| Saturday, 7th January 2023, 1:09 pm

ഉസ്മാൻ ഖവാജയെ ഡബിൾ സെഞ്ച്വറി അടിക്കാൻ സമ്മതിക്കാതെ ഓസിസ് ക്യാപ്റ്റൻ; ചതിയെന്ന് ആരാധകർ

സ്പോര്‍ട്സ് ഡെസ്‌ക്

ഓസ്‌ട്രേലിയ – ദക്ഷിണാഫ്രിക്ക മൂന്നാം ടെസ്റ്റില്‍ വിവാദങ്ങൾ കത്തുകയാണ്. ദക്ഷിണാഫ്രിക്കക്കെതിരെയുള്ള മൂന്നാം ടെസ്റ്റിലെ ആദ്യ ഇന്നിങ്സ് ഡിക്ലയർ ചെയ്യാനുള്ള ഓസിസ് ക്യാപ്റ്റൻ പാറ്റ് കമ്മിൻസിന്റെ തീരുമാനമാണ് വിവാദങ്ങൾക്കും തർക്കങ്ങൾക്കും കാരണം.

മത്സരത്തിൽ ആദ്യ ഇന്നിങ്സിൽ ബാറ്റിങ് തുടരവെ 195 റൺസെടുത്ത് പുറത്താകാതെ നിന്ന ഖവാജയെ അഞ്ച് റൺസ് കൂടിയെടുത്ത് തന്റെ കരിയറിലെ ആദ്യ ഇരട്ട സെഞ്ച്വറി നേടാൻ പാറ്റ് കമ്മിൻസ് അനുവദിച്ചിരുന്നില്ല.

മത്സരത്തില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 475 റണ്‍സ് എന്ന നിലയില്‍ നില്‍ക്കെയാണ് കമ്മിന്‍സ് ഓസീസിന്റെ ആദ്യ ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്തത്. ഈ സമയം ഉസ്മാന്‍ ഖവാജ 368 പന്തില്‍ 19 ഫോറും ഒരു സിക്‌സുമടക്കം നേടി 195 റണ്‍സുമായി ക്രീസിലുണ്ടായിരുന്നു.

രണ്ടോ മൂന്നോ ഓവറുകൾ കൂടി ഓസിസ് ബാറ്റിങ് തുടർന്നിരുന്നെങ്കിൽ ഖവാജക്ക് ഇരട്ട സെഞ്ച്വറി നേടാൻ ഒരുപക്ഷെ സാധിക്കുമായിരുന്നുള്ളൂ. അതിനാൽ തന്നെ കമ്മിൻസിനെതിരെ വലിയ വിമർശനങ്ങളാണ് ആരാധകർ ഉയർത്തുന്നത്. കമ്മിൻസ് ഒരു നല്ല ക്യാപ്റ്റൻ അല്ലെന്ന രീതിയിലും സോഷ്യൽ മീഡിയയിൽ ക്യാമ്പയിൻ നടക്കുന്നുണ്ട്.

എന്നാൽ കമ്മിൻസിനെ ന്യായീകരിച്ചും ഒരു വിഭാഗം ആരാധകർ രംഗത്ത് എത്തിയിട്ടുണ്ട്.

വെളിച്ചക്കുറവും മഴയും മൂലം മത്സരത്തിന്റെ ഭൂരിഭാഗവും നഷ്ടപ്പെട്ടതാണ് സിഡ്‌നിയില്‍ ഖവാജ ഇരട്ട സെഞ്ച്വറി നേടും വരെ ഓസിസിനെ ബാറ്റിങ് തുടറാൻ കമ്മിന്‍സ് അനുവദിക്കാതിരുന്നതിന് കാരണം എന്നാണ് ഒരു വിഭാഗം ആരാധകർ വാദിക്കുന്നത്.

ഖവാജയും സ്റ്റീവ് സ്മിത്തും നേടിയ സെഞ്ച്വറികളുടെ കരുത്തിലാണ് ഓസിസ് 475 റൺസ് എടുത്തത്. സ്മിത്ത് 104 റൺസെടുത്ത് പുറത്തായി.


അതേസമയം മത്സരം നാലാം ദിനത്തിൽ എത്തി നിൽക്കേ ആറ് വിക്കറ്റിന് 149റൺസാണ് ദക്ഷിണാഫ്രിക്കയുടെ സമ്പാദ്യം.
മൂന്ന് മത്സര പരമ്പര ഓസിസ് 2-0 ത്തിന് മുന്നിലാണ്.

Content Highlights:australian captain not allowing Usman Khawaja to hit double century; Fans say cheating

We use cookies to give you the best possible experience. Learn more