| Friday, 1st July 2022, 9:23 am

ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെ നീക്കത്തിനെതിരെ ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സ്; അടിമുടി മാറാനൊരുങ്ങി ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ്

സ്പോര്‍ട്സ് ഡെസ്‌ക്

ബോള്‍ ടാംപറിങ്ങിന്റെ പേരില്‍ സ്ഥാനഭൃഷ്ടനാക്കപ്പെട്ട മുന്‍ ഓസീസ് നായകന്‍ ഡേവിഡ് വാര്‍ണറിനെ പിന്തുണച്ച് നിലവിലെ ടീം ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സ്.

ഡേവിഡ് വാര്‍ണറിനെ ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്നും ആജീവനാന്തം വിലക്കിയ നടപടി അംഗീകരിക്കാനാവില്ലെന്നായിരുന്നു കമ്മിന്‍സിന്റെ അഭിപ്രായം.

‘എനിക്കും എന്റേതായ നിലപാടുകളുണ്ട്. അടിസ്ഥാനപരമായി ഒരാളെ ആജീവനാന്തം വിലക്കുന്ന നടപടി തെറ്റ് തന്നെയാണ്. ആളുകള്‍ക്ക് തങ്ങളുടെ തെറ്റ് മനസിലാക്കാനും തിരുത്താനുമുള്ള അവസരമാണ് നല്‍കേണ്ടത്.

അതുകൊണ്ടുതന്നെ അടിസ്ഥാനപരമായി ഞാനതിനെ എതിര്‍ക്കുന്നു. അദ്ദേഹം മികച്ച ഒരു ക്യാപ്റ്റനാണ്. അദ്ദേഹത്തിന് ഒരു ഉത്തരവാദിത്തം നല്‍കുകയാണെങ്കില്‍ വാര്‍ണര്‍ അത് മികച്ച രീതിയില്‍ തന്നെ പൂര്‍ത്തിയാക്കും,’ കമ്മിന്‍സ് പറഞ്ഞു.

2018ലായിരുന്നു സാന്‍ഡ്‌പേപ്പര്‍ ഗേറ്റ് ഇന്‍സിഡന്റ് എന്ന പേരില്‍ കുപ്രസിദ്ധമായ ബോള്‍ ടാംപറിങ് നടന്നത്. വാര്‍ണറിന് പുറമെ കാമറൂണ്‍ വെന്‍ക്രാഫ്റ്റ്, അന്നത്തെ ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്ത് എന്നിവര്‍ക്കും വിലക്ക് നേരിടേണ്ടി വന്നിരുന്നു.

സ്മിത്തിനെ ക്യാപ്റ്റനാവുന്നതില്‍ നിന്നും രണ്ട് വര്‍ഷത്തേക്കും വാര്‍ണറിനെ ആജീവനാന്ത കാലത്തേക്കുമായിരുന്നു ക്രിക്കറ്റ് ഓസ്‌ട്രേലിയ വിലക്കിയത്. വാര്‍ണറായിരുന്നു സംഭവത്തിന്റെ മാസ്റ്റര്‍ മൈന്‍ഡ് എന്ന് കണ്ടെത്തിയതോടെയാണ് താരത്തെ ആജീവനാന്ത കാലത്തേക്ക് വിലക്കിയത്.

എന്നാല്‍ താരത്തിന്റെ വിലക്ക് പിന്‍വലിക്കാന്‍ ക്രിക്കറ്റ് ഓസ്‌ട്രേലിയക്ക് പലകോണുകളില്‍ നിന്നും സമ്മര്‍ദ്ദമുണ്ടായിരുന്നു. നിരവധി ബി.ബി.എല്‍ ടീമുകള്‍ വാര്‍ണറിന്റെ വിലക്ക് മാറ്റണമെന്ന് ക്രിക്കറ്റ് ഓസ്‌ട്രേലിയയോട് നിര്‍ദേശിച്ചിരുന്നു.

അതേസമയം, വാര്‍ണറിന്റെ വിലക്ക് നീക്കാന്‍ ഓസീസും പദ്ധതിയിടുന്നുണ്ട്. ബി.ബി.എല്ലില്‍ അടിമുടി മാറ്റം വരുത്താനൊരുങ്ങുന്ന ഡ്രാഫ്റ്റ് സിസ്റ്റത്തെയടക്കം മുമ്പില്‍ കണ്ടുകൊണ്ടാണ് ക്രിക്കറ്റ് ഓസ്‌ട്രേലിയ ഇതിനൊരുങ്ങുന്നത്.

വാര്‍ണറിന്റെ നേതൃവിലക്കിനെ സംബന്ധിച്ചുള്ള തീരുമാനം ഉടന്‍ ഉണ്ടായേക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ജൂലൈയില്‍ നടക്കുന്ന ബോര്‍ഡ് മീറ്റിങ്ങിലാവും ഇക്കാര്യത്തിലെ അന്തിമതീരുമാനമെടുക്കുക എന്നാണ് റിപ്പോര്‍ട്ടുകള്‍.

Content highlight: Australian Captain Pat Cummins against Cricket Australia for giving lifetime ban to David Warner

We use cookies to give you the best possible experience. Learn more