിരുന്നു. അതേസമയം 2014 മുതല്‍ 2020 വരെ ഓസ്ട്രേലിയന്‍ ടെസ്റ്റ് ക്രിക്കറ്റ് ടീമിന്റെ ഭാഗമായിരുന്നു ജോണ്‍ ബേണ്‍സ്. 23 റെഡ് ബോള്‍ മത്സരങ്ങളാണ് ബേണ്‍സ് ഓസ്ട്രേലിയന്‍ ടീമിനൊപ്പം കളിച്ചിട്ടുള്ളത്.
ജസ്റ്റിന്‍ മോസ്‌ക്ക 30 പന്തില്‍ 72 റണ്‍സും നേടി നിര്‍ണായകമായി.ഒമ്പത് ഫോറുകളും നാല് സിക്‌സുകളുമാണ് താരത്തിന്റെ ബാറ്റില്‍ നിന്നും പിറന്നത്. ആന്റണി മോസ്‌ക 18 പന്തില്‍ 31 റണ്‍സും നേടി. രണ്ട് വീതം ഫോറുകളും സിക്‌സുകളുമാണ് ആന്റണി നേടിയത്.
ഇറ്റലിയുടെ ബൗളിങ്ങില്‍ ക്രിഷന്‍ കലുഗമഗെ മൂന്ന് വിക്കറ്റും തോമസ് ജാക്ക് ഡ്രാക്ക, സ്റ്റെഫാനോ ഡി ബാര്‍ട്ടലോമിയോ, ജസ്പ്രീത് സിങ് എന്നിവര്‍ രണ്ട് വിക്കറ്റും ഹാരി മനേന്തി ഒരു വിക്കറ്റും നേടി തകര്‍പ്പന്‍ പ്രകടനം നടത്തിയപ്പോള്‍ റൊമാനിയ തകര്‍ന്നടിയുകയായിരുന്നു.
19 പന്തില്‍ 31 റണ്‍സ് നേടിയ തരണ്‍ജിത് സിങ്ങാണ് റൊമാനിയയുടെ ടോപ് സ്‌കോറര്‍. 26 പന്തില്‍ 17 റണ്‍സ് നേടിയ അഡ്രിയാല്‍ ലാസ്‌കുവാണ് രണ്ടാമത്തെ ഉയര്‍ന്ന സ്‌കോര്‍ നേടിയത്. ബാക്കിയുള്ള താരങ്ങള്‍ക്കൊന്നും തന്നെ പത്തിനു മുകളില്‍ റണ്‍സ് സ്‌കോര്‍ ചെയ്യാന്‍ സാധിച്ചില്ല.
അതേസമയം ഐ.സി.സിയുടെ ഒരു ഫോര്‍മാറ്റിനും ലോകകപ്പ് കളിക്കാന്‍ ഇറ്റലിക്ക് ഇതുവരെ സാധിച്ചിട്ടില്ല. രണ്ട് വര്‍ഷങ്ങള്‍ക്കുശേഷം ഇന്ത്യയിലും ശ്രീലങ്കയിലും വെച്ച് നടക്കുന്ന ടി-20 ലോകകപ്പില്‍ ഇറ്റലി യോഗ്യത നേടുമോ എന്ന് കണ്ടുതന്നെ അറിയണം.
Content Highlight: Australian Cricket Player Joe Burns score Century For Italy Cricket Team