സിഡ്‌നി: ഗൗതം അദാനിയുടെ നിര്‍മാണത്തിലിരിക്കുന്ന കല്‍ക്കരി ഖനിയ്ക്കു ഓസ്‌ട്രേലിയന്‍ സര്‍ക്കാര്‍ നല്‍കിയ പാരിസ്ഥിതികാനുമതി കോടതി റദ്ദാക്കി. ലോക പൈതൃക പട്ടികയില്‍ ഉള്‍പ്പെട്ട ഗ്രെയ്റ്റ് ബാരിയര്‍ റീഫിനും രണ്ട് ജീവിവര്‍ഗത്തിനും കല്‍ക്കരി ഖനി വെല്ലുവിളിയാണെന്നു ചൂണ്ടിക്കാട്ടി പരിസ്ഥിതി പ്രവര്‍ത്തകരാണ് കോടതിയെ സമീപിച്ചത്.
കാര്‍മിക്കല്‍ കോള്‍ മൈന്‍ ആന്റ് റെയില്‍ പ്രോജക്ട് എന്ന ഖനിയുടെ നിര്‍മാണത്തിനാണ് വിധി തിരിച്ചടിയായിരിക്കുന്നത്. ലോകത്തിലെ ഏറ്റവും വലിയ കല്‍ക്കരി ഖനികളിലൊന്നാണിത്. 16 ബില്യണ്‍ ഡോളറാണ് പദ്ധതി ചിലവായി കണക്കാക്കിയിരുന്നത്.
സര്‍ക്കാറിന്റെ അംഗീകാരം കാത്തുകിടക്കുന്നതിനാല്‍ ആദാനി ഗ്രൂപ്പ് അടുത്തിടെ ഖനിയുടെ നിര്‍മാണ പ്രവൃത്തികള്‍ നിര്‍ത്തിവെച്ചിരുന്നു. കോടതി വിധി “സാങ്കേതിക നിയമ പിഴവാണെന്നാണ്” ആദാനി ഗ്രൂപ്പ് പ്രതികരിച്ചത്. പ്രശ്‌നം ഉടന്‍ പരിഹരിക്കാനാകുമെന്ന് ഉറപ്പുണ്ടെന്നും അവര്‍ വ്യക്തമാക്കി.
വംശനാശഭീഷണി നേരിടുന്ന രണ്ട് സ്പീഷീസുകള്‍ക്ക് ഭീഷണിയാണ് ഈ ഖനിയെന്നും പരിസ്ഥിതി പ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടിയിരുന്നു. സര്‍ക്കാര്‍ നല്‍കിയ പാരിസ്ഥിതികാനുമതിയില്‍ യെക്ക സ്‌നിക്ക്, ഓര്‍ണമെന്റല്‍ സ്‌നെയ്ക്ക് എന്നിവയെ സംരക്ഷിക്കണമെന്ന നിബന്ധന ഉള്‍പ്പെടുത്തിയിട്ടില്ലെന്ന് ഫെഡറല്‍ കോടതി വിധിയില്‍ പറയുന്നു. 2014 ജൂലൈയിലാണ് ഓസ്ട്രിലേയിന്‍ പരിസ്ഥിതി മന്ത്രി ഗ്രഗ് ഹണ്ട് അദാനിയുടെ ഖനിക്ക് പാരിസ്ഥിതികാനുമതി നല്‍കിയത്.
മേല്‍പ്പറഞ്ഞ ജീവിവര്‍ഗത്തിനെ ഖനി ഏതുരീതിയില്‍ ബാധിക്കുമെന്നു പരിശോധിച്ചശേഷം എട്ടാഴ്ചയ്ക്കുള്ളില്‍ ഹണ്ട് പാരിസ്ഥിതികാനുമതി പുനപരിശോധിക്കണമെന്ന് പരിസ്ഥിതി ഡിപ്പാര്‍ട്ട്‌മെന്റ് പറഞ്ഞു.
മാകെ കണ്‍സര്‍വേഷന്‍ ഗ്രൂപ്പ് എന്ന പരിസ്ഥിതി സംഘടന ജനുവരിയിലാണ് ഖനിയ്‌ക്കെതിരെ നിയമനടപടിയുമായി മുന്നോട്ടുപോയത്. അഞ്ചുവര്‍ഷം മുമ്പാണ് ഖനി നിര്‍മാണ നടപടികളുമായി അദാനി രംഗത്തെത്തിയത്. അന്നുമുതല്‍ പരിസ്ഥിതി പ്രവര്‍ത്തകരില്‍ നിന്നും എതിര്‍പ്പുനേരിടുകയായിരുന്നു. ഈ എതിര്‍പ്പുകള്‍ മറികടന്നാണ് ഖനിയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്. ഇവിടെനിന്നും ലക്ഷക്കണക്കിന് കല്‍ക്കരി ഇന്ത്യയിലേക്കു കപ്പല്‍മാര്‍ഗം എത്തിക്കാനാണ് പദ്ധതി ലക്ഷ്യമിടുന്നത്.
പരിസ്ഥിതി ഡിപ്പാര്‍ട്ട്‌മെന്റിലെ എതിര്‍പ്പുകാരണം പദ്ധതി അവസാനിക്കുകയൊന്നുമില്ലെന്ന് അദാനിയുടെ വക്താവ് അന്‍ഡ്ര്യൂ പോര്‍ട്ടര്‍ പറഞ്ഞു. ഇന്ത്യയില്‍ ഇരുട്ടില്‍ കഴിയുന്ന നിരവധി കുടുംബങ്ങള്‍ക്ക് വൈദ്യുതി എത്തിക്കുമെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വാഗ്ദാനം പാലിക്കപ്പെടണമെങ്കില്‍ ഈ പ്രോജക്ട് അത്യാവശ്യമാണെന്നാണ് ഇതിനെ അനുകൂലിക്കുന്നവര്‍ പറയുന്നത്.
പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഏറെ താല്‍പര്യമുള്ള കമ്പനിയാണ് ആദാനിയുടേത്. നരേന്ദ്രമോദി ഇന്ത്യയില്‍ അധികാരത്തിലെത്തിയശേഷം അദാനിഗ്രൂപ്പിന്റെ സാമ്പത്തിക രംഗത്ത് വന്‍വളര്‍ച്ചയാണ് കൈവരിച്ചത്. മോദിയുടെ വിദേശസന്ദര്‍ശനങ്ങളിലെല്ലാം അദാനി അദ്ദേഹത്തെ അനുഗമിച്ചത് ഏറെ ചര്‍ച്ചയായിരുന്നു. വിദേശരാജ്യങ്ങളില്‍ അദാനി ഗ്രൂപ്പിനു വേരൂന്നാല്‍ മോദി ഇടപെടലുകള്‍ നടത്തിയെന്നും റിപ്പോര്‍ട്ടുകളുണ്ട്.
ലോകത്തിലെ ഏറ്റവും വലിയ പവിഴപ്പാറയാണ് ഗ്രേറ്റ് ബാരിയര്‍ റീഫ്. 23,00 കിലോമീറ്റര്‍ ഓളം വ്യാപിച്ചു കിടക്കുന്ന ഈ പവിഴപ്പാറ ഓസ്‌ട്രേലിയയിലെ ക്യൂന്‍സ്‌ലാന്‍ിലെ കോറല്‍ സീയിലാണ് സ്ഥിതി ചെയ്യുന്നത്.