അവനാണോ സെലക്ടര്‍? വിടവാങ്ങല്‍ മത്സരത്തിന് തൊട്ടുമുമ്പ് വാര്‍ണറിനെതിരെ പരിശീലകന്‍
Sports News
അവനാണോ സെലക്ടര്‍? വിടവാങ്ങല്‍ മത്സരത്തിന് തൊട്ടുമുമ്പ് വാര്‍ണറിനെതിരെ പരിശീലകന്‍
സ്പോര്‍ട്സ് ഡെസ്‌ക്
Sunday, 31st December 2023, 8:36 am

സിഡ്‌നിയില്‍ നടക്കുന്ന ഓസ്‌ട്രേലിയ – പാകിസ്ഥാന്‍ പരമ്പരയിലെ അവസാന മത്സരത്തോടെ ഇതിഹാസ ഓപ്പണര്‍ ഡേവിഡ് വാര്‍ണര്‍ പാഡഴിക്കുകയാണ്. ഓപ്പണറുടെ റോളില്‍ തന്റെ പിന്‍ഗാമിയായി മാര്‍കസ് ഹാരിസിനെയാണ് വാര്‍ണര്‍ നിര്‍ദേശിച്ചിരിക്കുന്നത്.

എന്നാല്‍ ഈ വിഷയത്തില്‍ തന്റെ അതൃപ്തിയറിയിക്കുകയാണ് ഓസീസ് ഹെഡ് കോച്ച് ആന്‍ഡ്രൂ മക്‌ഡൊണാള്‍ഡ്. ഡേവിഡ് വാര്‍ണര്‍ സെലക്ടറല്ല എന്നായിരുന്നു അദ്ദേഹം പറഞ്ഞത്. ഓപ്പണിങ്ങില്‍ നിരവധി ഓപ്ഷനുകളുണ്ടെന്നും കാമറൂണ്‍ ഗ്രീനും കാമറൂണ്‍ ബന്‍ക്രോഫ്റ്റുമാണ് തന്റെ സെലക്ഷനെന്നും മക്‌ഡൊണാള്‍ഡ് പറഞ്ഞു.

മാറ്റ് റെന്‍ഷോയുടെ പേരും ഇക്കൂട്ടത്തില്‍ പരിഗണനയിലുണ്ടെന്നും ശനിയാഴ്ച മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെ മക്‌ഡൊണാള്‍ഡ് പറഞ്ഞു.

‘ഡേവിഡ് വാര്‍ണര്‍ സെലക്ടറല്ല. അവനൊരിക്കല്‍ മാറ്റ് റെന്‍ഷോയെ നിര്‍ദേശിച്ചെങ്കിലും ഒന്നും സംഭവിച്ചില്ല. എനിക്ക് തോന്നുന്നത് കാമറൂണ്‍ ഗ്രീനും കാമറൂണ്‍ ബന്‍ക്രോഫ്റ്റും മികച്ച ഓപ്ഷനാണ് എന്നാണ്. എന്നാല്‍ ടീം അംഗങ്ങള്‍ ഒരു പേര് നിര്‍ദേശിക്കുകയാണെങ്കില്‍ അത് സ്വീകരിക്കാനും തയ്യാറാണ്.

എന്നിരുന്നാലും ഡേവി (ഡേവിഡ് വാര്‍ണര്‍) പല പേരുകളും ഒഴിവാക്കിയിരുന്നു. ഒടുവില്‍ അവനൊരു പേരുമായി വന്നു. ഞങ്ങള്‍ എല്ലാ താരങ്ങളെയും പരിഗണിക്കും,’ മക്‌ഡൊണാള്‍ഡ് പറഞ്ഞു.

2018ല്‍ അന്താരാഷ്ട്ര റെഡ് ബോള്‍ ഫോര്‍മാറ്റില്‍ അരങ്ങേറ്റം കുറിച്ച താരമാണ് മാര്‍കസ് ഹാരിസ്. എന്നാല്‍ ഇതുവരെ വെറും 14 ടെസ്റ്റ് മാത്രമാണ് അദ്ദേഹം കളിച്ചിട്ടുള്ളത്.

മൂന്ന് അര്‍ധ സെഞ്ച്വറിയടക്കം 25.29 എന്ന ശരാശരിയില്‍ 607 റണ്‍സാണ് ഈ ഇടംകയ്യന്‍ ബാറ്റര്‍ സ്വന്തമാക്കിയത്.

എന്നാല്‍ ലിസ്റ്റ് എ ഫോര്‍മാറ്റില്‍ മോശമല്ലാത്ത പ്രകടനമാണ് താരം പുറത്തെടുത്തത്. 154 മത്സരത്തിലെ 278 ഇന്നിങ്‌സില്‍ നിന്നും 10,343 റണ്‍സാണ് ഹാരിസ് സ്വന്തമാക്കിയത്. 39.62 എന്ന ശരാശരിയിലും 52.80 എന്ന സ്‌ട്രൈക്ക് റേറ്റിലും സ്‌കോര്‍ ചെയ്ത ഹാരിസിന്റെ പേരില്‍ 27 ലിസ്റ്റ് എ സെഞ്ച്വറിയും 43 അര്‍ധ സെഞ്ച്വറിയുമുണ്ട്. 250* ആണ് താരത്തിന്റെ മികച്ച സ്‌കോര്‍.

അതേസമയം, വാര്‍ണര്‍ തന്റെ അവസാന മത്സരത്തിനാണ് സിഡ്‌നിയിലിറങ്ങുന്നത്. സിഡ്‌നിയില്‍ തന്റെ വിടവാങ്ങല്‍ മത്സരം വേണമെന്ന് താരം മാനേജ്‌മെന്റിനോട് ആവശ്യപ്പെട്ടിരുന്നു.

ബോക്‌സിങ് ഡേ ടെസ്റ്റില്‍ മെല്‍ബണില്‍ നിന്നുള്ള താരത്തിന്റെ വിടവാങ്ങല്‍ ഏറെ വൈകാരികമായിരുന്നു. വാര്‍ണറിന്റെ വളര്‍ച്ചയില്‍ ഏറെ നിര്‍ണായകമായ എം.സി.ജിയിലെ വിടവാങ്ങല്‍ നിറകണ്ണുകളോടെയാണ് ആരാധകര്‍ ഏറ്റെടുത്തത്.

കങ്കാരുക്കള്‍ക്കായി 111 ടെസ്റ്റില്‍ നിന്നും 203 ഇന്നിങ്‌സിലാണ് മോഡേണ്‍ ഡേ ലെജന്‍ഡ് ബാറ്റേന്തിയത്. 26 സെഞ്ച്വറിയും 36 അര്‍ധ സെഞ്ച്വറിയും അടക്കം 44.58 എന്ന ശരാശരിയില്‍ 8695 റണ്‍സാണ് വാര്‍ണര്‍ ലോങ്ങര്‍ ഫോര്‍മാറ്റില് നിന്നും നേടിയത്. 2019ല്‍ പാകിസ്ഥാനെതിരെ പുറത്താകാതെ നേടിയ 335 റണ്‍സാണ് താരത്തിന്റെ ഏറ്റവും മികച്ച വ്യക്തിഗത സ്‌കോര്‍.

അതേസമയം, പാകിസ്ഥാനെതിരായ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പയിലെ ആദ്യ രണ്ട് മത്സരങ്ങള്‍ അവസാനിച്ചപ്പോള്‍ ആതിഥേയര്‍ 2-0ന് മുമ്പിലാണ്. ജനുവരി മൂന്നിന് സിഡ്‌നിയില്‍ ആരംഭിക്കുന്ന മൂന്നാം മത്സരവും വിജയിച്ച് പരമ്പര ക്ലീന്‍ സ്വീപ് ചെയ്യാനുള്ള ഒരുക്കത്തിലാണ് ഓസീസ്.

 

Content Highlight: Australian coach Andrew McDonald has refused to accept David Warner’s choice to make Marcus Harris his successor