ഇന്ത്യക്കെതിരായ രണ്ടാം മത്സരത്തില്‍ ഇന്ത്യയുടെ പരീക്ഷയില്‍ തോറ്റുപോയെന്ന് ഓസീസ് കോച്ച് ആന്‍ഡ്രൂ മക്‌ഡൊണാള്‍ഡ്. രണ്ടാം ടെസ്റ്റില്‍ ഇന്ത്യക്ക് വെല്ലുവിളിയാകുമെന്നുറപ്പിച്ചിടത്തുനിന്നാണ് ഓസീസ് ചീട്ടുകൊട്ടാരം പോലെ തകര്‍ന്നതെന്നും അദ്ദേഹം പറഞ്ഞു.
രണ്ടാം ദിവസം 61 റണ്‍സിന് ഒന്ന് എന്ന നിലയില്‍ കളിയവസാനിപ്പിച്ച ഓസീസിന് 48 റണ്‍സ് കൂട്ടിച്ചേര്‍ക്കുന്നതിനിടെ ഒമ്പത് വിക്കറ്റുകളും നഷ്ടപ്പെട്ടു. 113 റണ്‍സ് മാത്രമാണ് രണ്ടാം ഇന്നിങ്‌സില്‍ ഓസീസിന് നേടാന്‍ സാധിച്ചത്. 115 റണ്‍സ് വിജയലക്ഷ്യവുമായി കളത്തിലിറങ്ങിയ ഇന്ത്യ അനായാസം വിജയം സ്വന്തമാക്കുകയും ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫി തിരിച്ചുപിടിക്കുകയുമായിരുന്നു.
ഇതിന് പിന്നാലെയാണ് മക്‌ഡൊണാള്‍ഡ് രംഗത്തെത്തിയത്.
‘ഞങ്ങളുടെ രീതികള്‍ വിമര്‍ശിക്കപ്പെടും, അത് ശരിയാണ്. രണ്ടാം ദിവസത്തിന്റെ അവസാനം ഞങ്ങള്‍ മികച്ച നിലയിലായിരുന്നുവെന്ന് പറയുകയാണെങ്കില്‍ നിങ്ങള്‍ക്ക് മറ്റൊരു ചായ്‌വ് ഉണ്ടായേക്കാം. എന്നാല്‍ ഒരു മണിക്കൂറിനിടെ (മൂന്നാം ദിവസം) ആളുകള്‍ ഭൂതകാലത്തുള്ളതിനെ നോക്കി വിമര്‍ശിക്കാന്‍ തുടങ്ങുകയാണ്.
എന്നാല്‍ മൂന്നാം ദിവസം ഞങ്ങള്‍ ഇന്ത്യയുടെ പരീക്ഷയില്‍ പരാജയപ്പെട്ടു,’ മക്‌ഡൊണാള്‍ഡിനെ ഉദ്ധരിച്ച് അസോസിയേറ്റഡ് പ്രസ് റിപ്പോര്‍ട്ട് ചെയ്തു.
ഓസ്‌ട്രേലിയയുടെ ഗെയിം പ്ലാനില്‍ നിന്നും ചില താരങ്ങള്‍ വ്യതിചലിച്ചുവെന്നും അതാണ് രണ്ടാം ടെസ്റ്റിലെ നാണംകെട്ട തോല്‍വിക്ക് കാരണമായതെന്നും അദ്ദേഹം പറഞ്ഞു.
‘പണ്ട് ടീം പരീക്ഷിച്ച് വിജയിച്ച ഗെയിം പ്ലാനില്‍ നിന്നും ചില താരങ്ങള്‍ അകന്നുപോയി. അതൊരു കൂട്ടായ്മയുടെ ഭാഗമായി സ്വന്തമാക്കേണ്ടതാണ്. നമ്മള്‍ അതിനേക്കാള്‍ മികച്ചവരാകണം. അതാണ് എല്ലാത്തിന്റെയും അടിസ്ഥാനം. ഞങ്ങള്‍ക്കത് സ്വന്തമാക്കിയേ തീരൂ, അതില്‍ നിന്നും ഒഴിഞ്ഞുമാറാന്‍ സാധിക്കില്ല,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ദല്‍ഹിയില്‍ വെച്ച് നടന്ന മത്സരത്തില്‍ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഓസീസ് ഉസ്മാന്‍ ഖവാജയുടെയും പീറ്റര്‍ ഹാന്‍ഡ്‌സ്‌കോംബിന്റെയും തകര്‍പ്പന്‍ ഇന്നിങ്‌സിന്റെ ബലത്തില്‍ 263 റണ്‍സ് നേടിയിരുന്നു.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 262 റണ്‍സിന് പുറത്താവുകയും ഒരു റണ്‍സിന്റെ ലീഡ് ഓസീസിന് നല്‍കുകയുമായിരുന്നു.
ലീഡുമായി രണ്ടാം ഇന്നിങ്‌സ് പുനരാരംഭിച്ച ഓസീസിന് മികച്ച തുടക്കം ലഭിച്ചിരുന്നു. എന്നാല്‍ മൂന്നാം ദിവസം ഓസ്‌ട്രേലിയ അമ്പേ പരാജയപ്പെടുകയായിരുന്നു. വീശിയടിച്ച ജഡേജ കൊടുങ്കാറ്റില്‍ 113 റണ്‍സില്‍ ഓസീസ് നിലംപൊത്തി.
115 റണ്‍സ് ടാര്‍ഗെറ്റുമായി ഇറങ്ങിയ ഇന്ത്യ വിജയം സ്വന്തമാക്കുകയും പരമ്പരയില്‍ 2-0ന് ലീഡ് നേടുകയുമായിരുന്നു.
മാര്‍ച്ച് ഒന്നിനാണ് പരമ്പരയിലെ മൂന്നാം മത്സരം. ഇന്‍ഡോറാണ് വേദി.
Content highlight: Australian coach about India vs Australia 2nd test