| Tuesday, 20th September 2022, 1:23 pm

'രാജകുടുംബത്തിലെ പ്രായപൂര്‍ത്തിയാകാത്ത ആരെങ്കിലുമായിരിക്കും'; ബ്രിട്ടീഷ് പ്രധാനമന്ത്രിയെ തിരിച്ചറിയാതെ ഓസ്‌ട്രേലിയന്‍ ചാനല്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

മെല്‍ബണ്‍: ബ്രിട്ടന്റെ പ്രധാനമന്ത്രി ലിസ് ട്രസിനെ തിരിച്ചറിയാതെ വാര്‍ത്ത വായിച്ച് ഓസ്‌ട്രേലിയന്‍ ചാനല്‍.

തിങ്കളാഴ്ച നടന്ന എലിസബത്ത് രാജ്ഞിയുടെ ശവസംസ്‌കാര ചടങ്ങിനായി ലിസ് ട്രസ് ലണ്ടനിലെ വെസ്റ്റ് മിന്‍സ്റ്റര്‍ അബെയിലെത്തിയതിന്റെ തത്സമയ സംപ്രേക്ഷണം കാണിക്കുന്നതിനിടെയാണ് ഓസ്‌ട്രേലിയന്‍ ബ്രോഡ്കാസ്റ്റര്‍മാര്‍ പ്രധാനമന്ത്രിയെ തിരിച്ചറിയാതെ പോയത്.

ചാനല്‍ 9ലെ പീറ്റര്‍ ഓവര്‍ടണ്‍ (Peter Overton) ട്രേസി ഗ്രിംഷോ (Tracy Grimshaw) എന്നീ ടെലിവിഷന്‍ അവതാരകരാണ് ലിസ് ട്രസിനെ തിരിച്ചറിയാതിരുന്നത്.

നിരവധി രാജ്യങ്ങളുടെ നേതാക്കന്മാര്‍ കഴിഞ്ഞ ദിവസം നടന്ന എലിസബത്ത് രാജ്ഞിയുടെ ശവസംസ്‌കാര ചടങ്ങില്‍ പങ്കെടുത്തിരുന്നു. ഇതിന്റെ ലൈവ് ടെലികാസ്റ്റിനിടെയായിരുന്നു സംഭവം.

കാറില്‍ നിന്നും പുറത്തേക്കിറങ്ങി നടന്ന ലിസ് ട്രസിനെ അവതാരകര്‍ക്ക് തിരിച്ചറിയാന്‍ സാധിച്ചില്ല. തന്റെ ഭര്‍ത്താവ് ഹഗ് ഓലിയറിക്കൊപ്പമായിരുന്നു ലിസ് ട്രസ് എത്തിയത്.

”ഇതാരാണ്, തിരിച്ചറിയാന്‍ പറ്റുന്നില്ലല്ലോ. ചിലപ്പോള്‍ രാജകുടുംബത്തിലെ പ്രായപൂര്‍ത്തിയാകാത്ത ഏതെങ്കിലുമൊരു അംഗമായിരിക്കും. എനിക്ക് തിരിച്ചറിയാന്‍ പറ്റുന്നില്ല,” എന്നാണ് ലിസ് ട്രസിന്റെ വീഡിയോക്ക് അവതാരകര്‍ കമന്ററി പറയുന്നത്.

ഇതിന്റെ വീഡിയോ ദൃശ്യങ്ങളും ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. അബദ്ധം തിരിച്ചറിഞ്ഞ അവതാരകര്‍ തന്നെയാണ് വീഡിയോ പുറത്തുവിട്ടത്.

”ആ നിഗൂഢ അതിഥി യഥാര്‍ത്ഥത്തില്‍ യു.കെ പ്രധാനമന്ത്രി ലിസ് ട്രസ് തന്നെയായിരുന്നു,” എന്നാണ് പീറ്റര്‍ ഓവര്‍ടണ്‍ പ്രതികരിച്ചത്.

അതേസമയം ഇന്ത്യയില്‍ നിന്നും പ്രസിഡന്റ് ദ്രൗപദി മുര്‍മുവായിരുന്നു എലിസബത്ത് രാജ്ഞിയുടെ ശവസംസ്‌കാര ചടങ്ങില്‍ പങ്കെടുത്തത്.

ഇക്കഴിഞ്ഞ സെപ്റ്റംബര്‍ ആറിനായിരുന്നു ബ്രിട്ടന്റെ പുതിയ പ്രധാനമന്ത്രിയായി ലിസ് ട്രസ് അധികാരമേറ്റത്.

Content Highlight: Australian Broadcasters failed to identify British PM Liz Truss

We use cookies to give you the best possible experience. Learn more